നാമായിത്തീര്‍ന്ന നായകന്‍

Friday 12 January 2018 10:17 am IST

''ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ പഠിക്കൂ. അദ്ദേഹത്തില്‍ സര്‍വ്വവും സാധകമാണ്. ഒന്നും നിഷേധകമല്ല''- വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ റോമാ റൊളാങ്ങിനോട് വിശ്വമഹാകവി ടാഗോര്‍ പറഞ്ഞതാണിത്. അതിപ്രാചീനമായ ഋഷിഭാരതത്തിന്റെ ആത്മസത്ത ഘനീഭവിച്ചതാണ് സ്വാമി വിവേകാനന്ദനെന്ന് അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യയായ ഭഗിനി നിവേദിതയും വ്യക്തമാക്കിയിട്ടുണ്ട്.

''അങ്ങ് ഞങ്ങളെ ഹിപ്നോട്ടൈസ് ചെയ്യുകയാണോ?''-എന്ന് ഒരിക്കല്‍ ശ്രോതാക്കള്‍ ചോദിച്ചപ്പോള്‍ സ്വാമിജി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''നിങ്ങള്‍ നിലവില്‍ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളെ അതില്‍നിന്നും ഉണര്‍ത്താനാണ് പരിശ്രമിക്കുന്നത്!'' ലോകത്തിനു മുഴുവന്‍ ത്യാഗത്തിന്റെയും സമഭാവനയുടെയും പരിശുദ്ധിയുടെയും പ്രകാശമേകിയ പുരാതന ഭൂമി അജ്ഞതയിലും സ്വാര്‍ത്ഥതയിലും ആത്മവിശ്വാസമില്ലായ്മയിലും ആഴ്ന്നപ്പോഴാണ് മഹിത ഭാരതത്തിന്റെ പ്രാണന്‍ സ്വാമിജിയിലൂടെ പിടഞ്ഞെഴുന്നേറ്റത്.

ഒരു നാടിനെ തകര്‍ക്കാന്‍ അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുകയാണ് വേണ്ടതെന്നറിഞ്ഞ ഇംഗ്ലീഷുകാര്‍ ഭാരതത്തില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസരീതിയെ സ്വാമിജി ഇങ്ങനെ പരിഹസിക്കുന്നു.''ഒന്നാമതായി ഒരു വിദ്യാര്‍ത്ഥി പഠിക്കുന്നത് അവന്റെ അച്ഛന്‍ വിഡ്ഢിയാണെന്നാണ്. അടുത്തതായി അവന്റെ പൂര്‍വ്വികര്‍ കിറുക്കന്മാരെന്നും അവന്റെ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വെറും നുണകളാണെന്നുമാണ്! ഇവ്വിധമുള്ള വിദ്യാഭ്യാസം ആണുങ്ങളെ സൃഷ്ടിക്കുമോ?'' ആധുനിക വിദ്യാഭ്യാസത്തിന്റെ സന്തതിയായ നരേന്ദ്രന്‍ വിഗ്രഹാരാധനയെയും ഭാരതീയ സംസ്‌കൃതിയെയും അങ്ങേയറ്റം ഭര്‍ത്സിച്ചുകൊണ്ടാണ് ശ്രീരാമകൃഷ്ണ സവിധത്തിലെത്തുന്നത്. ആ തപോധനന്റെ ആദ്യ സ്പര്‍ശത്തില്‍തന്നെ, ഭാരതത്തില്‍, മതമെന്നത് ആത്മീയതയാണെന്നും അത് അനുഭവമാണെന്നും, ഭാവനാപൂര്‍ണനും കുശാഗ്രബുദ്ധിയുമായ നരേന്ദ്രന്‍ മനസ്സിലാക്കുന്നു. മനുഷ്യബുദ്ധിയുടെ പരിമതിക്കപ്പുറത്ത്, ഹൃദയത്തിന്റെ, അനുഭൂതിയുടെ അനന്താകാശമാണെന്നും അവിടെയാണ് യഥാര്‍ത്ഥമായ സമത്വമെന്നും നരേന്ദ്രന്‍ അനുഭവിച്ചറിയുന്നു. സ്വാമിജി പില്‍ക്കാലത്ത് പറഞ്ഞു- ''ആദ്യം ലോകത്തെ ആത്മീയതയില്‍ ആറാടിക്കും. അതിന് മുന്‍പേ ഒരു സമത്വവും സൃഷ്ടിക്കപ്പെടുകയില്ല.'' വൈയക്തികമായ മോക്ഷേച്ഛയാല്‍ തന്നെ സമീപിച്ച നരേന്ദ്രനെ ശ്രീരാമകൃഷ്ണന്‍ പരിഹസിക്കുന്നു- ''അനേകായിരങ്ങള്‍ക്ക് തണലേകുന്ന വടവൃക്ഷമാകേണ്ട നീ സ്വന്തം സുഖത്തിനായി യാചിക്കുന്നുവോ?'' മഹാതപസ്വിയായ ശ്രീരാമകൃഷ്ണന്റെ ഈ വാക്കുകളാണ് സ്വാമിജിയുടെ ഉജ്വലമായ ആഹ്വാനത്തില്‍- ''ജീവിതം ഹ്രസ്വമാണ്. എല്ലാ സുഖങ്ങളും ക്ഷണികമാണ്, മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അല്ലാത്തവര്‍ മരിച്ചതിനു തുല്യമാണ്''-പ്രതിഫലിക്കുന്നത്. 

