നാണക്കേടിന്റെ ആകാശയാത്ര

Thursday 11 January 2018 2:45 am IST

ഓഖി ദുരിതബാധിതര്‍ക്ക് സഹായമാകേണ്ട ഫണ്ട് ആകാശ യാത്രയ്ക്ക് ഉപയോഗിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം, നടപടിയേക്കാള്‍ നാണംകെട്ടതായി. പണം വകമാറ്റി ചെലവഴിച്ചത് അപാകതയായി കാണാന്‍ കഴിയില്ലെന്നും, മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വകാര്യ ഹെലികോപ്റ്റര്‍ ഉപയോഗിച്ച മുഖ്യമന്ത്രി കേരളത്തെയാണ് നാണം കെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രയ്ക്ക് ദുരിത നിവാരണ ഫണ്ടില്‍നിന്ന് പണമനുവദിക്കാനുള്ള മാപ്പര്‍ഹിക്കാത്ത കുറ്റം ഉദ്യോഗസ്ഥ വീഴ്ചയായി ചുരുക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ശ്രമിക്കുന്നത്. തങ്ങളറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന ന്യായമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഉത്തരവിന്റെ കോപ്പി മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫീസുകള്‍ക്ക് നല്‍കിയെന്ന വസ്തുതയും പുറത്തു വന്നതോടെ ഇവര്‍ പകല്‍ വെളിച്ചത്തില്‍ നഗ്നരായിരിക്കുകയാണ്. 

ഡിസംബര്‍ 26 ന് തൃശൂരിലെ സിപിഎം പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയാണ് തിരുവനന്തപുരത്തേക്ക് സ്വകാര്യ ഹെലികോപ്റ്ററില്‍ പറന്നത്. ഇതിനാവശ്യമായ തീരുമാനമെടുത്തതും സ്വകാര്യ ഹെലികോപ്റ്റര്‍ കമ്പനിയുമായി യാത്രാ കൂലിയിനത്തില്‍ വില പേശിയതും 13 ലക്ഷം രൂപ എട്ടു ലക്ഷമാക്കി ചുരുക്കിയതും പോലീസ് ഡിജിപിയുടെ  അറിവോടുകൂടിയാണെന്നതും പുറത്തുവന്നിരിക്കുന്നു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ നാണക്കേടില്‍നിന്നു രക്ഷപ്പെടാന്‍ ബലിയാടുകളെ കണ്ടെത്താനാണ് ശ്രമം.

ഈ പണം പാര്‍ട്ടിക്ക് തിരിച്ചടയ്ക്കാന്‍ കഴിവുണ്ടെന്ന വീമ്പുപറച്ചിലിലൂടെ മന്ത്രി കടകംപള്ളി നാണക്കേടിന്റെ വ്യാപ്തി കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍  ഓഖി ദുരന്തത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാന്‍ പൊതുസമൂഹം കയ്യയച്ച് നല്‍കിയ സംഭാവന മുഖ്യമന്ത്രി വകമാറ്റി ചെലവഴിച്ചതും ദുരുപയോഗിച്ചതും അഴിമതിയല്ലെങ്കില്‍ പിന്നെ എന്താണ്? ഇംഗ്ലീഷ് പത്രങ്ങളില്‍ കോടികള്‍ ചെലവാക്കി പരസ്യം നല്‍കിക്കൊണ്ടാണ് പിണറായി വിജയന്‍ തന്റെ മുഖ്യമന്ത്രി വേഷത്തിന് തുടക്കം കുറിച്ചത്.  പൊതുഖജനാവിലെ പണം തങ്ങളുടെ ഇഷ്ടംപോലെ ചെലവഴിക്കാമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഒരു മന്ത്രി 28,000 രൂപ ചെലവാക്കി കണ്ണട വാങ്ങുന്നു.  മറ്റൊരു മന്ത്രി ഭൂമി കയ്യേറിയതിന്റെ പേരില്‍ രാജി വച്ചൊഴിയേണ്ടി വരുന്നു. സ്വന്തക്കാര്‍ക്ക് വഴിവിട്ട് സഹായം നല്‍കിയതിന് മറ്റൊരു മന്ത്രിക്കും പുറത്തുപോകേണ്ടിവന്നു.  ഒരു എംഎല്‍എയാകട്ടെ എല്ലാവിധ ചട്ടങ്ങളും ലംഘിച്ച് പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്ത് പാര്‍ക്ക് നടത്തി പണമുണ്ടാക്കുന്നു.  ഈ സംഘത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ദുരിതാശ്വാസ ഫണ്ട് വക മാറ്റി ആകാശ യാത്ര നടത്തി പാര്‍ട്ടി വളര്‍ത്തുന്നു. മുതലാളിത്തത്തിന്റെ വൈകൃതങ്ങളെപ്പോലും നാണിപ്പിക്കുന്ന ഭരണ വ്യവഹാരങ്ങളാണ് ഇടത് പക്ഷമെന്ന് മേനി നടിക്കുന്ന മന്ത്രിസഭയുടെ  തൊപ്പിയിലെ തൂവലുകളായി മാറുന്നത്.  

മുഖ്യമന്ത്രിയാവാന്‍ ദല്‍ഹിയില്‍നിന്ന് പറന്നുവന്ന എ.കെ ആന്റണിക്ക് വിമാന യാത്രക്കൂലി നല്‍കാന്‍ എഐസിസി തയാറായിരുന്നില്ല. കെപിസിസിയ്ക്കുവേണ്ടി ഒരു നേതാവ് മുന്നിട്ടിറങ്ങി പിരിവെടുത്താണ് യാത്രക്കൂലി നല്‍കിയത്. ആ വകയില്‍ ഒരു എം.പി സ്ഥാനവും അത്യാവശ്യം ഫണ്ടും സ്വന്തമായി തരപ്പെടുത്തിയ പാരമ്പര്യവും ഈ നേതാവിനുണ്ട്. ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല തങ്ങളെന്ന് ഇടതുപക്ഷവും തെളിയിക്കുന്നു. ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റം ചുമത്തി ഉത്തരവാദപ്പെട്ടവര്‍ തലയൂരുന്നു. അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിച്ചുകൊണ്ട് ഭരണം നടത്തുന്നവര്‍ ദുരിതത്തിലാണ്ട ജനവിഭാഗത്തിന്റെ പിച്ചച്ചട്ടിയിലാണ് കയ്യിട്ടുവാരുന്നത്. ഈ മൂല്യത്തകര്‍ച്ചയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്. ഭരണ രീതികളും നടപടികളും സുതാര്യവും സംശുദ്ധവുമാകണം.  ഇതിന് കടകവിരുദ്ധമായി പൊതുപണം ദുരുപയോഗിച്ച മുഖ്യമന്ത്രി കേരളത്തോട് മാപ്പു പറയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.