സിപിഎമ്മിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി സിപിഐ

Thursday 11 January 2018 2:45 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പോയതിന് ദുരന്തനിവാരണ ഫണ്ടില്‍ നിന്നു വാടക നല്കിയ വിവാദം ആഞ്ഞ് വീശുമ്പോള്‍ സിപിഎമ്മിന് പണികൊടുത്ത് സിപിഐ. സിപിഐയെ നിരന്തരം കുത്തിനോവിക്കുന്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി മന്ത്രിമാര്‍ക്കും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ. മൂന്നാര്‍ വിവാദം മുതല്‍ മന്ത്രി മണിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയ്ക്കിടെയുള്ള കുത്തി നോവിക്കലിനു മറുപടി ഹെലികോപ്ടര്‍ വിവാദത്തിലൂടെ സിപിഐ നല്‍കി.

റവന്യൂവകുപ്പിന് കീഴിലുള്ള റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ മന്ത്രിയെ അനുസരിക്കുന്നില്ലായെന്നത് അങ്ങാടിപ്പാട്ടാണ്. മുഖ്യന്ത്രിയുടെ താളത്തിനൊത്ത് തുള്ളുന്ന  അഡീഷണല്‍ ചിഫ് സെക്രട്ടറി റവന്യൂമന്ത്രി അറിയാതെ വകുപ്പിലെ യോഗം വിളിക്കല്‍, ജീവനക്കാരുടെ സ്ഥലം മാറ്റം തുടങ്ങിയവ നടത്തുന്നു. ഇതിനെതിരെ മന്ത്രിസഭാ യോഗങ്ങളിലും പാര്‍ട്ടിയോഗത്തിലും മന്ത്രി പരാതിപ്പെട്ടിരുന്നു. 

കഴിഞ്ഞ ആറിന് ഇറങ്ങിയ ഉത്തരവ് കഴിഞ്ഞ ദിവസം ഓഫീസില്‍ എത്തിയപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടു എന്നാണ്  മന്ത്രി വ്യക്തമാക്കിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരവ് ചോരുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ സിപിഐ യൂണിയന്‍ നേതാക്കള്‍ ചോര്‍ത്തി എന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. അതേസമയം ദുരന്തനിവാരണ ഫണ്ടില്‍ നിന്നു പണം അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചത് ചീഫ് സെക്രട്ടറിയായിരിക്കെ കെ.എം. എബ്രഹാമാണെന്ന് പി.എച്ച്. കുര്യന്‍ സിപിഎം സിപിഐ നേതക്കളോട് വിശദീകരിച്ചു. എന്നാല്‍ മന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണ നോട്ടീസിന് കുര്യന്‍ മറുപടി നല്‍കിയതുമില്ല. ഇങ്ങനെയൊരു ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നാണ് കുര്യന്‍ വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.