കുറ്റിപ്പുറത്തെ ആയുധങ്ങള്‍: ആശങ്കയകറ്റണം

Saturday 13 January 2018 2:45 am IST

ഭാരതപ്പുഴയില്‍ കുറ്റിപ്പുറത്ത് വന്‍ ആയുധശേഖരം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നതാണ്. ഉഗ്രപ്രഹരശേഷിയുള്ള മൈനുകളും ഉപയോഗയോഗ്യമായ നൂറുകണക്കിന് വെടിയുണ്ടകള്‍,  ഗ്രനേഡുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്യൂബ് ലോഞ്ചറുകള്‍ എന്നിവയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടെടുത്തത്. സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന 7.62 എം.എം വിഭാഗത്തില്‍പ്പെടുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നതാണ് വെടിയുണ്ടകള്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മിലിട്ടറി ഇന്റലിജന്‍സ്, പോലീസ് ഇന്റലിജന്‍സ് എന്നിവ അന്വേഷണം ആരംഭിച്ചെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റുന്ന തരത്തില്‍ വസ്തുതകള്‍ വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെടിയുണ്ടകള്‍ ഉപയോഗക്ഷമമാണെങ്കിലും അത് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകാമെന്ന സാധ്യത അന്വേഷണ സംഘം തള്ളിക്കളയുകയാണ്. എന്നാല്‍ ഇത്രയധികം വെടിയുണ്ടകള്‍ സൂക്ഷിച്ചതെന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു.

മിനി പമ്പ, കുറ്റിപ്പുറം റെയില്‍വേ പാലം എന്നിവയ്ക്കടുത്തുവച്ചാണ് ആയുധ ശേഖരം കണ്ടെത്തിയിരിക്കുന്നത്. പഴക്കമില്ലാത്തതും ഉപയോഗയോഗ്യവുമായ ആയുധങ്ങളും കണ്ടെത്തിയവയില്‍ ഉണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. പുഴയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമഗ്രവും ശക്തവുമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയണം. വിവിധ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കുഴിബോംബുകളാണ് കുറ്റിപ്പുറത്ത് കണ്ടെത്തിയത്. ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ ആള്‍നാശം ഉണ്ടാക്കാന്‍ ഈ കുഴിബോംബുകള്‍ക്ക് കഴിയും. ഒളി ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ മാരകായുധങ്ങള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചതാണെങ്കിലും ഉപേക്ഷിച്ചതാണെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ട്.

മാവോയിസ്റ്റ്, ഭീകരവാദ  ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധ ശേഖരം കണ്ടെത്തിയ വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്കയാണുളവാക്കിയിരിക്കുന്നത്. ആയുധ ശേഖരം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അന്വേഷണ പുരോഗതി തൃപ്തികരമല്ല. വെടിയുണ്ടകള്‍ മഹാരാഷ്ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലേതാണെന്ന് നിഗമനമുണ്ടെങ്കിലും സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.  പുല്‍ഗാവില്‍നിന്ന് ഏത് സംസ്ഥാനത്തേക്കായിരുന്നു ഇവ വിതരണം ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. അവിടെനിന്ന് ആയുധങ്ങള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നതിനെക്കുറിച്ചും അന്വേഷണം വേണം.  എന്താവശ്യത്തിനായാലും ആയുധമെത്തിച്ചവരെ കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

കേരളത്തില്‍ നിന്ന് അടിക്കടി പുറത്തുവരുന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ അത്ര നിസ്സാരമല്ലെന്ന സൂചനകളാണ് നല്‍കുന്നത്. ഐഎസ് ഭീകരവാദ റിക്രൂട്ട്‌മെന്റിന്റെ രാജ്യത്തെ കേന്ദ്രമാണ് കേരളം എന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. മുന്നറിയിപ്പുകളെ രാഷ്ട്രീയ ലക്ഷ്യംവച്ച് തള്ളിക്കളയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തേ മതിയാവൂ.  മാരകശേഷിയുള്ള വെടിയുണ്ടകളും മറ്റായുധങ്ങളും ഭാരതപ്പുഴയില്‍ എങ്ങനെ എത്തിയെന്ന് വിശദമാക്കേണ്ടതുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലെ ശക്തികളെ നടപടിക്ക് വിധേയമാക്കണം.  സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാത്ത നടപടികളും നിലപാടുകളുമായിരിക്കണം ഇതിലുണ്ടാവേണ്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.