ഒരു സ്റ്റാര്‍ട്ടപ്പ് കുതിപ്പ്

Thursday 11 January 2018 11:45 pm IST

എഞ്ചിനിയറിങ് പഠിക്കുന്നതിനിടയില്‍ കൂട്ടുകാര്‍ക്കൊപ്പം മകന്‍ സംരംഭം തുടങ്ങാന്‍ എടുത്തുചാടുമ്പോള്‍ വിജയകുമാറിനും ലീലയ്ക്കും ആശങ്കയേറെയായിരുന്നു. സംരംഭങ്ങള്‍ തുടങ്ങാനും അത് വിജയിപ്പിക്കാനുമുള്ള കഴിവ് വിദ്യാര്‍ത്ഥിയായ മകനുണ്ടാകുമോ എന്നായിരുന്നു അവരുടെ ചിന്ത. കാലങ്ങള്‍ക്കിപ്പുറം, കളമശ്ശേരിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയാണ്  സഞ്ജയ് വിജയകുമാര്‍ രക്ഷിതാക്കളുടെ ആശങ്ക ഷട്ട്ഡൗണ്‍ ചെയ്തത്.

നല്ല ഒരാശയവും സാങ്കേതിക വിദ്യയിലൂടെ അതിനെ കൂടുതല്‍ മെച്ചപ്പെടുത്താനും കഴിയുമെങ്കില്‍ ഇവിടെ ആര്‍ക്കും സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കാനാകുമെന്ന് സഞ്ജയും ഏഴുകൂട്ടുകാരും തെളിയിച്ചു. സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്റ്റീവ് ചെയര്‍മാനും വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാര്‍ട്ടപ്പ് കൗണ്‍സില്‍ ഉപദേഷ്ടാവുമാണ് സഞ്ജയ് ഇപ്പോള്‍. 

മൊബൈല്‍ റേഞ്ച് പിടിച്ച് തുടക്കം

മൊബൈല്‍ ഫോണുകള്‍ ആളുകളുടെ അടുത്തെത്തി തുടങ്ങിയന്ന കാലം. ഭാവിയില്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 90 കോടിയായി ഉയരുമെന്ന് സര്‍ക്കാര്‍ കണക്കുകളും സൂചന നല്‍കി. ഈ കണക്കുകള്‍ കൂട്ടിക്കിഴിച്ചാണ് തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജ്, ശ്രീചിത്ര തിരുനാള്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്ന സഞ്ജയ് ഉള്‍പ്പെടെയുള്ള എട്ടു വിദ്യാര്‍ത്ഥികള്‍ പുതിയ സംരംഭം തുടങ്ങാന്‍ പദ്ധതിയിടുന്നത്. മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, സോണി ജോയ്, വിവേക് ഫ്രാന്‍സിസ്, വിഷ്ണുഗോപാല്‍, ലിഷോയ് ഭാസ്‌കര്‍,പ്രണവ് കുമാര്‍, ജോസ് ലൂക്ക് എന്നിവരായിരുന്നു  കൂട്ടുകാര്‍. ഒരു തവണ ഉപയോഗിച്ചാല്‍ പിന്നെ ആര്‍ക്കും മൊബൈല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഈ എട്ടംഗസംഘം തിരിച്ചറിഞ്ഞു. അങ്ങനെ ബിപിഎല്‍ മൊബൈലുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സിംകാര്‍ഡ് നിര്‍മ്മിച്ച് വിപണിയിലെത്തിച്ചു.  14,000 സിംകാര്‍ഡുകളാണ് അന്ന് വിറ്റത്. എട്ടു ലക്ഷം രൂപ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ കിട്ടി. ആ മൂലധനമാണ് മോബ് മി വയര്‍ലെസ് എന്ന മൊബൈല്‍ ഇന്റര്‍നെറ്റ് കമ്പനിയുടെ പിറവിക്ക് കാരണമായത്.

