വിവരാവകാശ നിയമത്തിനുള്ള ഭേദഗതി ഒഴിവാക്കി

Thursday 1 November 2012 3:24 pm IST

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തിനുള്ള ഭേദഗതി ഒഴിവാക്കാന്‍ ഇന്ന് ചേര്‍ന്ന സമ്പൂര്‍ണ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ എഴുതുന്ന കുറിപ്പുകള്‍ ഇനി മുതല്‍ വിവരാവകാശ നിയമം വഴി പുറത്തുകൊണ്ടുവരാം. കുറിപ്പ് നല്‍കാനാവില്ലെന്ന ഭേദഗതി സര്‍ക്കാര്‍ വേണ്ടെന്ന് വച്ചു. പരീക്ഷകളുടെയും നിയമനങ്ങളുടെയും മൂല്യനിര്‍ണയ രീതി പുറത്തുവിടേണ്ടെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതും ഇതോടെ അസാധുവായി. 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതി നിര്‍ദേശിച്ചത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭേദഗതി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നില്ല. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് യോഗത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനു പ്രഥമ പരിഗണന നല്‍കണമെന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപത്തെ ബാധിക്കാതെ നോക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉയര്‍ന്ന ധനക്കമ്മി രാജ്യത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രധാന തടസമാണ്. അടിസ്ഥാന സൌകര്യമെഖലയിലെ നിക്ഷേപത്തെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്യാബിനറ്റ് മന്ത്രിമാര്‍ തങ്ങളുടെ സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്പിച്ചു നല്‍കണം. കൂടുതല്‍ യുവാക്കളും ഊര്‍ജ്ജസ്വലതയും ഉള്ളവര്‍ മന്ത്രിസഭയില്‍ അംഗമായ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളിലും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ കാണിക്കണം. രാഷ്ട്രീയ താല്പര്യങ്ങള്‍ രാഷ്ട്രത്തിന്റെ വികസനത്തിന് തടസമാകരുതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2005ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ചെയ്ത് തിര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സമഗ്ര രേഖ യോഗത്തില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.