ഭഗവാനേ, അങ്ങേയ്ക്ക് ധാരാളം രൂപഭേദങ്ങള്‍ ഉണ്ട് (11-39)

Friday 12 January 2018 2:30 am IST

വായു, അഗ്നി, വരുണന്‍, ചന്ദ്രന്‍, സൂര്യന്‍,നിര്യതി യമന്‍, ഈശാനന്‍ എന്നീ എട്ടു ദിക്പാലകന്മാരും അങ്ങയുടെ രൂപഭേദങ്ങള്‍തന്നെ. അങ്ങയെത്തന്നെയാണ് പല പ്രകാരത്തില്‍ പല പേരുകളില്‍ വിവരിക്കുന്നത് എന്നു വേദങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ- ''ഇന്ദ്രം മിത്രം വരുണമഗ്നിമഹാരുഥോദിവ്യഃ

സുവര്‍ണോസിഗരുത്മാന്‍!! ഏകം സദ് വി പ്രാബഹു

ധാവദന്തി, അഗ്നി, യമം മാതരിശ്ചാനമാഹുഃ'' -(=ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, ഗരുഡന്‍ എന്നിങ്ങനെ പല നാമങ്ങളിലും പല രൂപങ്ങളിലും അങ്ങയെ വിദ്വാന്മാര്‍-ജ്ഞാനികള്‍-വാഴ്ത്തുന്നു.

മരീചി തുടങ്ങിയ പ്രജാപതിമാരും അങ്ങുതന്നെ! അവരുടെ പിതാവായ ചതുര്‍മുഖനായ, ബ്രഹ്മാവും അങ്ങുതന്നെ. ബ്രഹ്മാവിന്റെയും അച്ഛനായ, പിതാമഹനായ, വിഷ്ണുവും അങ്ങുതന്നെ. എല്ലാ ദേവന്മാരുമായി ശോഭിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അങ്ങുതന്നെ!

അതുകൊണ്ട് ആയിരംവട്ടം-എണ്ണമില്ലാത്ത വിധം-ഇതാ നമസ്‌കരിക്കുന്നു. വീണ്ടും വീണ്ടും ഇതാ വര്‍ധിച്ച ഭക്തിപ്രവാഹത്തോടെ എത്രവട്ടം നമസ്‌കരിച്ചിട്ടു അര്‍ജ്ജുനന് തൃപ്തി വരുന്നില്ല.

വീണ്ടും നമസ്‌കരിക്കുന്നു (11-40)

അത്യാശ്ചര്യ രൂപിയായ ഭഗവാനെക്കണ്ടിട്ട്, അത്യധികമായ ഭക്തി പ്രവാഹത്തിന്റെ വേഗത്താല്‍ തരളിതചിത്തനായിട്ട്, അര്‍ജ്ജുനന്‍ നമസ്‌കരിക്കുന്നു. അങ്ങയുടെ മുന്‍പിലും നമസ്‌കാരങ്ങള്‍ സമര്‍പ്പിക്കാം, പിന്‍പിലും നമസ്‌കാരങ്ങള്‍ സമര്‍പ്പിക്കാം. മാത്രമല്ല അങ്ങയുടെ എല്ലാ ഭാഗത്തും നമസ്‌കാരങ്ങള്‍ വീണ്ടും വീണ്ടും സമര്‍പ്പിക്കാം!

അര്‍ജ്ജുനന്‍ ഇങ്ങനെ പറയുക മാത്രമല്ല, നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട് എന്ന് നാം ഓര്‍മിക്കണം. അര്‍ജ്ജുനന്‍ വീണ്ടും സ്തുതിക്കുന്നു- ഹേ സര്‍വ്വ, അങ്ങേയ്ക്ക് 'സര്‍വന്‍' എന്നൊരു പേരുണ്ട്. ഭീഷ്മപിതാമഹന്‍ സഹസ്രനാമത്തില്‍ 25-ാമത്തെ നാമമായിട്ട് ആ നാമം ഉള്‍പ്പെടുത്തുന്നുമുണ്ട്. അങ്ങ് എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്നതുകൊണ്ടാണ് അങ്ങേയ്ക്ക് ആ പേര് സിദ്ധിച്ചത്. അതുകൊണ്ട് ഞാന്‍ എങ്ങോട്ട് തിരിഞ്ഞു നമസ്‌കരിച്ചാലും ആ നമസ്‌കാരം അങ്ങയുടെ പാദത്തില്‍ തന്നെ സ്പര്‍ശിക്കും; തീര്‍ച്ച.

കാരണം പറയാം- അളവറ്റ സാമര്‍ത്ഥ്യവും (വീര്യം) വര്‍ധിച്ച പരാക്രമവുമാണ് അങ്ങേയ്ക്കുള്ളത്. അതുകൊണ്ടാണ്, ചേതനയുള്ളതും ചേതന ഇല്ലാത്തതുമായ സകലവസ്തുക്കളിലും ആത്മാവായിട്ട് ശോഭിക്കാന്‍ അങ്ങേയ്ക്ക് സാധിക്കുന്നത്.

ശ്രീകൃഷ്ണന്‍ എങ്ങനെയാണ്, എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്നത്?

ഈ ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു- 

''സര്‍വ്വം = സമസ്തം ജഗത് = സമാപ്‌നോഷി

യതഃ തസ്മാത് ഭവസി- സര്‍വ്വഃ ത്വയവിനാഭു

തം നന കിഞ്ചിദ് അസ്തി''

(എല്ലാ പ്രപഞ്ചങ്ങളിലും അങ്ങ്-ഏകേന ആത്മനാ- ഒരു ശരീരംകൊണ്ട് വ്യാപിച്ചുനില്‍ക്കുന്നു. അതുകൊണ്ട് അങ്ങയെ സര്‍വ്വന്‍ എന്നുപറയുന്നു. അങ്ങയെ കൂടാതെ, ചരാചരങ്ങള്‍ക്കൊന്നിനും അസ്തിത്വമില്ല.)

ഏതായാലും അര്‍ജ്ജുനന്‍ ഭഗവാനെ എല്ലാ ഭാഗത്തും എണ്ണമറ്റ പ്രദക്ഷിണം നടത്തുകയാണ്. അതിനാല്‍ ''ശയന പ്രദക്ഷിണം'' എന്ന ഉപാസനാസ സമ്പ്രദായം ആരംഭിച്ചത് അര്‍ജുനന്‍ തന്നെയാണെന്ന് പറയുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു.

കാനപ്രം കേശവന്‍ നമ്പൂതിരി

ഫോണ്‍: 9961157857

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.