വിവേകാനന്ദനെ അറിയൂ; ഇന്ത്യയേയും

Friday 12 January 2018 2:42 am IST

സ്വാമി വിവേകാനന്ദന്‍ എന്ന പേര് കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ നമ്മളില്‍ കരുത്തിന്റെ വിദ്യുത് പ്രവാഹമുണ്ടാകാറുണ്ട്. ഇന്നുവരെ ജനിച്ചിട്ടുള്ളവരില്‍ ഏറ്റവും അഭിമാനിയായ വ്യക്തിയാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ ഹിന്ദു പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു അത്. ''ഞാന്‍ തുറന്നുപറയട്ടെ, എന്നെക്കുറിച്ചോര്‍ത്തല്ല, മറിച്ച് എന്റെ പാരമ്പര്യത്തില്‍ ഞാന്‍ തികച്ചും അഭിമാനിക്കുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാപികള്‍ കൂടുതല്‍ കാലം ജീവിക്കും എന്നൊരു ചൊല്ലുണ്ട്. ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവരെല്ലാം പാപികളാണ് എന്നിതിനര്‍ത്ഥമില്ല. എന്നാല്‍ അതിന്റെ നേര്‍വിപരീതം സത്യമാണ് എന്ന് നാം കാണാറുണ്ട്. പല മഹദ് ജീവിതങ്ങളും വളരെ ഹ്രസ്വമായിരുന്നു. ഉദാഹരണത്തിന് ആദിശങ്കരന്‍ ജീവിച്ചിരുന്നത് കേവലം മൂന്ന് ദശാബ്ദത്തോളമാണ്. ഛത്രപതി ശിവജി വിടപറഞ്ഞത് അന്‍പത്തി ഒന്നാം വയസ്സിലാണ്. ഇതേപോലെ വിവേകാനന്ദന്റെ ജീവിത കാലവും കുറഞ്ഞതായിരുന്നു. 1863 ല്‍ ജനിച്ച അദ്ദേഹം 1902 ല്‍ മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. പക്ഷേ ആ ചുരുങ്ങിയ കാലത്തിനിടെ അദ്ദേഹം പൂര്‍ത്തിയാക്കിയ ദൗത്യം അനുപമവും അപാരവുമായിരുന്നു. അതുകൊണ്ടുതന്നെയാവും നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും ദേശത്തിന് അനന്തമായ പ്രേരണ ചൊരിയുന്ന ശക്തിമത്തായ പ്രതീകമായി അദ്ദേഹം വര്‍ത്തിക്കുന്നത്.

സ്വാമിജിയുടെ സമകാലികനായിരുന്നു മഹാത്മാഗാന്ധി. പക്ഷേ, അവര്‍ ഒരിക്കലും നേരിട്ട് കണ്ടുമുട്ടിയിരുന്നില്ല. വിവേകാനന്ദനെ വായിച്ചപ്പോള്‍ തന്റെ ദേശസ്‌നേഹം ആയിരം മടങ്ങ് വര്‍ധിച്ചു എന്ന് ബേലൂര്‍ രാമകൃഷ്ണ മഠം സന്ദര്‍ശിച്ച വേളയില്‍ ഗാന്ധിജി പറഞ്ഞിരുന്നു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു. ''വിവേകാനന്ദ സാഹിത്യം വളരെ ശ്രദ്ധാപൂര്‍വം മനസ്സിരുത്തി ഞാന്‍ വായിച്ചു. എന്റെ രാഷ്ട്രത്തോടുള്ള പ്രേമം മുന്‍പത്തേക്കാള്‍ ആയിരം മടങ്ങ് കൂടിയതായി എനിക്കനുഭവപ്പെട്ടു.''

നൊബേല്‍ പുരസ്‌കാര ജേതാവും ഫ്രഞ്ച് തത്വചിന്തകനുമായിരുന്ന റൊമെയ്ന്‍ റോളണ്ട് വിവേകാനന്ദ സ്വാമികളുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. സ്വാമിജിയോട് അതിരറ്റ സ്‌നേഹബഹുമാനങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. റൊമെയ്ന്‍ റോളണ്ട് കുറിച്ചിട്ടതിങ്ങനെയായിരുന്നു: ''സ്വാമിജിയുടെ ഓരോ വാക്കും എന്നില്‍ വിദ്യുത് പ്രവാഹമേല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ചുണ്ടില്‍നിന്നുതിര്‍ന്ന വാക്കുകളില്‍നിന്നും അഗ്നി ചിതറിയിരുന്നു.'' തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം സ്വാമിജിയെ നേരിട്ടു കാണാനും, അദ്ദേഹത്തിന്റെ കാല്‍ക്കീഴിലിരിക്കാനും സാധിക്കാതിരുന്നതാണെന്ന് റോളണ്ട് ഒരിക്കല്‍ പറഞ്ഞിരുന്നു.

