ഗുട്ക അഴിമതിയുടെ രേഖകള്‍ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തെന്ന് ആദായ നികുതി വകുപ്പ്

Saturday 13 January 2018 2:45 am IST

ചെന്നൈ: ജയലളിതയുടെ വസതിയായ വേദനിലയത്തിലെ ശശികലയുടെ മുറിയില്‍ നിന്ന് കോടികളുടെ ഗുട്ക അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്ന് ആദായ നികുതി വകുപ്പ്. മദ്രാസ് ഹൈക്കോടതിക്കു മുമ്പാകെ നടത്തിയ വെളിപ്പെടുത്തലിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തില്‍ ഐടി വകുപ്പ് വേദനിലയത്തില്‍ തെരച്ചില്‍ നടത്തിയതിലാണ് 2016 സെപ്തംബര്‍ രണ്ടിലുള്ള രേഖകള്‍ കണ്ടെത്തിയത്. ഗുട്ക അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഈ രേഖകള്‍ ഐടി വിഭാഗം അന്നത്തെ ഡിജിപി വഴി മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറിയിരുന്നതാണ്. 2016 ആഗസ്ത് 11നാണ് അന്നത്തെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുസി ബാബു വര്‍ഗീസ് ഡിജിപിക്ക് നല്‍കിയത്. 

ഗുട്ക അഴിമതിയുമായി ബന്ധപ്പെട്ട് കമ്പനി ഉടമ മാധവ റാവു, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ഇതിലുള്ള പങ്കാളിത്തം, ഇവര്‍ക്കെതിരെയുള്ള നടപടികള്‍ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളാണ് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. മാധവ റാവുവിന്റെ പ്രസ്താവന പ്രകാരം അന്നത്തെ ആരോഗ്യമന്ത്രിക്ക് 2016 ഏപ്രില്‍ ഒന്നിനും ജൂണ്‍ 15നുമിടയിലായി 56 ലക്ഷം രൂപ നല്‍കിയതായും പറയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.