പിണറായി ലാലുവിന് പഠിക്കുന്നു

Friday 12 January 2018 2:30 am IST

ഓഖിദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യേണ്ട നിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപയെടുത്ത് പാര്‍ട്ടി സമ്മേളന സ്ഥലത്തുനിന്ന് വേഗത്തില്‍ തിരുവനന്തപുരത്തേക്ക് പോയി തിരിച്ചെത്താന്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത മുഖ്യമന്ത്രിയുടെ അഴിമതിയെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി വിചിത്രം തന്നെ. കേരളത്തില്‍ താന്‍ ഇതെല്ലാം ഇനിയും ചെയ്യുമെന്നും, ബിജെപി ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നും, അവര്‍ കേന്ദ്രത്തിലെ കാര്യം നോക്കിയാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ബിജെപി കേന്ദ്രത്തിലും 19 സംസ്ഥാനങ്ങളിലും ഒറ്റയ്ക്കും സഖ്യം ചേര്‍ന്നും ഭരിക്കുന്നുണ്ട്. അതിനാല്‍ ബിജെപിയുടെ കേരള ഘടകത്തിന് അവിടങ്ങളിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി, കേരളത്തിലെ സിപിഎമ്മുകാരനായ മുഖ്യമന്ത്രിയുടെ അഴിമതിയെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ പാടില്ല എന്ന വാദം വെറും സിനിമാ സ്‌റ്റൈല്‍ തമാശ മാത്രമാണ്. അതായത്, പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന കമ്മ്യൂണിസ്റ്റ് കഥാപാത്രത്തിന്റെ വിടുവായത്തം പോലെ. ഇത് മുഖ്യമന്ത്രി ഗൗരവമായിട്ടാണ് പറഞ്ഞതെങ്കില്‍ സിപിഎം ഭരിക്കാത്ത, ഒരിക്കല്‍പ്പോലും ഭരിക്കാന്‍ സാദ്ധ്യതയില്ലാത്ത കേന്ദ്ര സര്‍ക്കാരിനെയും മറ്റും അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നാഴികയ്ക്ക് നാല്‍പത് വട്ടം  കുറ്റംപറഞ്ഞ് നടക്കുന്നതെന്തിനാ? 

നരേന്ദ്ര മോദി സിപിഎമ്മുകാരനായിട്ടാണോ പിണറായി വിജയനും മറ്റും അദ്ദേഹത്തെ തരം താണ രീതിയില്‍ വിമര്‍ശിക്കുന്നത്? ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ കക്ഷികള്‍ മറ്റു കക്ഷികളേയും അവരുടെ സര്‍ക്കാരിനേയും വിമര്‍ശിക്കുകയും ആരോപണമുന്നയിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാരിനെ സിപിഎം വിമര്‍ശിച്ചിട്ടുള്ളപ്പോള്‍ ബിജെപിയോ പ്രധാന മന്ത്രി നരേന്ദ്ര മോദിയോ നിങ്ങള്‍ കേരളത്തിലേയും ത്രിപുരയിലേയും കാര്യം നോക്കിയാല്‍ മതി എന്നുപറഞ്ഞിട്ടുണ്ടോ?  ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി പിണറായി വിജയന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടല്ലോ. ഇവിടത്തെക്കാര്യം ദല്‍ഹിയിലിരിക്കുന്ന സുപ്രീം കോടതി നോക്കണ്ട എന്നു പറയാവുന്ന ഒരു സംവിധാനത്തിലാണോ മുഖ്യമന്ത്രിക്ക് വിശ്വാസം?  

മുഖ്യമന്ത്രി നടത്തിയ നഗ്‌നമായ അഴിമതിയാണ് ദുരിതാശ്വസ നിധിയിലെ എട്ട് ലക്ഷം രൂപ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതില്‍ നടന്നിട്ടുള്ളത്. കേന്ദ്ര സംഘം ഓഖി ദുരന്തത്തിന്റെ കഷ്ടനഷ്ടങ്ങള്‍ വിലയിരുത്താന്‍ വരുന്നത് കേരള സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടാണ്. അങ്ങനെയുള്ളപ്പോള്‍ മുഖ്യമന്ത്രി ദൂരസ്ഥലങ്ങളില്‍ പാര്‍ട്ടി സമ്മേളനത്തിന് പോകാതെ തലസ്ഥാനത്ത് ഉണ്ടായിരിക്കേണ്ടതല്ലേ? മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയല്ലല്ലോ പാര്‍ട്ടിയുടെ എല്ലാ ജില്ലാ സമ്മേളനങ്ങളുടെയും നടത്തിപ്പിന്റെ ചുമതല വഹിക്കാന്‍. അപ്പോള്‍ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നിവാരണത്തിലോ മറ്റ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനത്തിന്റെ നടത്തിപ്പില്‍ മാത്രമാണ് ശ്രദ്ധ എന്നല്ലേ ഇത്തരം പെരുമാറ്റങ്ങള്‍ തെളിയിക്കുന്നത്?

ഇത്തരം പ്രവൃത്തികള്‍ ചട്ടലംഘനമാണ്, നഗ്‌നമായ അഴിമതിയാണ്. കാലികള്‍ക്ക് തീറ്റനല്‍കാനുള്ള പണം അടിച്ചുമാറ്റിയതിന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുപ്രസാദ് യാദവിന്റെ നിലയിലേക്ക് പിണറായി തരംതാണിരിക്കുന്നു. 

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,

ഏറ്റുമാനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.