കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

Friday 12 January 2018 2:52 am IST

ന്യൂദല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ. എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതിയിലെ ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള കൊളീജിയം തീരുമാനിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ആന്റണി  ഡൊമിനിക്കിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിശ്ചയിച്ചു. ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ആന്ധ്രാ-തെലങ്കാന ചീഫ് ജസ്റ്റിസാക്കും.

എറണാകുളം സ്വദേശിയായ കെ.എം. ജോസഫ് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.കെ. മാത്യുവിന്റെ മകനാണ്. ദല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച കെ.എം. ജോസഫ് പിന്നീട് കേരളാ ഹൈക്കോടതിയിലേക്ക് മാറി. 2004ല്‍ കേരളാ ഹൈക്കോടതിയില്‍ ജഡ്ജായി . 2014 ജൂലൈയിലാണ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായത്. കൊളീജിയം ആന്ധ്രാ-തെലങ്കാന ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല.

സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ ജഡ്ജായി നിയമനം ലഭിക്കുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. സുപ്രീംകോടതി ജഡ്ജാകുന്ന ഏഴാമത്തെ വനിത. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഓം പ്രകാശ് മല്‍ഹോത്രയുടെ മകളാണ് ഇന്ദു മല്‍ഹോത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.