ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ, കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചു

Friday 12 January 2018 10:13 am IST

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2 അടക്കം മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ച് വീണ്ടും ഐഎസ്ആര്‍ഒ. നാലു മാസം മുന്‍പുണ്ടായ പരാജയത്തിന്റെ സങ്കടം അറബിക്കടലിലെറിഞ്ഞാണ് ഇേ്രസാ വീണ്ടും കൃത്യമായ ഭ്രമണപഥത്തില്‍ എത്തിയത്. 

ഇന്നലെ രാവിലെ 9.28ന് ഇന്ത്യയുടെ വിശ്വസ്ത  റോക്കറ്റായ പിഎസ്എല്‍വി സി 40 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. 17-ാം മിനിറ്റില്‍ 710 കിേലാ ഭാരമുള്ള, ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2നെ 510 കിലോമീറ്റര്‍ ഉയരത്തിലുള്ള  സൗരസ്ഥിര ഭ്രമണപഥത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ തന്നെ ഒരു ചെറു ഉപഗ്രഹത്തെ 359 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാക്കി. പിന്നീട് ഏഴു മിനിറ്റിനുള്ളില്‍ ബാക്കി 29 ഉപഗ്രഹങ്ങളെയും ഇറക്കിവിട്ടു. കാര്‍ട്ടോസാറ്റും രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് ഇന്ത്യയുടേത്. അമേരിക്ക, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ 28 നാനോ ഉപഗ്രഹങ്ങളാണ് മറ്റുള്ളവ. പിഎസ്എല്‍വിയുടെ നാല്പ്പതാമത്തെ വിജയകരമായ വിക്ഷേപണം കൂടിയാണിത്. ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് രണ്ട്.

കാര്‍ട്ടോസാറ്റ് തൃപ്തികരമായി പ്രവര്‍ത്തിച്ചു തുടങ്ങി. ഗംഭീരമായ ദൗത്യമെന്നാണ് വിജയകരമായ വിക്ഷേപണത്തെ വിരമിക്കുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ വിശേഷിപ്പിച്ചത്. വിജയം, വിരമിക്കുന്ന ചെയര്‍മാന്‍ കിരണ്‍കുമാറിനുള്ള ആദരവാണ്. സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ മേധാവി പി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ആഗസ്റ്റില്‍ പിഎസ്എല്‍വി 39 റോക്കറ്റിലുള്ള വിക്ഷേപണം ഭാഗികമായി പരാജയമടഞ്ഞിരുന്നു. ഉപഗ്രഹത്തില്‍ നിന്ന് താപകവചം വേറിടാത്തതായിരുന്നു കാരണം. ഈ കവചവുമായി ഉപഗ്രഹം ഇപ്പോഴും ഭ്രമണപഥത്തിലുണ്ട്. പക്ഷെ പ്രയോജനം ഇല്ലെന്നു മാത്രം. കഴിഞ്ഞ വര്‍ഷം 101 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

വിജയകരമായ ദൗത്യത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശാസ്ത്രജ്ഞരെ അനുമോദിച്ചു.

എതിർപ്പുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളെ എതിര്‍ത്ത് പാക്കിസ്ഥാന്‍. ഇവയ്ക്ക് രണ്ട് ലക്ഷ്യങ്ങളുണ്ടെന്നാണ് പാക്കിസ്ഥാന്റെ കണ്ടുപിടിത്തം. ഒന്ന് സാധാരണ ലക്ഷ്യം. രണ്ട് സൈനികം. സൈനിക ലക്ഷ്യം മേഖലയിലെ സമാധാനം തകര്‍ക്കും, പാക് വിദേശകാര്യവക്താവ് പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.