ഹെലികോപ്റ്ററിലൂടെയും ശരിയാക്കാം

Thursday 11 January 2018 8:30 am IST

ഓഖി ദുരന്തത്തെക്കാള്‍ വലിയ ദുരന്തമായിത്തീര്‍ന്നിരിക്കുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വന്നുവന്നു മുന്തിയ  ബൂര്‍ഷ്വയായികൊണ്ടിരിക്കുന്ന ഈ കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രി .പാര്‍ട്ടി സമ്മേളനത്തിനു 8 ലക്ഷം മുടക്കി ഹെലികോപ്റ്ററില്‍ പറന്നത് ഓഖി ദുരിതാശ്വാസ നിധിയില്‍നിന്നുമാണ്. കണ്ണീരിന്റെ നനവും മണവുമുള്ള ആ പണംകൊണ്ടു ഇങ്ങനെ പറന്നു നടക്കാന്‍ പിണറായിക്കു മാത്രമേ കഴിയൂ എന്നത് മറ്റൊരു സത്യം.ഓഖി ദുരന്തത്തില്‍പ്പെട്ടവരോട് മനുഷ്യവിരുദ്ധതമാത്രം കാട്ടിയ പിണറായി എല്ലാം ശരിയാക്കിത്തരാം എന്ന അഹങ്കാരത്തിലായിരിക്കുമോ ഈ കണ്ണീര്‍പ്പണമെടുത്തു ചെലവാക്കിയതെന്നും തോന്നാം. ഏറിയാല്‍ മൂവായിരം രൂപ വരുമായിരുന്ന പറക്കലിന് ലക്ഷങ്ങള്‍ ചെലവാക്കിയത് ആരുടെ നന്മയ്ക്കുള്ള സമ്മേളനത്തിനുവേണ്ടിയായിരുന്നു. പിണറായിയിയുടേയും സില്‍ബന്ധികളുടേയും അധികാരം അരക്കിട്ടൊറപ്പിക്കാന്‍ മാത്രം നടത്തുന്ന ഇത്തരം സമ്മേളനങ്ങള്‍ക്കു പറന്നു നടക്കാന്‍ ഇപ്പണം തന്നെ വേണമായിരുന്നോ.ഒന്നരവര്‍ഷംകൊണ്ട് സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കിയ ഭരണത്തിനുമീതെ വീണ്ടും ശാപം ഏറ്റുവാങ്ങുകയാണോ മുഖ്യമന്ത്രി പിണറായി.

 അന്യായങ്ങളെ ന്യായീകരിക്കുന്ന  സിപിഎം  ഈ ലക്ഷങ്ങളുടെ പറക്കലിനും പതിവുള്ളന്യായങ്ങള്‍ നിരത്താനാണു ശ്രമിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബെല്‍സിയന്‍ തന്ത്രം പയറ്റുന്ന സിപിഎമ്മിന് ജനത്തെ പറ്റിക്കാന്‍ പക്ഷേ കഴിഞ്ഞില്ല. പിണറായിക്കുവേണ്ടി ചെലവാക്കിയ ലക്ഷങ്ങള്‍ തിരിച്ചടക്കാന്‍പാര്‍ട്ടിക്കു ശക്തിയുണ്ടെന്നാണ് ഇപ്പോള്‍ മന്ത്രി കടകംപള്ളി പറയുന്നത് .അത് ഈ നാട്ടിലെകുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. പക്ഷേ അത് ശക്തിയല്ല സമ്പത്ത്. ഇന്ത്യയില്‍ ഈര്‍ക്കിലി പാര്‍ട്ടിയാണ് സിപിഎം എങ്കിലും സമ്പത്തില്‍ ഏറ്റവും മുന്നില്‍ എന്നും സിപിഎമ്മായിരുന്നല്ലോ. മുതലാളിമാരോട് പങ്കുചേര്‍ന്നും ഇല്ലാത്തവന്റെ ചട്ടിയില്‍ കൈയിട്ടുവാരിയും വളര്‍ന്ന പാര്‍ട്ടി!നാണംകെട്ടപ്പോഴാണോ പണം പാര്‍ട്ടി കൊടുക്കുമെന്നു പറയുന്നത്. ഇതു നേരത്തെ ആകാമായിരുന്നില്ലേ.എല്ലാം ശരിയാകുകയാണ്, ഹെലികോപ്റ്റര്‍വഴിയും ശരിയാകുന്നു.            

ഭര്‍ത്താവിന് ഊണുവാങ്ങിച്ചും ചായയും പഴംപൊരിയുമൊക്കെ വാങ്ങിയതും കണക്കുപറഞ്ഞു ഈടാക്കി നാണംകെട്ട മന്ത്രി ശൈലജയ്ക്കും ഇനി ആശ്വസിക്കാം. ഇരുപത്തെണ്ണായിരും രൂപയുടെ കണ്ണട വാങ്ങിയതിന് എന്തുപുകിലായിരുന്നു. ഇരുപത്തണ്ണായിരമോ വലുത് 8ലക്ഷമോ. ശൈലജ ചിരിക്കുന്നു! പാര്‍ട്ടി സെക്രട്ടറിയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയാണ് താങ്കളെന്ന് ഇനി ആരാണാവോ പിണറായിയെ പറഞ്ഞു മനസിലാക്കുക!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.