സഞ്ജയും കൂട്ടുകാരും കോളേജില്‍ നിന്ന് പഠിച്ചിറങ്ങുമ്പോള്‍ മോബ്മി രണ്ടരക്കോടി രൂപ മൂലധനമായി സ്വരൂപിച്ചിരുന്നു. ടെലികോം രംഗത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുക്കുന്ന കമ്പനിയായി അത് മാറി. 100 പേര്‍ക്ക് ജോലി നല്‍കിയതോടെ സഞ്ജയും മോബ്മിയും അറിയപ്പെട്ടു തുടങ്ങി. 

കേരളത്തില്‍ പിറന്നത് 533 സ്റ്റാര്‍ട്ടപ്പുകള്‍

വിദ്യാര്‍ത്ഥി സംരംഭകനെന്ന നിലയിലുള്ള വിജയം സ്വന്തം ലാഭത്തിനുവേണ്ടി മാത്രം ഉപയോഗിക്കാന്‍ സഞ്ജയ് തയ്യാറായിരുന്നില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് കളമശ്ശേരിയില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിന് തുടക്കമിടുന്നതില്‍ സഞ്ജയ് നിര്‍ണ്ണായക പങ്കുവഹിച്ചു. 2012ലായിരുന്നു ഇത്. ആയിരം ദിവസത്തിനകം 533 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ യുവാക്കള്‍ മുന്നോട്ടുവന്നു. 

മോബ്മിയില്‍ നിന്ന് തന്നെ ചില്ലര്‍ എന്ന പുതിയ കമ്പനി വന്നു. ബാങ്കിങ് രംഗത്ത് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിച്ചു. ടെലികോം രംഗത്തും സാന്നിധ്യം ശക്തമാക്കി. ബിഗ് ഡേറ്റാ, മെഷീന്‍ ലേണിങ്, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍, മൊബൈല്‍ പാസ് ബുക്ക് തുടങ്ങിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. 

2015-16 അവസാനത്തോടെ സ്റ്റാര്‍ട്ട്പ്പ് വില്ലേജ് പദ്ധതി പൂര്‍ത്തിയായി. ഇന്ത്യയിലെ മികച്ച ഇന്‍ക്യൂബേറ്ററിനുള്ള കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡും സഞ്ജയിന്റെ ചിറകിലേറി കൊച്ചി സ്റ്റാര്‍ട്ടപ്പിന് ലഭിച്ചു. ഓണ്‍ട്രപ്രണര്‍ മാഗസിന്റെ ഇന്ത്യയിലെ മികച്ച ഇന്‍ക്യുബേറ്റര്‍ അവാര്‍ഡും സ്വന്തമായി. സ്റ്റാര്‍ട്ടപ്പ് വില്ലേജ് കളക്ടീവിന്റെ(എസ്‌വി.കോ) തലപ്പത്തിരുന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് വിപ്ലവം ലോകമാകെ പടര്‍ത്തുകയാണ് സഞ്ജയ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ ഓഫ് ഇന്നവേഷന്‍ സ്ഥാപിക്കാന്‍ ഫെയ്‌സ്ബുക്കുമായി കരാര്‍ ഒപ്പിട്ടു. പുതിയ സാങ്കേതിക വിദ്യകള്‍ വികസപ്പിച്ചെടുക്കുന്ന സമയത്ത് തന്നെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണിത്.

തിരുവനന്തപുരം കരമന ആനന്ദനഗര്‍ കാര്‍ത്തികയില്‍ നിന്ന് ലോകം അറിയുന്ന സംരംഭകനും ഇന്തോയുഎസ് ശാസ്ത്ര സാങ്കേതിക ഫോറം പ്രതിനിധിയുമായി മാറിയ സഞ്ജയിന് വിദ്യാര്‍ത്ഥികളോട് പറയാനുള്ളത് ഇത്രമാത്രം. മറ്റൊരാള്‍ സഞ്ചരിച്ച വഴിയിലൂടെയല്ല നിങ്ങള്‍ നടക്കേണ്ടത്, ഓരോരുത്തരും സ്വന്തം വഴികളിലൂടെ സഞ്ചരിക്കണം. ഭാവിയിലെന്താണ് വേണ്ടതെന്ന് തിരിച്ചറിയണം. അവിടെയാണ് പുതിയ ആശയം പിറക്കുന്നത്'

രാജേഷ് രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.