ആരും അന്യരല്ലാതിരുന്ന മനുഷ്യന്‍

Friday 12 January 2018 2:30 am IST

ചടുലമായ നടത്തം. വൃത്തിയുള്ളതും ലളിതവുമായ വേഷം. ഡബിള്‍ മുണ്ട് ഉപയോഗിക്കാറേയില്ല. വെളുത്ത കര്‍ചീഫിന്റെ മദ്ധ്യം, ഷര്‍ട്ടിന്റെ പോക്കറ്റിനുള്ളിലേക്ക് തിരുകി അഗ്രങ്ങള്‍ പുറത്തേക്ക് നില്‍ക്കുന്ന തരത്തില്‍. കൂടെയുള്ളവര്‍ക്ക് ഒപ്പംതന്നെ നടത്തം. ഇതിനിടെ സരസമായ വര്‍ത്തമാനം. അല്‍പം മുന്നോട്ട് കുനിഞ്ഞ ശരീര ഭാഷ. ഭാസ്‌കര്‍റാവുവിന്റെ ബാഹ്യരൂപം ഇത്രമാത്രം. 

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെയുള്ള നടത്തം അനവധി പ്രവര്‍ത്തകരുടെ ജീവിതത്തിന് ദിശാബോധം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. വാചാലനോ സംവാദപ്രിയനോ ഒന്നുമായിരുന്നില്ല. പക്ഷേ, ക്ഷമാശീലനായ ശ്രോതാവാണ്.  

1946 ജൂലൈയില്‍ കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ട അന്നുമുതല്‍, രോഗബാധിതനായി ശയ്യാവലംബിയാകുന്നവരെ  ഈ ചര്യതുടര്‍ന്നു. സൂര്യയാനംപോലെ ഇടതടവില്ലാതെയായിരുന്നു ഭാസ്‌കരചര്യയും. 

കേരളത്തിലെ ഓരോ പ്രദേശത്തെയും പ്രവര്‍ത്തകര്‍ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ഓരോ അനുഭവങ്ങള്‍ പറയാനുണ്ടാകും ഭാസ്‌കര്‍റാവുജിയെ സംബന്ധിച്ച്. 'ജന്മഭൂമി'ക്കു വേണ്ടി ഈ ലേഖനം എഴുതണമെന്ന് മാനേജിങ് എഡിറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച്, കടലാസെടുത്ത് എവിടെ തുടങ്ങും, എങ്ങനെ തുടങ്ങുമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍, കൊച്ചിയിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വന്ന് മുന്നില്‍ കസാലയില്‍ ഇരുന്നു. എഴുതുന്നതെന്താണെന്നതിന് മറുപടി മുഴുവനാകുന്നതിന് മുന്‍പേ അദ്ദേഹം വാചാലനായി. ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവം എനിക്കുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അനുഭവം പറയാന്‍ തുടങ്ങി. പറഞ്ഞുവരുമ്പോള്‍ ഒന്നല്ല, പല അനുഭവങ്ങളും. ഭാസ്‌കര്‍ റാവുജിയെ സ്മരിക്കുമ്പോള്‍ ഊറിവരുന്ന ഇത്തരം ഓര്‍മകള്‍ അവരുടെ ജീവിതത്തില്‍ അവിസ്മരണീയമാണ്. 

പ്രശ്‌നസങ്കീര്‍ണമായ കാലഘട്ടത്തിലാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. ശക്തമായ പ്രതിരോധം തീര്‍ത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളമാസകലം ആര്‍എസ്എസിനെ എതിര്‍ത്തു.  മുസ്ലിം ചട്ടമ്പിത്തരങ്ങളില്‍ ഭയചകിതമായി മലബാര്‍. ക്രൈസ്തവ വിഭാഗത്തിന്റെ എതിര്‍പ്പ് തെക്കു ഭാഗത്ത്. വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ്. രാജ്യസ്‌നേഹവും സാമുദായിക സ്‌നേഹവും പിന്നാമ്പുറങ്ങളിലേക്ക് മാറ്റിയ സമുദായ നേതൃത്വം. എവിടെയും എതിര്‍പ്പുകള്‍ മാത്രം. 

