ബൽറാമിന് വിമർശനം ; ഗൗരിയമ്മയോട് മൗനം

Thursday 11 January 2018 2:45 am IST

അവിവാഹിതയായ ഒരു വനിതാ സഖാവ് ഗര്‍ഭവതിയാവുകയും, അത് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ വിവാദമാവുകയും ചെയ്തു. ഇതിനുത്തരവാദി പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയാണെന്ന് ഈ വനിത അവകാശപ്പെട്ടു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിറ്റി,  നേതാവ് കുറ്റക്കാരനല്ലെന്നു മാത്രമല്ല, വനിതാ സഖാവ് ഗര്‍ഭവതിയല്ലെന്നും കണ്ടെത്തി. പക്ഷേ ഏഴ് മാസം കഴിഞ്ഞപ്പോള്‍ വനിത ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ക്ഷുഭിതരായ നേതാക്കള്‍ യുവതിയെ 'അച്ചടക്കം ലംഘിച്ചതിന്' പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

സിപിഎം അച്ചടക്ക നടപടിയെടുത്ത് പുറത്താക്കുകയും, സ്വന്തം പാര്‍ട്ടിയുണ്ടാക്കി അവസാനംവരെ സിപിഎമ്മിനോട് പൊരുതുകയും ചെയ്ത ട്രേഡ് യൂണിയന്‍ നേതാവ് വി.ബി. ചെറിയാന്‍ ഒരു ടിവി ചാനലിനോട് പറഞ്ഞ കഥയാണിത്. നേതാക്കളുമായി ബന്ധപ്പെട്ട സദാചാര വിഷയങ്ങളില്‍ സിപിഎം സ്വീകരിക്കുന്ന നിലപാടുകളുടെ പരിഹാസ്യത ഇതിനേക്കാള്‍ ഭംഗിയില്‍ മറ്റാരെങ്കിലും ചിത്രീകരിച്ചിട്ടുള്ളതായി അറിവില്ല.

എന്നാല്‍ അദ്ഭുതകരമെന്നു പറയട്ടെ, ഇത്തരം അപഹാസ്യമായ നിലപാടുകള്‍ മുന്‍കാല പ്രാബല്യത്തോടെ സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിന് തെളിവാണ് പാര്‍ട്ടി ആചാര്യനായിരുന്ന എ.കെ. ഗോപാലനും, വയലാര്‍ സമരനായകന്‍ സി.കെ. കുമാര പണിക്കരുടെ മരുമകള്‍ സുശീലയുമായി വിവാഹത്തില്‍ കലാശിച്ച പ്രണയത്തെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള സിപിഎം നേതാക്കളുടെ പ്രതികരണങ്ങളും, അക്രമാസക്തമായ പ്രതിഷേധങ്ങളും.

ആകാശം ഇടിഞ്ഞുവീഴാവുന്ന കാര്യങ്ങളൊന്നും ബല്‍റാം പറഞ്ഞിട്ടില്ല. 1952-ലാണ് എകെജി-സുശീലാ വിവാഹം. ഇതിന് 10 വര്‍ഷം മുന്‍പ് മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. 1929-ല്‍ ജനിച്ച സുശീലയ്ക്ക് അപ്പോള്‍ പ്രായം 11 വയസ്സ്. 33 വയസ്സിന്റെ പ്രായവ്യത്യാസം. ഇത് 'ബാലപീഡന'ത്തിന്റെ പരിധിയില്‍ വരില്ലേ എന്നാണ് ബല്‍റാമിന്റെ സംശയം. 'സമരകാലത്തെ പ്രണയം' എന്ന ശീര്‍ഷകത്തില്‍ 'ദ ഹിന്ദു' ദിനപത്രം 2001-ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ ആശ്രയിച്ചാണ് ബല്‍റാം ഈ 'കണ്ടെത്തല്‍' നടത്തുന്നത്.  