വിവേകാനന്ദന്‍ വിപ്ലവകാരിയായ സന്ന്യാസിയായിരുന്നു. ഹൈന്ദവതയ്ക്കുനേരെ വിദേശത്ത് ഉയര്‍ന്ന വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള അസാമാന്യധൈര്യവും അറിവും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു. ഹൈന്ദവതയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ അലസരായി കിടന്നിരുന്ന ഹിന്ദു ജനതയെ പരുഷമായ ഉപദേശങ്ങളിലൂടെ അദ്ദേഹം പിടിച്ചുലയ്ക്കുകയും ചെയ്തു. വേദാന്ത സന്ദേശം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിനായി വിശ്രമമില്ലാതെ അദ്ദേഹം ശ്രമിച്ചു. ഹൈന്ദവതയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കാപട്യങ്ങളെയും അന്ധവിശ്വാസങ്ങളെയും അദ്ദേഹം നിര്‍ദ്ദയം തുറന്നുകാട്ടി.

ഹൈന്ദവതയുടെ ചരിത്രത്തിലെയും ഒരു വഴിത്തിരിവായ വര്‍ഷമാണ് 1893. ആ വര്‍ഷം ആഗസ്റ്റിലാണ് ലോകമതമഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സ്വാമിജി അമേരിക്കയില്‍ എത്തിയത്. വളരെ വൈഷമ്യമേറിയ കാലഘട്ടമായിരുന്നു അത്. ഇന്ത്യ ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ഒരു അടിമരാജ്യം! പശ്ചിമദേശത്ത് ഏറെ ആക്ഷേപിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ഹിന്ദുമതം. ഇന്ത്യയെ മോശമായി ചിത്രീകരിക്കാനും അതുവഴി പണമുണ്ടാക്കാനും ശ്രമിച്ച ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കാണ് അതിന് നന്ദി പറയേണ്ടത്! മുപ്പതുവയസ്സുമാത്രം പ്രായമുള്ള ആ ചെറുപ്പക്കാരന്‍ ദേശത്തും വിദേശത്തും അന്ന് തികച്ചും അജ്ഞാതനുമായിരുന്നു.

അമേരിക്കന്‍ മണ്ണില്‍ കാലുറപ്പിച്ച സ്വാമിജിയെ പിന്നെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനായില്ല. അദ്ദേഹത്തിന് നിരവധി കടമ്പകളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. വിദൂരത്തിലുള്ള വിദേശരാജ്യത്ത് ധനത്തിന്റെ ദൗര്‍ലഭ്യവും പരിചയക്കാരുടെ അഭാവവും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പക്ഷേ ധൈര്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഭയം എന്നത് അദ്ദേഹത്തെ തൊട്ടുതീണ്ടിയിട്ടുണ്ടായിരുന്നില്ല. അറിവും പ്രഭാഷണമികവുമായിരുന്നു ആയുധങ്ങള്‍. ആത്മവിശ്വാസം വളരെ ഉയര്‍ന്നതായിരുന്നു. ലോകമത മഹാസമ്മേളനത്തില്‍ പങ്കെടുക്കാനുള്ള പരിചയ പത്രം നല്‍കണമെന്നഭ്യര്‍ത്ഥിച്ച സ്വാമിജിയോട് പ്രൊഫസര്‍ ജോണ്‍ ഹെന്റി ബ്രൈറ്റ് പറഞ്ഞത്രെ:  ''സ്വാമിജി, സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ താങ്കളോട് പരിചയപത്രം ആവശ്യപ്പെടുന്നത് സൂര്യനോട് പ്രകാശിക്കുവാനുള്ള അവകാശമെന്തെന്ന് ചോദിക്കുന്നതുപോലെയാണ്.'' 

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ തത്വചിന്താ വകുപ്പിന്റെ തലവനാകാന്‍ ക്ഷണിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായിരുന്നു സ്വാമിജി എന്നും നാമോര്‍ക്കേണ്ടതുണ്ട്. അദ്ദേഹം ആ ക്ഷണം വളരെ വിനയത്തോടെ നിരസിക്കുകയാണുണ്ടായത്.

ലോകമത മഹാസമ്മേളനം അക്കാലത്ത് പുതിയ അനുഭവമായിരുന്നു. ആ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച സമിതിയുടെ അധ്യക്ഷന്‍ ജോണ്‍ ബാരോസ് എന്ന ക്രിസ്ത്യന്‍ പുരോഹിതനായിരുന്നു.  ഏതാണ്ട് 190 ഓളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍അവതരിപ്പിക്കപ്പെട്ടു. അതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ പണ്ഡിതന്മാരാണ് അവതരിപ്പിച്ചത്. ആ ദശദിന സമ്മേളനത്തില്‍ മൂന്നുതവണയാണ് വിവേകാനന്ദന്‍ സംസാരിച്ചത്. തന്റെ അനുപമമായ പ്രഭാഷണ മികവുകൊണ്ടും ചിന്തകളുടെ തെളിമകൊണ്ടും അദ്ദേഹം സമ്മേളനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ' എന്ന ആദ്യ സംബോധനയിലൂടെ തന്നെ സ്വാമിജി അവരുടെ ഹൃദയം കവര്‍ന്നു. നീണ്ട കരഘോഷത്തോടെയാണ് വിവേകാനന്ദന്റെ ആ വാക്കുകളെ അവര്‍ സ്വീകരിച്ചത്. ഹിന്ദുമതത്തെയും വേദാന്തത്തെയും വളരെ കൃത്യമായി അദ്ദേഹം അവരുടെ മുന്നില്‍ അവതരിപ്പിച്ചു. ഭാരതത്തെക്കുറിച്ച് വ്യക്തമായ ധാരണ സദസ്യരില്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ചിക്കാഗോയിലെ പരിപാടിയുടെ പശ്ചാത്തലത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. പ്രമുഖ ക്രൈസ്തവ കൂട്ടായ്മയായിരുന്നു ആ പരിപാടി സംഘടിപ്പിച്ചിരുന്നത്. സമ്മേളനാരംഭത്തിനു മുന്‍പുതന്നെ കൗതുകവും കുറ്റപ്പെടുത്തലുകളും ഒരുപോലെ ഉയര്‍ന്നിരുന്നു. ലണ്ടനിലെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് തന്റെ വിയോജിപ്പറിയിച്ചുകൊണ്ട് അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. ''ക്രൈസ്തവ മതം മാത്രമാണ് ഏകമതം. അതെങ്ങനെയാണ് ഒരു മതസമ്മേളനത്തിലെ അംഗമാകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''