ആത്മാവിന്റെ അനന്തമഹിമയില്‍ നീരാടി. ആത്മവിശ്വാസം പൂണ്ട്, സഹസ്രാബ്ദങ്ങളായി ജീവിതത്തില്‍ അടിഞ്ഞുകൂടിയ അനാചാരങ്ങളുടെയും അനൈക്യത്തിന്റെയും സ്വാര്‍ഥത്തിന്റെയും അഴുക്കിനെ കുടഞ്ഞെറിയാന്‍ സ്വാമിജി യുവഭാരതത്തോട് ആഹ്വാനം ചെയ്യുന്നു. ഭൂതകാലമില്ലാതെ വര്‍ത്തമാനമോ വര്‍ത്തമാനമില്ലാതെ ഭാവിയോ ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വാമിജി ഓരോ ഭാരതീയനോടും അവന്റെ ഭൂതകാല സ്രോതസ്സുകളില്‍നിന്ന് ആവുന്നത്ര ഊറ്റിക്കുടിച്ച് ഭാവിചിന്തക്ക് മുന്നേറാന്‍ ആഹ്വാനം ചെയ്യുന്നു. സഹസ്രാബ്ദങ്ങളായുള്ള ഒരു രാഷ്ട്ര ജീവിതത്തില്‍ സ്വാഭാവിമായും സംഭവിക്കാന്‍ സാധ്യതയുള്ള പാപക്കറകളെ കഴുകി യുക്തിബോധത്തോടെ, ശാസ്ത്രദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ സര്‍വ്വാശ്ലേഷിയായ ഒരു മതം രൂപപ്പെടുത്തി മുന്നേറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. 

അനാദിയായ ഒരു സംസ്‌കൃതിയുടെ പോരായ്മകളെപ്പഴിച്ചുകൊണ്ട് സ്വയം മുങ്ങിച്ചാവാതെ രാഷ്ട്രജീവിത നൗകയില്‍ കാലം സൃഷ്ടിച്ച ദ്വാരങ്ങള്‍ അടയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്ന വിവേകാനന്ദന് സമശീര്‍ഷനായൊരു വിപ്ലവകാരി എവിടെ?

