കൈയേറ്റക്കാര്‍ക്കെതിരെ നടപടി; ഹൈക്കോടതി വിധി അട്ടിമറിച്ചു

Wednesday 10 January 2018 2:50 am IST

കൊച്ചി: കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഭൂമി തിരിച്ച് പിടിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബി അട്ടിമറിച്ചു. വിധി വന്ന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  1977 ജനുവരി ഒന്നിന് ശേഷമുള്ള എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. തിരുവാങ്കുളത്തെ നേച്ചര്‍ ലൗവേഴ്‌സ് മൂവ്‌മെന്റ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രധാനമായ വിധി ഹൈക്കോടതി പ്രഖ്യാപിച്ചത്. 

2015ലാണ് ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാനുതകുന്ന വിധിയുണ്ടായത്. 2015 സപ്തംബര്‍ മാസത്തിലെ വിധിയില്‍ കൈയേറ്റക്കാര്‍ക്ക് ആറ് മാസത്തിനകം നോട്ടീസ് നല്‍കണമെന്നും ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി, സിബിഐ, റവന്യൂവകുപ്പ്, വനംവകുപ്പ്, കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ക്ക് കോടതി പേരെടുത്ത് പറഞ്ഞാണ് വിധിപ്പകര്‍പ്പ് നല്‍കിയത്. ഇടുക്കിയിലെ മതികെട്ടാന്‍ ചോല കൈയേറ്റം ഉള്‍പ്പെടെയുള്ള ഭൂമി ഇടപാടുകളില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

രണ്ട് വര്‍ഷം പിന്നിടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.  മാത്രമല്ല, ഏറെ സങ്കീര്‍ണ്ണവും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ഭൂമി കൈയേറ്റങ്ങള്‍ സിബിഐക്ക് കൈമാറാനും ഒരുക്കമല്ല.  വിധി പരസ്യമായി അട്ടിമറിക്കുന്ന സമീപനവുമായാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇടുക്കിയില്‍ വലുതും ചെറുതും ഉള്‍പ്പെടെ 226 കൈയേറ്റക്കാരുണ്ടെന്ന് ആറ് മാസം മുന്‍പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. ഈ കൈയേറ്റക്കാരെ  സംരക്ഷിക്കാന്‍ നിയമം ഉണ്ടാക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നത്. 

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി വെട്ടിക്കുറയ്ക്കുമെന്ന് രേഖാമൂലം സര്‍ക്കാര്‍ വ്യക്തമാക്കിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. 2015ലെ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യത്തിന് പൊതുപ്രവര്‍ത്തകര്‍ കേസ് ഫയല്‍ ചെയ്താല്‍ പിണറായി സര്‍ക്കാര്‍ കുടുങ്ങും.കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെയുള്ള പ്രദേശത്ത് 1977ന് ശേഷം നടന്ന കൈയേറ്റങ്ങള്‍ക്ക് വനംവകുപ്പും റവന്യൂ വകുപ്പും ഒരേപൊലെ കുറ്റക്കാരാണെന്നിരിക്കെയാണ് ഇപ്പോഴത്തെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൈയേറ്റക്കാര്‍ക്കനുകൂലമായി നിലപാട് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയം.

അഞ്ജു. ആര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.