എന്നെ സാദാ തടവുപുള്ളിയേപ്പോലെ കാണുന്നു: ജയില്‍ എല്ലാവര്‍ക്കും ഒരുപോലെന്ന് ജഡ്ജി

Saturday 13 January 2018 2:45 am IST

റാഞ്ചി: ജയിലില്‍ തന്നെ സാദാ തടവുപുള്ളിയെ പോലെയാണ് പരിഗണിക്കുന്നതെന്നും സുഖസൗകര്യങ്ങള്‍ പോരെന്നും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. എന്നാല്‍ എത്ര വലിയ നേതാവായാലും ജയിലിലെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് സ്‌പെഷ്യല്‍ സിബിഐ ജഡ്ജി ശിവ്പാല്‍ സിംഗ് ലാലുവിനോട് തിരിച്ചടിച്ചു. 

ജയില്‍വാസം തുടങ്ങി നാലുദിവസം പിന്നിടവെയാണ് ജഡ്ജിയോട് ലാലുവിന്റെ അഭ്യര്‍ത്ഥന. കൂടാതെ തന്റെ ശിക്ഷയുടെ കാലയളവ് മൂന്നര വര്‍ഷത്തില്‍ നിന്നും രണ്ടരവര്‍ഷമാക്കി കുറയ്ക്കണമെന്നും ലാലു ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് ചെവിക്കൊണ്ടില്ല. അഞ്ചുവര്‍ഷമാണ് കേസില്‍ ശിക്ഷാ കാലാവധി. എന്നാലിത് കുറച്ച് മൂന്നരവര്‍ഷമാക്കുകയായിരുന്നു. ഈ കാലയളവാണ് വീണ്ടും കുറയ്ക്കണമെന്ന് ലാലു ജഡ്ജിയോട് ആവശ്യപ്പെട്ടത്. 

തന്റെ പാര്‍ട്ടി അനുഭാവികള്‍ക്കും മറ്റും തന്നെ കാണാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ  ലാലുവിനെ ഓപ്പണ്‍ ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ലാലുവിനെ പരിചരിക്കാനായി രണ്ട് അനുചരന്‍മാര്‍ ജയിലില്‍ കള്ളക്കേസിലൂടെ കടന്നു കൂടിയിരുന്നു. എന്നാലിവരെ കേസ് വ്യാജമെന്നു കണ്ട് വിട്ടയച്ചു. 

കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നരവര്‍ഷത്തെ ജയില്‍വാസവും 10ലക്ഷം രൂപ പിഴയും ജനുവരി ആറിന് സ്‌പെഷ്യല്‍ സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. 900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസിലാണ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 900 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1991 - 94 കാലയളവില്‍ ദേവഗഡ്  ട്രഷറിയില്‍ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ ശിക്ഷിച്ചത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതിലാണ് ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.