ആയുഷിന്റെ അടിയന്തര ഇടപെല്‍; പൂജപ്പുര ആയുര്‍വേദ ഗവേഷണകേന്ദ്രം ലോക നിലവാരത്തിലേക്ക്

Thursday 11 January 2018 2:45 am IST

തിരുവനന്തപുരം: പൂജപ്പുര ആയുര്‍വേദ ഗവേഷണകേന്ദ്രത്തിന് പുനര്‍ജന്മമേകി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍. ആയുര്‍വേദ ജീവിതശൈലിരോഗ ഗവേഷണ പദവയില്‍ നിന്ന് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയുര്‍വേദ റിസര്‍ച്ച് സെന്ററാക്കുന്നു.

 നാലുപതിറ്റാണ്ടിലധികമായ  ആയുര്‍വേദ ഗവേഷണകേന്ദ്രം  തളര്‍വാതം പിടിപെട്ട അവസ്ഥയിലായിരുന്നു. അടിയന്തര പഞ്ചകര്‍മചികിത്സ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിക്രമങ്ങളാണ് ആയുഷ്മന്ത്രാലയം ആരംഭിച്ചത്. സെന്ററിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആയുഷ്മന്ത്രി ശ്രീപദ്‌നായികിനെ ഒ. രാജഗോപാല്‍ എംഎല്‍എ കഴിഞ്ഞആഴ്ച നേരില്‍ കണ്ടിരുന്നു. 

ആയുര്‍വേദ ഗവേഷണത്തിന് പ്രാധാന്യം നല്‍കിയായിരിക്കും കേന്ദ്രത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക. അലോപ്പതി രംഗത്ത് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ പോലെ പൂജപ്പുരയിലെ കേന്ദ്രത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. ആയുര്‍വേദത്തിലെ എല്ലാ മരുന്നുകളും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ സാധിക്കുന്നില്ല. ഗവേഷണങ്ങളിലൂടെ ഇതിന് മാറ്റംവരുത്താനും ആയുര്‍വേദത്തെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിചയപ്പെടുത്താനും സാധിക്കണം. ഇതിനാണ് എക്‌സലെന്‍സ് ആയുര്‍വേദ റിസര്‍ച്ച് സെന്റ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

അടിസ്ഥാന വികസനത്തിന് 15 കോടിരൂപ അടിയന്തരമായി അനുവദിക്കും. ജനറല്‍വിഭാഗം, കണ്ണ്, കുട്ടികളുടെ വിഭാഗം ഒപി കളാണ് പ്രവര്‍ത്തിക്കുന്നത്. ഉത്കൃഷ്ടപദവിയിലേക്ക് ഉയര്‍ത്തുന്നതോടെ എല്ലാ വിഭാഗത്തിലെയും ഒപിയാകും. 30 കിടക്കകളാണുള്ളത്. ഇത് നൂറാക്കും. ഫാര്‍മസി യൂണിറ്റ്, പഞ്ചകര്‍മ തിയേറ്റര്‍ കോംപ്ലക്‌സ്, ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, പ്രിവന്റീവ് ആന്റ് പാലിയേറ്റീവ് കെയര്‍, അഡ് വാന്‍സ്ഡ് നഴ്‌സിംഗ് കെയര്‍വിഭാഗം തുടങ്ങിയവ സജ്ജീകരിക്കണം. ചെറുതുരുത്തി നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മയാണ് ആയുഷിന്റെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ഥാപനം. 

നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് മാസത്തില്‍ കേന്ദ്രത്തെ എക്‌സലന്‍സ് റിസര്‍ച്ച് സെന്റര്‍ ആക്കി പ്രഖ്യാപിക്കും. 

അജി ബുധന്നൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.