കേന്ദ്ര പദ്ധതികള്‍; കേരളത്തിന്റെ പിഴവ് മൂലം 6000 കോടി നഷ്ടം

Friday 12 January 2018 2:30 am IST

തിരുവനന്തപുരം: പദ്ധതികള്‍ നടപ്പാക്കുന്നത് വൈകിയതു കാരണം കേരളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന  പ്രധാന കേന്ദ്രപദ്ധതികളുടെ ചെലവില്‍ 6097.57 കോടി രൂപയുടെ വര്‍ദ്ധന. 150 കോടി രൂപയില്‍ കൂടുതല്‍ ചെലവുള്ള  21 കേന്ദ്ര പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഇതിന് 21,774.25 കോടി രൂപയാണ് മൊത്തം ചെലവ് കണക്കാക്കിയിരുന്നത്. ഭൂമി ഏറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും കാരണം പദ്ധതി നടപ്പിലാക്കുന്നത് വൈകിയപ്പോള്‍ പദ്ധതിച്ചെലവ് 27,872 കോടി രൂപയായി .

കാലതാമസം മൂലം പദ്ധതി ചെലവ് കൂടിയത് ഏഴ് പദ്ധതികള്‍ക്കാണ്. 202.08 ശതമാനം തുകയാണ് കൂടുതല്‍ ചെലവാകുക. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ (3231.90 കോടി), അങ്കമാലി-ശബരി പാത (2265.62 കോടി), വല്ലാര്‍പാടം-കൊച്ചി കപ്പല്‍ശാല റെയില്‍ (164.16 കോടി), ചിങ്ങവനം-ചെങ്ങന്നൂര്‍ റെയില്‍ ഇരട്ടിപ്പിക്കല്‍ (151.13 കോടി), വൈപ്പിന്‍ എല്‍എന്‍ജി (107.19 കോടി), ആലപ്പുഴ ബൈപ്പാസ് (92.68 കോടി), കൊല്ലം ബൈപാസ് (84.89 കോടി).

21 പദ്ധതികളില്‍ ഏഴ് എണ്ണം 1000 കോടിയില്‍ അധികം ചെലവു വരുന്നവയാണ്. 16,657.19 കോടി വകയിരുത്തിയിരുന്നത് 22,154.71 കോടി ആയി. കോഴിക്കോട് ഹോസ്റ്റല്‍ (65 മാസം) ദേശീയ പാത തൃശ്ശൂര്‍-വടക്കാഞ്ചേരി ആറുവരി( 64 മാസം), കൊച്ചി മെട്രോ (29 മാസം), ഐസര്‍ ബില്‍ഡിങ് (25 മാസം) എല്‍ എന്‍ ജി ടെര്‍മിനല്‍ (17 മാസം) എന്നിവയാണ് കൂടുതല്‍ കാലതാമസം വരുത്തിയ പദ്ധതികള്‍. 

കേരളത്തിലെ കേന്ദ്ര പദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്ര പദ്ധതി നിര്‍വഹണ മന്ത്രി സദാനന്ദ ഗൗഡ ഇന്നലെ തിരുവന്തപുരത്ത് എത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വിലയിരുത്തല്‍ യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുകയോ കേ്രന്ദ മന്ത്രിയുമായി ചര്‍ച്ച നടത്തുകയോ ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍  സദാനന്ദ ഗൗഡ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.