ഈ വിവാദത്തില്‍ പക്ഷേ, ബല്‍റാമിനേക്കാള്‍ തിളങ്ങിയത് ഇടതുപക്ഷചിന്തകനായ സിവിക് ചന്ദ്രനാണ്. സുശീലയ്‌ക്കെഴുതിയ പ്രണയലേഖനങ്ങള്‍ കാണിച്ച് ഇ.എം. എസ്. നമ്പൂതിരിപ്പാട്, എകെജിയെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായി സിവിക് പറയുന്നതാണ് ശരിയായ വെളിപ്പെടുത്തല്‍. ബല്‍റാമിന്റെയല്ല, സിവിക്കിന്റെ ഫേസ്ബുക്ക് ആണല്ലോ പാര്‍ട്ടിക്കാര്‍ പൂട്ടിച്ചത്.

യഥാര്‍ത്ഥത്തില്‍ ബല്‍റാമിന്റേത് പുതിയ കണ്ടെത്തലോ വെളിപ്പെടുത്തലോ അല്ല. പാര്‍ട്ടി വൃത്തങ്ങളില്‍ ഏഴരപ്പതിറ്റാണ്ടായും, 'പബ്ലിക് ഡൊമൈനി'ല്‍ ആറ് പതിറ്റാണ്ടായും നിലനില്‍ക്കുന്ന വിവരമാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഔദ്യോഗിക ചരിത്രത്തിലൊന്നും ഇക്കാര്യം സ്ഥാനംപിടിച്ചിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പലരും പ്രത്യക്ഷമായും പരോക്ഷമായും പല കാലങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്.

'ജനങ്ങള്‍ക്കുവേണ്ടി' (കി വേല രമൗലെ ീള വേല ുലീുഹല) എന്ന ഇംഗ്ലീഷിലുള്ള ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളില്‍, പ്രായത്തില്‍ ഏറെ പിന്നിലായ സുശീലയുമായുള്ള പ്രണയത്തെക്കുറിച്ച് നേരിയ കുറ്റബോധത്തോടെ എകെജി തന്നെ തുറന്നുപറയുന്നു. ഈ പുസ്തകത്തിന്റെ പത്തൊമ്പതാം അധ്യായത്തില്‍ സാമാന്യം ദീര്‍ഘമായി എകെജി ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 1973-ലാണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.

കാര്യങ്ങള്‍ ഇത്രയൊക്കെ സുതാര്യമായിരുന്നിട്ടും എന്തിനാണ് വി.ടി. ബല്‍റാം, എകെജിയെക്കുറിച്ച് പറഞ്ഞതിനോട് സിപിഎം നേതാക്കള്‍ വല്ലാതെ പ്രകോപിതരായത്? ഇതൊക്കെ എകെജിതന്നെ എഴുതിയിട്ടുള്ള കാര്യമാണെന്നും, ബല്‍റാം ആളാവാന്‍ നോക്കുന്നതാണെന്നും പറഞ്ഞ് അവസാനിപ്പിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സിപിഎം നേതൃത്വം ചിന്തിച്ചത് മറ്റ് വഴിക്കാണ്.

സിപിഎം 'ചരിത്ര വിഗ്രഹങ്ങളാ'യി കൊണ്ടുനടക്കുന്ന ഒന്നാം തലമുറയില്‍പ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളില്‍ പലരും സദാചാരത്തിന്റെ കാര്യത്തില്‍ അത്ര തല്‍പ്പരരായിരുന്നില്ല.  'സഖാവ്' എന്ന അപരനാമത്തില്‍ അറിയപ്പെട്ട പി. കൃഷ്ണപിള്ളയുടേയും, 'കേരളാ ക്രൂഷ്‌ചേവ്' എന്ന വിശേഷണമുള്ള സിപിഐ നേതാവ് എം.എന്‍. ഗോവിന്ദന്‍ നായരുടേയും, നിസ്വനായ കമ്യൂണിസ്റ്റ് ആര്‍. സുഗതന്റേയുമൊക്കെ വ്യക്തിജീവിതം അത്രയൊന്നും വിശുദ്ധമായിരുന്നില്ല എന്ന വിമര്‍ശനം പണ്ടേയുള്ളതാണ്.  അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിനൊപ്പം അപഥസഞ്ചാരങ്ങളുടെയും അഗമ്യഗമനങ്ങളുടെയും നിരവധി കഥകളുണ്ട്. ചില കഥാപാത്രങ്ങള്‍ ഇക്കാര്യത്തില്‍ പരസ്പരം മത്സരിച്ചിരുന്നതായിപ്പോലും സംശയിക്കാവുന്നതാണ്. 

