വഞ്ചിപ്പാട്ടില്‍ ആറന്മുളയുടെ ആധിപത്യം

Tuesday 9 January 2018 11:27 pm IST

തൃശൂര്‍:വഞ്ചിപ്പാട്ടില്‍ ആറന്മുള ശൈലിയുടെ തേരോട്ടം. ആവേശവും, ആരവവും, ഊര്‍ജവും പകരുന്ന കുട്ടനാടന്‍ ശൈലിയോടല്ല, ഭക്തിപ്രധാനമായ ആറന്മുള ശൈലിയാണ് കുട്ടികള്‍ക്ക് പ്രിയം. ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ടില്‍ മത്സരിച്ച 22 ടീമുകളില്‍ 15 ടീമുകളും ആറന്മുള ശൈലി തെരഞ്ഞെടുത്തു. 

കേരളത്തിന്റെ തനതു കലയായ വഞ്ചിപ്പാട്ട് സ്‌കൂള്‍ കലോത്സവ ഇനമായിട്ട് ആറ് വര്‍ഷം മാത്രമെ ആയിട്ടുള്ളു. കുട്ടനാടന്‍ശൈലി, ആറന്മുള, വച്ചുപാട്ട് എന്നീ മൂന്ന് ശൈലികളാണ് വഞ്ചിപ്പാട്ടിലുള്ളത്. വച്ചുപാട്ട് ശൈലിയില്‍ ആരും മത്സരിക്കാനെത്തിയില്ല. മലയാള, താള പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായ വഞ്ചിപ്പാട്ടില്‍ ആണ്‍, പെണ്‍ വേര്‍തിരിവില്ലാതായിരുന്നു മത്സരം. കുട്ടനാടന്‍ ശൈലിയില്‍ നതോന്നത വൃത്തത്തില്‍ പാട്ടുപാടുമ്പോള്‍ ആവേശം വിതറുമെങ്കിലും പഠിച്ചെടുക്കാന്‍ സമയമേറെ വേണം, അതാണ് ആറന്മുളയെ നെഞ്ചേറ്റാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്.  

വിളക്കു കത്തിച്ചു വച്ച് ശ്രീകൃഷ്ണ വിഗ്രഹത്തെ സാക്ഷിയാക്കി പാടുന്ന ആറന്മുള ശൈലിക്ക് ദൃശ്യഭംഗിയുമേറും. താളം, ശ്രുതി, വായ്ത്താരി, അക്ഷരസ്ഫുടത, സംഘ പ്രകടനം എന്നിവയാണ് വഞ്ചിപ്പാട്ടിന്റെ ആത്മാവ്. മത്സരിച്ച 22 ടീമുകളില്‍ 18 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.