ഇതിനെയെല്ലാം അതീജിവിച്ച് കേരളം ഏറ്റവും കൂടുതല്‍ സംഘശാഖകളുള്ള സംസ്ഥാനമായി വളര്‍ന്നതിന്റെ പ്രചോദനം ഭാസ്‌കര്‍റാവുജി എന്ന് സ്വയംസേവകര്‍ സ്‌നേഹാദരപൂര്‍വം വിളിക്കുന്ന 'ഭാസ്‌കര്‍  ശിവറാം കളമ്പി' എന്ന നിഷ്‌കാമ കര്‍മ്മയോഗിയായിരുന്നു.

 തന്റെ പ്രവര്‍ത്തനമേഖലയെ വിശാലമായ കുടുംബമായി അദ്ദേഹം കരുതി.  ആരും അന്യരായിരുന്നില്ല. ഏവരും പ്രിയപ്പെട്ടവര്‍. ഒരിക്കലും വറ്റാത്ത സ്‌നേഹധാര. ഏത് നാട്ടില്‍പോയാലും. ഏത് ഭാഷക്കാരോടായാലും, ആ സ്‌നേഹ സമ്പത്തിന്റെ മഹത്വം ആര്‍ക്കും ബോധ്യപ്പെടും. അദ്ദേഹത്തില്‍ നിലനിന്നിരുന്ന വിശിഷ്ട ഗുണം അറിഞ്ഞതുകൊണ്ടാകാം വനവാസി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെട്ടത്. രാജ്യമാസകലം നിരന്തരമായ യാത്രയിലൂടെ അദ്ദേഹം 'വനവാസി കല്യാണ്‍ ആശ്രമം' എന്ന പ്രസ്ഥാനത്തെ ശക്തമായ സംഘടനയാക്കിത്തീര്‍ത്തു. 

രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, തന്റെ കാലം ഏതാണ്ടടുത്തിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെട്ടപ്പോള്‍, തനിക്ക് കേരളത്തില്‍ അവസാനകാലം ചെലവഴിക്കണമെന്ന് സംഘാധികാരികളെ ധരിപ്പിച്ചു. അങ്ങനെയാണ് എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിവായി, കേരളത്തിലേക്ക് വീണ്ടും വന്നത്. രോഗശയ്യയില്‍ കാണാനായി വരുന്ന നൂറുകണക്കിന് സ്വയംസേവകരോട് സുഖാന്വേഷണങ്ങള്‍ തിരക്കി.

1983 ലായിരുന്നു അദ്ദേഹത്തിന്റെ ഹൃദയശസ്ത്രക്രിയ. ബോംബെ കെ.ഇ.എം. ആശുപത്രിയില്‍. ആശുപത്രി വാസമായിരുന്നെങ്കിലും ആ ദിവസങ്ങള്‍ അനിര്‍വചനീയ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോ. ഭട്ടാചാര്യയുടെ വാക്കുകള്‍: ''ഒരു രോഗിയെന്ന നിലയ്ക്ക്  ഭാസ്‌കര്‍ റാവുവിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്താന്‍ എനിക്ക് കഴിഞ്ഞു. ഓരോ ദിവസവും കഴിയുന്തോറുംആ മനുഷ്യന്റെ മഹത്വം എനിക്ക് ബോധ്യമാകാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മഹത്വം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍  എനിക്ക് ഒരുപക്ഷേ, ശസ്ത്രക്രിയ വിജയകരമായി ചെയ്യാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും അത്രയ്ക്ക് വളര്‍ന്നിരുന്നു.'' 

എം മോഹനന്‍

ലക്ഷ്മീബായ് ധര്‍മ്മ പ്രകാശന്‍ മാനേജിങ് ട്രസ്റ്റിയാണ് ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.