പിണറായിയുടെ ആകാശയാത്രയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

Thursday 11 January 2018 10:55 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശയാത്രയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം രംഗത്ത്. ഇത്തരം യാത്രകള്‍ക്കായി മുന്‍‌പും ദുരിതാശ്വാസ ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ടെന്ന് കെ.എം എബ്രഹാം പറഞ്ഞു. 

താന്‍ പറഞ്ഞിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സി‌എജി എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും കെ.എം എബ്രഹാം പറഞ്ഞു. അതേസമയം ആകാശയാത്രാ വിവാദം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. 

തൃശൂര്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും അവിടെ നിന്നും സമ്മേളനത്തിലേക്കുമുള്ള യാത്രയ്ക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. ഡിസംബര്‍ 26ന് നടത്തിയ യാത്രയ്ക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ കമ്പനി ആവശ്യപ്പെട്ടത് . എന്നാല്‍ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.

എന്നാല്‍ റവന്യൂ മന്ത്രി അറിയാതെയാണ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. പണം പിന്‍വലിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു.  ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര സംഘത്തെ കാണാനാണ് ഹെലിക്കോപ്ടറില്‍ വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ തിരികെ പാര്‍ട്ടി സമ്മേളനത്തിനു പോയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത് അറിയില്ലെന്നായിരുന്നു അടുത്ത വിശദീകരണം. 

ദുരന്ത നിവാരണവകുപ്പ് കൈകാര്യം ചെയ്യുന്നത് റവന്യൂവകുപ്പാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.