ആര്‍എസ്എസ് ക്യാമ്പ് ആക്രമിച്ച സംഭവം; വില്ലേജ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കി

Saturday 13 January 2018 2:45 am IST

മലപ്പുറം: മഞ്ചേരിയിലെ ആര്‍എസ്എസ് ക്യാമ്പിനെതിരെ ചിലര്‍ നല്‍കിയ പരാതി അന്വേഷിക്കുന്ന നറുകര വില്ലേജ് ഓഫീസര്‍ വിന്‍സന്റ് രാഷ്ട്രീയം കളിക്കുന്നതായി പരാതി. ഇദ്ദേഹത്തിതിരെ ആര്‍എസ്എസ് കളക്ടര്‍ക്ക് പരാതി നല്‍കി. മഞ്ചേരി നറുകര അമൃതവിദ്യാലയത്തില്‍ നടന്ന ആര്‍എസ്എസ് പ്രാഥമിക സംഘശിക്ഷാ വര്‍ഗിന് നേരെ ഡിസംബര്‍ 26ന് രാത്രി ആക്രമണം നടന്നിരുന്നു. പോലീസ് കേസ് അന്വേഷിക്കുന്നുമുണ്ട്. എന്നാല്‍ അതിന് മുമ്പ് ചിലര്‍ ക്യാമ്പിനെതിരെ നല്‍കിയ പരാതിയാണ് വില്ലേജ് ഓഫീസര്‍ അന്വേഷിക്കുന്നത്. കളക്ടര്‍ തനിക്ക് അന്വേഷണച്ചുമതല നല്‍കിയെന്ന് അവകാശപ്പെട്ട് ഇദ്ദേഹം ആര്‍എസ്എസ് നേതാക്കളെ വിളിച്ചുവരുത്തി.

ക്യാമ്പില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അമൃതാ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കരുതെന്നും ആര്‍എസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും നേതാക്കള്‍ വില്ലേജ് ഓഫീസറെ അറിയിച്ചു. എന്നാല്‍ വില്ലേജ് ഓഫീസര്‍ പൊട്ടിത്തെറിച്ചു. ഞാന്‍ ഒരു കറകളഞ്ഞ കമ്യൂണിസ്റ്റ് ആണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും എനിക്കത് പറയാന്‍ മടിയില്ല, എന്നെ എന്റെ സംഘടനയാണ് ഇവിടെ നിയോഗിച്ചത്, എന്ന് പറഞ്ഞ് പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നിറക്കിവിട്ടു.

ഇതിന്റെ ഓഡിയോ സിഡിയും കളക്ടര്‍ക്ക് നല്‍കിയ പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്നും ഖണ്ഡ് കാര്യവാഹ് അഭിലാഷ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.