ഇന്ത്യ വെടിവെച്ചിട്ടത് 138 പാക് പട്ടാളക്കാരെ

Thursday 11 January 2018 2:45 am IST

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാക്കിയ പാക്കിസ്ഥാന് 2017ല്‍ നഷ്ടമായത് 138 പട്ടാളക്കാരെ. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് ഇത്രയധികം പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ പോസ്റ്റുകളിലെ പട്ടാളക്കാരാണ് കൊല്ലപ്പെട്ടവരെല്ലാമെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.

പ്രകോപനമില്ലാതെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക് സൈന്യത്തിന് തിരിച്ചടിയായത്. അതിര്‍ത്തി സംരക്ഷണ സേനയായ പാക് റേഞ്ചേഴ്‌സിനൊപ്പം ദീര്‍ഘദൂര വെടിവെപ്പില്‍ പരിശീലനം നേടിയ സ്‌നിപ്പറുകളെ നിയോഗിച്ച പാക് സൈനിക തീരുമാനമാണ് ഇന്ത്യയുടെ കനത്ത പ്രഹരത്തിന് കാരണമായത്. 

കിലോമീറ്ററുകള്‍ ദൂരെയുള്ള ഇന്ത്യന്‍ പോസ്റ്റുകളിലെ ജവാന്മാര്‍ക്കു നേരെ സ്‌നിപ്പറുകളെ ഉപയോഗിച്ച് വെടിവെച്ചതോടെയാണ് ഇന്ത്യ തിരിച്ചടിയുടെ രീതി മാറ്റിയത്. ഏതു പോസ്റ്റില്‍ നിന്നാണോ പ്രകോപനമുണ്ടായത് ആ പോസ്റ്റ് പൂര്‍ണ്ണമായും തകര്‍ക്കുകയായിരുന്നു. പാക് വെടിവെയ്പ്പില്‍ 2017ല്‍ 28 ഇന്ത്യന്‍ പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 

 138 പാക് പട്ടാളക്കാര്‍ക്ക് പുറമേ 155 പേര്‍ക്കും  ജീവന്‍ നഷ്ടപ്പെട്ടു. 860 വെടിനിര്‍ത്തല്‍  ലംഘനങ്ങളാണ് കഴിഞ്ഞ വര്‍ഷം  പാക്കിസ്ഥാന്‍ നടത്തിയത്. 2016ല്‍ ഇത് 221 മാത്രമായിരുന്നു.  

പാക്കിസ്ഥാന്‍ ഏഴ് ഇന്ത്യന്‍ സൈനികരെയാണ് സ്‌നിപ്പറുകളെ ഉപയോഗിച്ചത് കൊലപ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി 21 പാക് സൈനികരെ സ്‌നിപ്പര്‍ ആക്രമണത്തില്‍ വധിക്കാന്‍ സാധിച്ചതായും കരസേന അറിയിച്ചു. ഇതിന് പുറമേ ഡിസംബര്‍ 25ന് അതിര്‍ത്തി മറികടന്ന് പാക് സൈനിക പോസ്റ്റ് ആക്രമിച്ച് പാക് സൈനികരെ കൊലപ്പെടുത്തി.

അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കിയതോടെ നുഴഞ്ഞുകയറ്റങ്ങളും അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങളും വന്‍തോതിലാണ് കുറഞ്ഞത്. ഇരുനൂറിലധികം ഭീകരരെയാണ് കശ്മീരില്‍ മാത്രം കഴിഞ്ഞവര്‍ഷം കൊന്നത്. ഭീകരനേതാക്കളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന തന്ത്രം സ്വീകരിച്ചതോടെ ഭീകരസംഘനകള്‍ക്ക് പലതിനും നേതൃത്വം തന്നെ ഇല്ലാതായി.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.