ഇതൊക്കെ തുറന്ന ചര്‍ച്ചയാവുന്നതും, പുതുതലമുറ അറിയാനിടയാവുന്നതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന് സിപിഎം നേതൃത്വം കരുതുന്നു. എകെജിയെക്കുറിച്ച് അനിഷ്ടമുണ്ടാക്കുന്ന നിരീക്ഷണങ്ങള്‍ നടത്തിയ വി.ടി. ബല്‍റാമിനെ കടന്നാക്രമിച്ച് നിശ്ശബ്ദനാക്കിയാല്‍ ഇക്കാര്യങ്ങള്‍ പറയാനുദ്ദേശിക്കുന്ന മറ്റുള്ളവര്‍ ഭയന്ന് പിന്മാറിക്കൊള്ളുമെന്ന് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ, പാര്‍ട്ടി നിരോധന സമയത്തെ ഒളിവ് ജീവിതത്തെക്കുറിച്ച് പയ്യന്നൂരില്‍ പറയാന്‍ ശ്രമിച്ച എഴുത്തുകാരന്‍ സക്കറിയയെ സിപിഎമ്മുകാര്‍ ശാരീരികമായി ആക്രമിച്ച് നിശ്ശബ്ദനാക്കിയിരുന്നല്ലോ. ഈ ആക്രമണം ഫലം കണ്ടു. പിന്നീടൊരിക്കലും സക്കറിയ ആ വിഷയത്തെക്കുറിച്ച് മിണ്ടിയില്ല.

മറ്റൊരു വിഷയത്തില്‍ സിപിഎം പുലര്‍ത്തുന്ന മൗനം ഈ നിഗമനം ശരിവയ്ക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര വനിതയായ കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ക്കുറിച്ച് നടത്തിയ നിശിത വിമര്‍ശനങ്ങളാണ് സിപിഎം നേതൃത്വം കണ്ടില്ലെന്നു നടിച്ചത്. ''ഇഎംഎസ് താഴ്ന്ന ജാതിക്കാരോട് താല്‍പ്പര്യമില്ലാത്ത നേതാവായിരുന്നു. 1987-ല്‍ എനിക്ക് മുഖ്യമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇഎംഎസാണ്. ഇഎംഎസ് തികഞ്ഞ നമ്പൂതിരിയായിരുന്നു. താഴ്ന്ന ജാതിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ ഇഎംഎസിന് എതിര്‍പ്പുണ്ടായിരുന്നു. ഭരണം നടത്തേണ്ടത് മേല്‍ജാതിക്കാരാണെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് എംഎല്‍എ പോലും അല്ലാതിരുന്ന ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാന്‍ കൊണ്ടുവന്നത്. ഇഎംഎസ് മരിച്ചപ്പോള്‍ ഞാന്‍ റീത്ത് വച്ചിട്ടില്ല. എനിക്ക് ഇഎംഎസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കില്‍ എങ്ങനെയാണ് അയാള്‍ മരിച്ചാല്‍  റീത്ത് വയ്ക്കാനാവുക.'' 

