ലോക കേരള സഭ ചാപിള്ള

Friday 12 January 2018 2:30 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു രൂപീകരിക്കുന്ന ലോക കേരളസഭ ചാപിള്ള. വ്യക്തമായ കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാതെ തട്ടിക്കൂട്ടല്‍ ആയി മാറിയതോടെ പ്രമുഖര്‍ പലരും സഭയിലെ അംഗത്വം നിഷേധിച്ചു. സഭയിലെ പരിപാടികള്‍ എന്തെന്നതിലും വ്യക്തതയില്ല. തര്‍ക്കത്തെതുടര്‍ന്ന് വിദേശത്തുനിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചത് സഭ ചേരുന്നതിന്റെ തലേന്ന്. സഭയില്‍ അംഗമാക്കി എന്ന അറിയിപ്പ് ലഭിച്ച പലര്‍ക്കും പട്ടിക വന്നപ്പോള്‍ സ്ഥാനമില്ലാതായി. അപ്രശസ്തരായ ചിലര്‍ അംഗത്വം നേടുകയും ചെയ്തു.

ആദ്യത്തെ പട്ടികയിലുണ്ടായിരുന്ന 30 പ്രമുഖ മലയാളികളില്‍ ഗീതാ ഗോപിനാഥിനെ മാത്രം ഒഴിവാക്കി. അമേരിക്കയില്‍ താമസിക്കുന്ന ഗീതയെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് വിവാദമായിരുന്നു. ഗീതക്കു പകരം അഡ്വ. കെ. കെ. വേണുഗോപാല്‍ പട്ടികയിലുണ്ട്. തലമുതിര്‍ന്ന അഭിഭാഷകനും അറ്റോര്‍ണി ജനറലുമായ അദ്ദേഹത്തെ  പകരക്കാരനായി ഉള്‍പ്പെടുത്തിയത്  അപമാനിക്കുന്നതിനു തുല്യമാണ്.   കേസുകളില്‍ അന്വേഷണം നേരിടുന്നവരും അംഗങ്ങളായുണ്ട്. ആസ്‌ട്രേലിയയില്‍നിന്നുള്ള നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച് അവിടുന്നുള്ള പ്രവാസി നേതാക്കള്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉപവാസം ഇരിക്കും. പി. കെ. ശ്രീമതി ടീച്ചറുടെ സഹോദര പുത്രനെയാണ് നിയമിച്ചതെന്നും പൊതു സമൂഹവുമായി ബന്ധമില്ലാത്തയാളാണെന്നുമാണ് ആരോപണം.

 വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാരായ മലയാളികളുടെ പൊതുവേദിയാണ് ലോക കേരളസഭ. നിയമസഭ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും ഉള്‍പ്പെടെ 351 ആണ് അംഗബലം. പ്രവാസികളെ പ്രതിനിധീകരിച്ച് 177 പേരെ സംസ്ഥാന സര്‍ക്കാരാണ് നാമനിര്‍ദ്ദേശം ചെയ്യുക. വിദേശത്തുള്ള 100 പേരുടെ തെരഞ്ഞെടുപ്പാണ് പ്രശ്‌നമായത്. അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാകണം. 

പക്ഷെ  നിയമിക്കപ്പെട്ടവരില്‍ 28 പേര്‍ വിദേശ പൗരന്മാരായിരുന്നു. അമേരിക്ക, മലേഷ്യ, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട ഭൂരിഭാഗംപേരും അതത് രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിദേശപൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇങ്ങനെ പൗരത്വം നഷ്ടപ്പെട്ടവരെ കേരള സഭയില്‍ എടുത്തത് പുലിവാലായി.

അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണ്. അതിനാല്‍ രാഷ്ടീയ നിയമനമാകും. അത് വിദേശപൗരത്വം ഉള്ളവര്‍ക്ക് ആ രാജ്യത്തും പ്രശ്‌നം സൃഷ്ടിക്കും. സ്വന്തം പൗരന്മാര്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഔദ്യോഗികപദവി ഏറ്റടുത്താല്‍ അമേരിക്കയും മറ്റും എങ്ങനെ പ്രതികരിക്കും എന്ന ഭയവും അംഗത്വം കിട്ടിയവര്‍ക്കുണ്ട്.

വിദേശപൗരത്വമുള്ള ഭാരതീയര്‍ക്ക് ഒസിഐ കാര്‍ഡ് അടുത്തകാലത്തായി നല്‍കുന്നുണ്ട്. രാജ്യത്ത് തുടര്‍ച്ചയായി പ്രവേശിക്കാനും ഇടയ്ക്കിടെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനും ഈ കാര്‍ഡ് ഉപയോഗിക്കാം. ഇന്ത്യന്‍ പൗരനുള്ള മറ്റവകാശങ്ങള്‍ ഒസിഐ കാര്‍ഡുള്ളവര്‍ക്കില്ലെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കേരളസഭയിലെ അംഗത്വം ഒസിഐ കാര്‍ഡ് നഷ്ടപ്പെടാന്‍ കാരണമാകും. അംഗത്വം ലഭിച്ച പലരും കുടുക്ക് മനസ്സിലായി പിന്‍മാറി.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.