വേദാന്തത്തിലധിഷ്ഠിതമായ വിശ്വമതം എന്ന ആശയം വിവേകാനന്ദന്‍ മുന്നോട്ടുവച്ചു. ലോകമത മഹാസമ്മേളനത്തിന്റെ സംഘാടകര്‍, ബാരോസ് ഉള്‍പ്പെടെ സ്വാമിജിയുടെ ആശയങ്ങള്‍ ക്രിസ്തുമതത്തിന് വെല്ലുവിളിയുയര്‍ത്തുമെന്ന് തിരിച്ചറിഞ്ഞിരുന്നു. ക്രൈസ്തവമതത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിക്കാത്തിടംവരെ മാത്രം സ്വാമിജിയുടെ കാഴ്ചപ്പാടുകള്‍ അവര്‍ക്കു സ്വീകാര്യമായിരുന്നു. ബാരോസ് തന്റെ സമാപനപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ''ക്രിസ്തുമതം തന്നെയാണ് മാനവികതയുടെ അഭയസ്ഥാനമെന്ന് സമ്മേളനം തെളിയിച്ചിരിക്കുന്നു. ക്രിസ്തുദേവനോളം ശ്രേഷ്ഠനായ മറ്റൊരു ഗുരു വേറെയില്ലതന്നെ. ഏക രക്ഷകനും ക്രിസ്തു മാത്രമാണ്. ക്രൈസ്തവേതര സമൂഹം വിമര്‍ശനങ്ങളും അഭിപ്രായങ്ങളും ഉയര്‍ത്തിയേക്കാം. പക്ഷേ ക്രിസ്ത്യന്‍ സമൂഹത്തിന് അതില്‍നിന്നും കൂട്ടിച്ചേര്‍ക്കാന്‍ ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.''

ലോകമതമഹാസമ്മേളനത്തെക്കുറിച്ചുള്ള 'അവലോകന'ത്തില്‍ ബാരോസ് വളരെ പ്രത്യക്ഷമായിത്തന്നെ വിവേകാനന്ദനെ ആക്രമിക്കുന്നുണ്ട്. ''ഒരു വിശ്വമതം ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത സമ്മേളനത്തിന്റെ സംഘാടകരുടെ മനസ്സില്‍ ഇല്ല. അത്തരം ഒരു മതത്തിനുണ്ടാവേണ്ട സവിശേഷതകള്‍ ക്രൈസ്തവമതത്തിലും ഗ്രന്ഥങ്ങളിലും ഇപ്പോള്‍തന്നെയുണ്ട്. അതുകൊണ്ടുതന്നെ പുതിയ ഒന്ന് സൃഷ്ടിക്കണമെന്ന ചിന്ത അവര്‍ക്കില്ല.''

എന്തായാലും ഒരു നവതാരകത്തിന്റെ ഉദയത്തിന് ആ സമ്മേളനം സാക്ഷ്യംവഹിച്ചു. വിവേകാനന്ദന്‍ മുന്നോട്ടുവച്ച ആശയത്തെ അധികരിച്ച് ഒരുപാട് പ്രബന്ധങ്ങള്‍ എഴുതപ്പെട്ടു. സ്വാമിജിയെപ്പോലുള്ളവര്‍ക്ക് ജന്മംനല്‍കിയ ഭാരതത്തിലേക്ക് ക്രൈസ്തവ മിഷണറിമാരെ അയയ്ക്കുന്നത് കൊല്ലക്കുടിയില്‍ സൂചി വില്‍ക്കാന്‍ ശ്രമിക്കുന്നതുപോലെ അപഹാസ്യമാണെന്നാണ് ഒരു ദിനപത്രം അഭിപ്രായപ്പെട്ടത്.

രാം മാധവ്

(ബിജെപി ദേശീയ ജനറല്‍ 

സെക്രട്ടറിയും ഇന്ത്യാ ഫൗണ്ടേഷന്‍ 

ഡയറക്ടറുമാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.