സിഖ് വിരുദ്ധകലാപത്തില്‍ സുപ്രീംകോടതിയുടെ പുനരന്വേഷണം

Wednesday 10 January 2018 6:05 pm IST

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് ദല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപം വീണ്ടും അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കലാപവുമായി ബന്ധപ്പെട്ട 186 കേസുകളില്‍ പുനരന്വേഷത്തിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതിനായി മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ അന്വേഷണം അവസാനിപ്പിച്ചതാണ് ഈ കേസുകളെല്ലാം.

   അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ നല്‍കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജി തലവനാകുന്ന സമിതിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ഡിവൈചന്ദ്രചൂഡ് എന്നിവര്‍ വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട 241 കേസുകളില്‍ 186 എണ്ണവും ഒരന്വേഷണവുമില്ലാതെയാണ് അവസാനിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിയോഗിച്ചിരുന്ന നിരീക്ഷണസമിതിയാണ് ഇത് കണ്ടെത്തിയത്.

  സുപ്രീം കോടതി വിധി കോണ്‍ഗ്രസിന് കനത്തയടിയാണ്. ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍കുമാര്‍ എന്നിവരടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കലാപത്തില്‍ പങ്കുണ്ട്. കലാപത്തില്‍ ആയിരക്കണക്കിന് സിഖുകാരെയാണ് കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. കൂട്ടക്കൊലയെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ന്യായീകരിച്ചത് വലിയ വിവാദമായിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു രാജീവിന്റെ പ്രതികരണം. ദല്‍ഹിയില്‍ മാത്രം 2733 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 84ലെ കൂട്ടക്കൊല ഇതിനകം 12 കമ്മീഷനെങ്കിലും അന്വേഷിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.