കോടിയേരിയുടെ പൂജയ്ക്ക് പിന്നാലെ ജയരാജന്റെ ആധ്യാത്മിക പ്രസംഗവും വിവാദത്തില്‍

Friday 12 January 2018 2:50 am IST

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മറ്റിയംഗവും എംഎല്‍എയുമായ ഇ.പി. ജയരാജന്‍ ക്ഷേത്രാനുഷ്ഠാനങ്ങളെ പ്രകീര്‍ത്തിച്ച് നടത്തിയ പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജകള്‍ കഴിച്ചതിന് പിന്നാലെയാണിത്. 

ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ട്. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കും. നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കും. ചെറുവത്തൂര്‍ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ഇ.പി. ജയരാജന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ നന്മയുണ്ടാക്കും. മനുഷ്യന്റെ കര്‍മ്മശേഷി കൂട്ടും. 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു. ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും ഉദ്ഘാടന പ്രസംഗത്തി ല്‍ ജയരാജന്‍ പറഞ്ഞു. 

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ്  ജയരാജന്‍ ക്ഷേത്രങ്ങളേയും ദൈവാരാധനയേയും പ്രകീര്‍ത്തിച്ചത്.  

ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിനും തെയ്യംകെട്ടു പോലുളള അനുഷ്ഠാന ചടങ്ങുകളില്‍ പങ്കുചേരുകയും ചെയ്തതിന്റെ പേരി ല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേയും പ്രാദേശിക നേതാക്കള്‍ക്കെതിരേയും നടപടിയെടുത്ത നിരവധി സംഭവങ്ങള്‍ പാര്‍ട്ടിയിലുണ്ട്. 

ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണജയന്തി നാളില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് കഴിക്കുകയും ശ്രീകൃഷ്ണ വേഷധാരികളായ കുട്ടികളുമായി സംവദിക്കുകയും ചെയ്ത ദേവസ്വം മന്ത്രി കടകംപളളിയുടെ നടപടി പാര്‍ട്ടിക്കുളളില്‍  പ്രതിഷേധത്തിന് കാരണമായിരുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.