പുല്ലുമേട്; ഹരിഹരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരിച്ചടി

Saturday 13 January 2018 2:45 am IST

ഇടുക്കി: പുല്ലുമേട് ദുരന്തം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് എന്‍.ആര്‍. ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തീര്‍ത്ഥാടനത്തെ പിന്നോട്ടടിച്ചു. മകരജ്യോതി കാണാന്‍ 2011ല്‍ വരെ രണ്ടു മുതല്‍ നാലു ലക്ഷം പേര്‍ വരെ പുല്ലുമേട്ടില്‍ എത്തിയിരുന്നുവെങ്കില്‍ ഇന്ന് അത് പതിനായിരത്തില്‍ താഴെയായി.

ദുരന്ത കാരണം കണ്ടെത്തി തിരുത്താതെ പുല്ലുമേടിനെ മൊത്തത്തില്‍ വരിഞ്ഞ് മുറുക്കുന്ന തീരുമാനമായിരുന്നു അന്തിമ റിപ്പോര്‍ട്ടില്‍.  വാഹന പ്രവേശനത്തിനടക്കം കര്‍ശന നിയന്ത്രണം വന്നതോടെ പുല്ലുമേടില്‍ നിന്ന് തീര്‍ത്ഥാടകര്‍ പിന്‍വാങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് 165 പേജുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയിരുന്നു. പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇവിടെ വരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഹരിഹരന്‍ കമ്മീഷനെ തെറ്റിദ്ധരിപ്പിച്ചു.

ദുരന്തമുണ്ടായ ഭാഗത്ത് വനംവകുപ്പ് ചങ്ങല കെട്ടിയിരുന്നതും ഇത്  അഴിച്ച് മാറ്റാത്തതുമാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും, കച്ചവടക്കാര്‍ സ്വന്തം സ്ഥാപനത്തിലേയ്ക്ക് ആളുകളെ വിളിച്ച് കയറ്റിയത് ഇടുങ്ങിയ പാതയില്‍ തിരക്ക് കൂടാന്‍ ഇടയാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിനും ജില്ലാ ഭരണ കൂടത്തിനും ഗുരുതര വീഴ്ച പറ്റിയെന്ന് പറയുമ്പോഴും നടപടിയെങ്ങും എത്തിയിട്ടില്ല. 

എത്ര വാഹനങ്ങള്‍ വന്നാലും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഉള്ളതാണ് പുല്ലുമേട്.  

യാത്ര എങ്ങനെ

മുമ്പ് ടൗണില്‍ നിന്ന് വള്ളക്കടവ്, കോഴിക്കാനം വഴി 16 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ പുല്ലുമേട്ടില്‍ എത്താമായിരുന്നു. ഇവിടെ വരെ വാഹനങ്ങളും എത്തിയിരുന്നു. ദുരന്തത്തിന് ശേഷം, അരനൂറ്റാണ്ടിലേറെയായ  കാനനപാത  അടച്ചു. നിലവില്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷന് സമീപത്തുകൂടി മൗണ്ട് വഴി 13 കിലോമീറ്റര്‍ പോയാല്‍ സത്രത്തിലും അവിടെ നിന്ന് നാല് കിലോ മീറ്റര്‍ കാല്‍നടയായി കുത്തനെയുള്ള കയറ്റം കയറിചെന്നാല്‍ പുല്ലുമേട്ടിലുമെത്താം. മൃഗങ്ങള്‍ നിറഞ്ഞ വഴി ഏറെ ദുരിതമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നത്. 

പരമ്പരാഗത കാനനപാത മകരവിളക്ക് സമയത്ത് മാത്രമാണ് തുറന്ന് നല്‍കുന്നത്. ബസില്‍ നാലാം മൈല്‍ വരെ എത്താം. പിന്നീട് എട്ട് കിലോ മീറ്ററോളം നടന്ന് വേണം പുല്ലുമേട്ടിലെത്താന്‍. തിരിച്ചിറങ്ങുമ്പോള്‍ ഉപ്പുപാറയില്‍ നിന്ന് ബസ്, ജീപ്പ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അനൂപ് ഒ.ആര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.