കരുനീക്കങ്ങളിലെ കരുത്ത്

Friday 12 January 2018 2:30 am IST

ചെസില്‍ അശ്വമേധം തുടരുന്ന കേരളത്തിന്റെ പ്രിയപ്പെട്ട നിഹാല്‍ സരിന്റെ യാത്ര ഇനി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയെന്ന ചരിത്ര നേട്ടത്തിലേക്ക്. രാജ്യാന്തര ഫിഡേ റേറ്റിംഗില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ഈ പതിമൂന്നുകാരന്‍ 

കരുക്കള്‍ വെട്ടിവെട്ടി മുന്നേറുന്ന നിഹാലിന് ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നാലു തവണയായി നഷ്ടപ്പെടുന്നത് അര പോയിന്റ് വ്യത്യാസത്തില്‍. ഇന്റര്‍ നാഷണല്‍ ചെസ് ഒളിമ്പിക്‌സില്‍ അണ്ടര്‍-16 വിഭാഗത്തില്‍ 13-ാം വയസില്‍ അംഗമായത് നിഹാലിന്റെ കഴിവിനുള്ള അംഗീകാരം. ചെറു പ്രായത്തിനുള്ളില്‍ നിരവധി രാജ്യങ്ങളിലെ വിവിധ ടൂര്‍ണമെന്ററുകളില്‍ കളിച്ചു. കഴിഞ്ഞ വര്‍ഷം 15 ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ കരുക്കള്‍ നീക്കി. 

ലോക യൂത്ത് ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണം, ഇന്റര്‍നാഷണല്‍ റാപ്പിഡ് ചെസ് ചാമ്പ്യന്‍, കേരളത്തില്‍ നിന്നുള്ള  ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍ നാഷണല്‍ മാസ്റ്റര്‍, ദേശീയ അണ്ടര്‍ 9 ചാമ്പ്യന്‍, നാലു തവണ അണ്ടര്‍ ഏഴ്, ഒമ്പത്, 11 വിഭാഗങ്ങളില്‍ സംസ്ഥാന ചാമ്പ്യന്‍, എഴുപതിലേറെ സംസ്ഥാനതല ചാമ്പ്യന്‍പട്ടങ്ങള്‍... ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമനും ഇന്ത്യയില്‍ രണ്ടാമനുമാണ് നിഹാല്‍. 

ഈ നേട്ടം കൈവരിച്ചത് മോസ്‌കോയിലെ ഏറെ ഫ്‌ളോട്ട് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ലോകതാരങ്ങളെ അട്ടിമറിച്ച്. 2500 എന്ന ഫിഡെ റേറ്റിങ് നഷ്ടമാകാതിരിക്കാന്‍ നീഹാല്‍ ഇപ്പോള്‍  ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്റുകളില്‍ മാത്രമേ നിഹാല്‍ ഇപ്പോള്‍ മാറ്റുരക്കുന്നുള്ളൂ. 

ഈ അത്ഭുത ബാലന്‍ തൃശൂര്‍ പാട്ടുരായ്ക്കല്‍ ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പൂത്തോള്‍ 'ശ്രുതി'യില്‍ നിഹാലിലെ ചെസ് പ്രതിഭയെ ആദ്യം കണ്ടെത്തിയത് മുത്തച്ഛന്‍ എ.എ. ഉമ്മര്‍.  തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ത്വക് രോഗ വിഭാഗത്തിലെ ഡോ.സരിന്‍, മാനസിക രോഗം വിഭാഗത്തിലെ ഡോ.ഷിജിന്‍ എന്നിവരുടെ മകനാണ്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹയാണ് സഹോദരി.

ഇപ്പോള്‍ നേരിടുന്ന പ്രധാന 'എതിരാളി' സാമ്പത്തിക ബുദ്ധിമുട്ട്. മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഫീസ്, യാത്രാചെലവ്, പരിശീലകര്‍ക്കുള്ള ഫീസ്, ഇവര്‍ക്കുള്ള താമസചെലവ് എന്നിവയെല്ലാം പ്രതിസന്ധിയാവുന്നുണ്ട്. ഇപ്പോഴുള്ള സ്‌പോണ്‍സര്‍ഷിപ്പിന്റെ കാലാവധി അവസാനിക്കാറായി. 

ഇന്റര്‍ നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ചാമ്പ്യനായി രണ്ടു നോം കൂടി നേടി ഗ്രാന്‍ഡ് മാസ്റ്ററാകുകയെന്നതാണ് നിഹാലിന്റെ ഇപ്പോഴത്തെ സ്വപ്‌നം.

എം.എ. ഷാജി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.