റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിക്കല്‍ തട്ടിപ്പ്

Thursday 11 January 2018 2:45 am IST

കോട്ടയം: സുഗമമായ റേഷന്‍ വിതരണത്തിന് സര്‍ക്കാരിനും  താത്പര്യമില്ലെന്നുറപ്പായി. റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍  ഇ-പോസ് മെഷീന്‍ (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) സ്ഥാപിക്കുന്ന നടപടി വെറും തട്ടിപ്പാകുന്നു.

സംസ്ഥാനത്തെ  14,339 റേഷന്‍കടകൡ ഇതുവരെ ഇ-പോസ് മെഷീന്‍ സ്ഥാപിച്ചത് 60 എണ്ണത്തില്‍ മാത്രം. കരുനാഗപ്പള്ളി താലൂക്കിലെ 210 കടകളില്‍ ഉദ്ഘാടന ദിവസം സ്ഥാപിച്ച 60 എണ്ണമാണത്. അതും ത്രാസുമായി ബന്ധിപ്പിക്കാതെ. മെഷീന്‍ വെച്ച  കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍  കാര്‍ഡുടമകള്‍ ഒരു രൂപ അധികം  നല്‍കണം. ഈ തുകയില്‍ നിന്നാണ് റേഷന്‍ വ്യാപാരികള്‍ക്ക് വേതനം നല്‍കുക. 16,500 രൂപയാണ് മിനിമം വേതനം.

മുഴുവന്‍ റേഷന്‍ കടകളിലും  ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കാന്‍  സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന സമയം മാര്‍ച്ച് മുപ്പതാണ്. പൂര്‍ത്തിയായില്ലെങ്കില്‍ റേഷന്‍ തന്നെ നഷ്ടപ്പെടും. എന്നാല്‍ അതിന് അനുസൃതമായ  വേഗത സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കില്ല. റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കാനും  സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങിയിട്ടു പോലുമില്ല.

ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി തൂക്കി നല്‍കുന്നില്ലെന്ന പരാതിയും വ്യാപാരികള്‍ക്കുണ്ട്. ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യം തൂക്കി, കയറ്റിയിറക്ക് കൂലിയും കൊടുത്ത് കടകളില്‍ എത്തിക്കാനാണ് സപ്ലൈക്കോ കരാര്‍. എന്നാല്‍ കൃത്യമായി  തൂക്കിനല്‍കാന്‍ പല ഗോഡൗണുകളിലും കരാറുകാര്‍ തയാറാകുന്നില്ല. ഗോഡൗണുകളില്‍ നിന്ന് കയറ്റിവിടുന്ന 50 കിലോ അരിച്ചാക്ക് കടകളിലെത്തി തൂക്കി നോക്കുമ്പോള്‍ രണ്ട് മുതല്‍ നാല് വരെ കിലോഗ്രാം തൂക്കക്കുറവാണ്. ഇ-പോസ് മെഷീന്‍ സ്ഥാപിക്കുമ്പോള്‍ ഭക്ഷ്യധാന്യത്തിന്റെ അളവ് കൃത്യമായിരിക്കണം. അല്ലെങ്കില്‍ കുറവ് വരുന്ന ധാന്യത്തിന്റെ പണം വ്യാപാരി നല്‍കേണ്ടിവരും.

റേഷന്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യാനുള്ളത് രണ്ടുകോടിയോളം പേരാണ്. ഇ-പോസ് മെഷീന്‍ ശരിയായ നിലയില്‍ ഉപയോഗപ്രദമാകണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. മുന്‍ഗണനാപട്ടിക ഇനിയും പൂര്‍ണ്ണമായിട്ടില്ല. അനര്‍ഹര്‍ ഇപ്പോഴും ലിസ്റ്റില്‍ നിലനില്‍ക്കുകയാണ്. ഇവരെ നീക്കം ചെയ്യുന്ന നടപടികളും മന്ദഗതിയിലാണ്.

 

വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കാനുള്ളത് കോടികള്‍

കോട്ടയം: ട്രഷറി നിയന്ത്രണത്തിന്റെ പേരില്‍  ജൂണ്‍ മുതല്‍ റേഷന്‍ വിതരണ കമ്മീഷന്‍ വ്യാപാരികള്‍ക്ക് നല്‍കുന്നില്ല. ഈ ഇനത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യാനുള്ളത് 70 കോടിയോളം രൂപയാണ്. 

കെ.ഡി. ഹരികുമാര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.