അലംഭാവവും അലസതയും അവഗണനയും മുഖമുദ്രയാക്കിയ ഒരു യുവസമൂഹത്തോട് സ്വാമിജി പറയുന്നു- ''എന്റെ കുട്ടികളെ, പാവങ്ങളെ, നിരക്ഷരരെ, നിരാലംബരെയോര്‍ത്ത് നിങ്ങള്‍ ദുഃഖിക്കുക. നിങ്ങള്‍ക്ക് തലകറങ്ങും വരെ ഹൃദയം തകരുംവരെ, നിങ്ങള്‍ക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നുംവരെ അവരെയോര്‍ത്ത് ദുഃഖിക്കുക: പുഴുക്കളെപ്പോലെ ജീവിച്ചു മരിച്ചിട്ടെന്തു പ്രയോജനം? നിങ്ങള്‍ ഒരാദര്‍ശം നെഞ്ചേറ്റി അതിനായി നിങ്ങളുടെ പ്രാണന്‍പോലും സമര്‍പ്പിക്കുവിന്‍. അപ്പോള്‍ മാത്രമാണ് നിങ്ങള്‍ യഥാര്‍ത്ഥ മനുഷ്യരാകുന്നത്! ''എനിക്ക് വിശ്വാസമുണ്ട്- എന്റെ കുട്ടികള്‍ വരും. അവര്‍ സിംഹത്തെപ്പോലെ സമസ്ത പ്രശ്നങ്ങളും പരിഹരിക്കും.''

സ്വാമിജി സ്വപ്നം കണ്ട ആ യുവസമൂഹം ഇന്ന് ലഹരിവസ്തുക്കള്‍ക്കടിമപ്പെട്ടും പരധര്‍മ വിലോഭനീയതയ്ക്കടിപ്പെട്ടും സ്വധര്‍മ വിസ്മൃതരായി സമൂഹത്തിന് ബാധ്യതയാവുന്നു! നമുക്കെക്കാലവും വഴികാട്ടുന്ന വിളക്കുകയളാണ് സ്വാമിജിയെപ്പോലുള്ള മഹാത്മാക്കള്‍. ഈ വെളിച്ചത്തില്‍ ശാസ്ത്രം പഠിക്കുന്നവരോടൊപ്പം മോഷണമുതല്‍ പങ്കുവക്കുന്നവരും കാണാം. ഇതില്‍ നാം ആദ്യ വിഭാഗത്തിലാണ് ഉള്‍പ്പെടേണ്ടത്.

''സ്വാമിജി ഇല്ലായിരുന്നെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു'' എന്ന മഹാന്‍ രാജാജിയുടെ വാക്കുകള്‍ ഓര്‍ക്കുക. ഭാരതത്തിനുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്ന് ശിഷ്യയായ ജോസഫിന്‍ മക്ലോഡ് ചോദിച്ചപ്പോള്‍ 'ഇന്ത്യയെ സ്നേഹിക്കുക' എന്ന മറുപടിയാണ് ആ ദിവ്യാധരത്തില്‍നിന്നുയര്‍ന്നത്. അതെ, ശുദ്ധമായ ഹൃദയത്തോടെ, ഭാരതത്തെ-അവളുടെ എല്ലാ വൈവിധ്യത്തോടും വര്‍ണങ്ങളോടും രാഗങ്ങളോടും കൂടി സ്നേഹിക്കുക- എല്ലാ സങ്കുചിതത്ത്വങ്ങള്‍ക്കുമപ്പുറം ഒരൊറ്റ ജനതയായി ഒരിക്കല്‍ക്കൂടി ജഗജ്ജനനിയായി ഭാരതം വിരാജിക്കുവാന്‍ ആ യതിയുടെ പാദമുദ്രകള്‍ നമുക്ക് പിന്തുടരാം.

സുരേഷ്ബാബു കിള്ളിക്കുറിശിമംഗലം

(ലേഖകനെ സമ്പര്‍ക്കം ചെയ്യാം: 9744748482)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.