'ന്യൂസ് 18' എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇഎംഎസ് എന്ന വിഗ്രഹത്തെ ഗൗരിയമ്മ ഇങ്ങനെ തച്ചുതകര്‍ക്കുന്നത്. ഇഎംഎസ് കടുത്ത ജാതിചിന്ത പുലര്‍ത്തിയിരുന്ന ആളാണെന്നും മറ്റും ഗൗരിയമ്മ പലയാവൃത്തി പറഞ്ഞിട്ടുള്ളതാണെങ്കിലും, അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാതിരുന്നതിന്റെ കാരണം ഇതായിരുന്നുവെന്ന് അവര്‍ ആദ്യമായാണ് വെളിപ്പെടുത്തുന്നത്.

സിപിഎം അണികളുടെ മനസ്സില്‍ എകെജിയെക്കാള്‍ വലിയ വിഗ്രഹമാണ് ഇഎംഎസ്. ഗൗരിയമ്മയാണെങ്കില്‍ ഇഎംഎസ് നയിച്ച ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലും, തുടര്‍ന്ന് നാല് തവണയും മന്ത്രിയായിരുന്നയാള്‍. (സുശീലയെ ഭാര്യയാക്കുന്നതിനു മുന്‍പ് എകെജി പ്രണയാഭ്യര്‍ത്ഥന നടത്തിയയാളുമാണ് ഗൗരിയമ്മ) ആ നിലയ്ക്ക് ബല്‍റാമിന്റെ എകെജി വിമര്‍ശനത്തെക്കാള്‍ ഗൗരിയമ്മയുടെ ഇഎംഎസ് വിമര്‍ശനത്തെയാണ് സിപിഎം ഗൗരവമായി എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബല്‍റാമിനെ കടിച്ചുകുടഞ്ഞ സിപിഎം നേതാക്കള്‍ ഗൗരിയമ്മ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഭാവിച്ചു. ഇഎംഎസിനുവേണ്ടി ഗൗരിയമ്മയോട് ഏറ്റുമുട്ടാന്‍ പോയാല്‍  തിരിച്ചടി ഭയാനകമായിരിക്കുമെന്ന് സിപിഎം നേതാക്കള്‍ക്കറിയാം. കനല്‍ക്കട്ടകളെന്ന് കരുതപ്പെടുന്നവര്‍ വെറും കരിക്കട്ടകളാണെന്ന് വരരുതല്ലോ.

എകെജിയെപ്പോലുള്ളവര്‍ വലിയ നേതാക്കളായിരുന്നുവെന്ന് എതിരാളികള്‍പോലും സമ്മതിക്കും. എന്നാല്‍ എത്രവലിയ നേതാവായിരുന്നാലും, എന്തൊക്കെ കഴിവുകളുണ്ടെന്നുവന്നാലും അവരെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ ധാര്‍മികമായ മാനദണ്ഡങ്ങള്‍ മാറ്റിവയ്ക്കാനാവില്ല. സാധാരണ മനുഷ്യര്‍  ദൗര്‍ബല്യങ്ങളുള്ളവരായിരിക്കും. ഉയര്‍ന്ന ധാര്‍മിക ബോധംകൊണ്ട് ഇവയെ മറികടക്കുന്നതാണ് മഹത്വം. ധാര്‍മികതയുടെയും ആത്മീയതയുടെയും  നാടായിരുന്നിട്ടും, ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അതിന്റെ ഗുണവിശേഷങ്ങളൊന്നും ഉണ്ടാവാതെ പോയതിന് കാരണക്കാര്‍ അവരുടെ ആചാര്യന്മാര്‍ തന്നെയാണ്. കാറല്‍ മാര്‍ക്‌സ് മുതല്‍ ഫിഡല്‍ കാസ്‌ട്രോ വരെയുള്ളവരെ സദാചാരമൂല്യങ്ങള്‍ തൊട്ടുതീണ്ടിയിരുന്നില്ലല്ലോ.

സത്യവാങ്മൂലം, മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.