ഭാരതീയ ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ് സംഘിന്റെ മാര്‍ച്ചും ധര്‍ണ്ണയും

Thursday 11 January 2018 2:45 am IST

തിരുവനന്തപുരം: ഭാരത് ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ് സംഘ്(ബിഎംഎസ്) തിരുവനന്തപുരം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. എല്‍ഐസിയുടെ ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. 

എല്‍ഐസി ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, ഇഎസ്‌ഐ മാതൃകയില്‍ മെഡിക്ലെയിം ഏജന്റുമാര്‍ക്ക് അനുവദിക്കുക, വെല്‍ഫയര്‍ ബോര്‍ഡ് സ്ഥാപിക്കുക, ഏജന്റുമാരുടെ പ്രീ സെയില്‍ എംപ്ലോയിയായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

ഏജന്റുമാരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ എല്‍ഐസി സ്വീകരിക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ പറഞ്ഞു. എല്‍ഐസിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ ഏജന്റുമാരുടെ പങ്ക് അധികൃതര്‍ വിസ്മരിക്കരുതെന്നും കാലാകാലങ്ങളില്‍ കമ്മീഷന്‍ നല്‍കി ഒഴിവാക്കുന്ന നടപടിയാണ് എല്‍ഐസി സ്വീകരിച്ചു പോരുന്നത്. എല്ലാ വിഭാഗം തൊഴിലാളികളും ആനുകൂല്യം വാങ്ങുമ്പോഴും എല്‍ഐസി ഏജന്റുമാരെ മാത്രം മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഭാരത് ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാര്‍, ഡിവിഷന്‍ പ്രസിഡന്റ് പത്മകുമാര്‍, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ഡിവിഷന്‍ വൈസ് പ്രസിഡന്റുമാരായ കൊട്ടാരക്കര രവീന്ദ്രന്‍, സനല്‍കുമാര്‍ തമ്പി, ശശിധരന്‍, ഡിവിഷന്‍ സെക്രട്ടറി ശ്രീജ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നെയ്യാറ്റിന്‍കര രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.