മിഥില മോഹന്‍ വധക്കേസ് സിബിഐക്ക് വിട്ടു

Thursday 11 January 2018 3:23 pm IST

കൊച്ചി: ബാറുടമയായിരുന്ന മിഥില മോഹനെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം സിബിഐക്ക് നല്‍കി ഹൈക്കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. മിഥില മോഹന്റെ മകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 

സിബിഐ അന്വേഷണത്തോട് എതിർപ്പില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നു. ഈ വിവരം ക്രൈംബ്രാഞ്ചിന് രേഖാമൂലവും നൽകി. ഇതോടെ ക്രൈംബ്രാഞ്ചും സിബിഐ അന്വേഷണത്തോട് എതിർപ്പില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, എതിർപ്പില്ലെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് സ്വീകാര്യമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഫലപ്രദമായി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്നാണ് കേസ് അന്വേഷിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.

2006 ഏപ്രിൽ അഞ്ചിന് രാത്രി 8.45നാണ് മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. മുഖം മറച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മോഹനുനേരെ വെടിയുതിർത്ത ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു. ആ സമയം മരുമകളും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെടിയൊച്ച കേട്ട് മരുമകൾ ഓടിയെത്തിയപ്പോഴേക്കും തൊപ്പി വച്ച് മുഖം മറച്ചൊരാൾ ഓടി മറയുന്നതാണ് കണ്ടത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.