മകരവിളക്ക് ദിനത്തില്‍ മലകയറ്റത്തിന് നിയന്ത്രണം

Thursday 11 January 2018 2:45 am IST

തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പതിനെട്ടാംപടിക്ക് താഴെ  സംരക്ഷണ മേഖലയില്‍ ഉള്‍പ്പെടെ ഭക്തരെ കയറ്റി നിര്‍ത്തിയിരിക്കുന്നു. 

ശബരിമല: മകരസംക്രമ പൂജയും ജ്യോതിദര്‍ശനവും നടക്കുന്ന 14ന് മലകയറ്റത്തിനും ദര്‍ശനത്തിനും നിയന്ത്രണം . ഉച്ചയ്ക്ക് 1.47-നാണ് മകരസംക്രമ പൂജ. അതിനുശേഷം ശ്രീകോവിലും തിരുമുറ്റവും കഴുകിവൃത്തിയാക്കും. ഉച്ചയ്ക്ക് 12ന് പൂജകള്‍ ആരംഭിക്കും. ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ചപൂജ, ഇതിനുശേഷം സംക്രമാഭിഷേകം. 

തിരുവാഭരണ ഘോഷയാത്ര കടന്നു പോകാന്‍  ഉച്ചയ്ക്ക്‌ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക്  മലകയറ്റം തടയും. ജ്യോതിദര്‍ശനത്തിന് ശേഷമെ പിന്നീട് കടത്തിവിടൂ. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കുന്നതുവരെ ആരെയും പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. 

സന്നിധാനത്ത് ഭക്തര്‍ ജ്യോതിദര്‍ശനം നടത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഒരുക്കങ്ങള്‍ ആരംഭിച്ചു. പാണ്ടിത്താവളം, മാളികപ്പുറം, പുതിയ അന്നദാനമണ്ഡപം, ഇന്‍സിനറേറ്റര്‍, പാലാഴി, മാവുണ്ട അയ്യപ്പനിലയം കൊപ്രാക്കളം, കെഎസ്ഇബി, ഫോറസ്റ്റ് ഓഫീസ്, ശരംകുത്തി ഹെലിപ്പാഡ്, ശബരി പീഠത്തിന് സമീപം വനമേഖല, തുടങ്ങിയ സ്ഥലങ്ങളിലാണ് ജ്യോതി കാണാന്‍ സാധിക്കുന്നത്. പമ്പസദ്യയും പമ്പവിളക്കും 13നാണ്.  

മകരവിളക്കിന് മൂന്നു ദിവസം മാത്രം അവശേഷിക്കെ സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുകയാണ്. മകരവിളക്ക് സുരക്ഷയ്ക്കുള്ള പുതിയ പോലീസ് ബാച്ച് ചുമതലയേറ്റു. 18 ഡിവൈഎസ്പി, 38 സിഐ, 126 എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ 1575 പോലീസുകാരാണ് ചുമതലയേറ്റത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.