പിണറായി വിരട്ടി; പണം പാര്‍ട്ടി നല്‍കില്ല

Friday 12 January 2018 2:55 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ആകാശ യാത്രയുടെ പണം പാര്‍ട്ടി നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി  സെക്രട്ടേറിയറ്റാണ് തീരുമാനിച്ചത്.  മുഖ്യമന്ത്രിയുടെ വിരട്ടലിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നിലപാടു മാറ്റം. 

ഓഖി ഫണ്ടില്‍ നിന്നു ഹെലിക്കോപ്ടര്‍ വാടക നല്‍കിയത് വിവാദമായതിനു പിന്നാലെ വാടക പാര്‍ട്ടി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെയും മന്ത്രിയുടെയും പ്രതികരണം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ഇതിനെതിരെ തന്റെ നിലപാട് ഇടുക്കി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തു. 

തന്നോട് ആലോചിക്കാതെ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിയും നിലപാടെടുത്തത് എന്തിനെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വാടക പാര്‍ട്ടി നല്‍കുമെന്ന് പാര്‍ട്ടി സെക്രട്ടറിക്കു മുമ്പേ പ്രഖ്യാപിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം. ആരോട് ചോദിച്ചിട്ടാണ്  പ്രസ്താവന നടത്തുന്നതെന്ന് ചോദിച്ച  മുഖ്യമന്ത്രി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. വാടക പാര്‍ട്ടി നല്‍കിയാല്‍ തെറ്റ് ചെയ്‌തെന്ന് സമൂഹം വിലയിരുത്തും. അതിനാല്‍ തീരുമാനം തിരുത്താന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്  വാടക പാര്‍ട്ടി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പില്‍ നിന്ന് നല്‍കാനും സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 

ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ രക്ഷയ്ക്കായി മുന്‍ ചീഫ് സെക്രട്ടറി കെ.എം .എബ്രഹാം രംഗത്തെത്തി. വാടക നല്‍കുന്നത് പതിവ് കാര്യമെന്നാണ് എബ്രഹാമിന്റെ നിലപാട്. കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി വന്നത്. മുഖ്യമന്ത്രി  തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താന്‍ പറഞ്ഞിട്ടാണ് ഹെലിക്കോപ്ടര്‍ ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സംഘം നാലുദിവസം ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു തിടുക്കം. 

വാടക വിവാദത്തില്‍ റവന്യൂമന്ത്രിയുടെ ഓഫീസ് ഇന്നലെ മൗനം പാലിച്ചു. മന്ത്രി അറിയാതെ റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ ഇറക്കിയ ഉത്തരവിനെക്കുറിച്ച്  വിശദീകരണം തേടുമെന്ന് അറിയിച്ചിരുന്നെങ്കിലും അതേക്കുറിച്ചും മിണ്ടാട്ടമില്ല. 

അജി ബുധന്നൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.