സിപിഎം ലെനിനെ ഉപേക്ഷിച്ചോ?

Saturday 13 January 2018 2:45 am IST

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം എത്തിച്ചേര്‍ന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്റെ വാക്കുകളില്‍ക്കൂടി പുറത്തുവന്നത്. ഇന്നലെവരെ പറഞ്ഞതെല്ലാം വിഴുങ്ങി ഇപ്പോള്‍ നടത്തിയ കടകംമറിച്ചില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന് തിരിച്ചറിഞ്ഞാണ്. ആദ്ധ്യാത്മികതയും കമ്മ്യൂണിസവും വിപരീത ദിശകളില്‍ സഞ്ചരിക്കുന്ന രണ്ട് ആശയഗതികളാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടതും. 

''നിരീശ്വരവാദമെന്നത് മാര്‍ക്‌സിസത്തിന്റെ അവിഭാജ്യ ഘടകമാണ്. വര്‍ഗ്ഗാധിപത്യത്തിനായി നിലകൊള്ളുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദത്തിന് അനുകൂലമായി നിലകൊള്ളേണ്ടതാണ്.'''കമ്മ്യൂണിസ്റ്റ് ആചാര്യനായ ലെനിന്റെ വാക്കുകളാണിത്. ഇതിന് അനുകൂലമാണോ തന്റെ പ്രസ്താവനയെന്ന് ഇ. പി. ജയരാജന്‍ വ്യക്തമാക്കണം. അതോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ലെനിനിസ്റ്റ് പാത ഉപേക്ഷിച്ചോ? ഇ.പി. ജയരാജന്റെ ഈ അഭിപ്രായമാണോ കേരളത്തിലെ സിപിഎമ്മിന് ഉള്ളതെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പറയണം. 

കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് ഒളിഞ്ഞും തെളിഞ്ഞും തടയിടാന്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനമാണ് സിപിഎം. ക്ഷേത്രവും ഹിന്ദുവും എന്നത് പിന്തിരിപ്പനാണെന്നും വര്‍ഗ്ഗീയമാണെന്നും അണികളെ പറഞ്ഞ് പഠിപ്പിച്ച് അവരെ അതിനെതിരെ അണിനിരത്തിയിട്ട് ഇപ്പോള്‍ ക്ഷേത്രങ്ങളെ പുകഴ്ത്തി രംഗത്തെത്തുന്നത് ഇരട്ടത്താപ്പും വഞ്ചനയുമല്ലാതെ മറ്റെന്താണ്? തളി ക്ഷേത്രം പുനരുദ്ധരിക്കാന്‍ നേതൃത്വം നല്‍കി രംഗത്തെത്തിയ കേരള ഗാന്ധി കെ. കേളപ്പനെ 1967 ലെ ഇഎംഎസ് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടതും വധിക്കാന്‍ ശ്രമിച്ചതും കേരളം മറന്നിട്ടില്ല. 'നായ പാത്തുന്ന കല്ലേല്‍ ചന്ദനം പൂശുന്ന കേളപ്പാ.....' സിപിഎം കേരളത്തില്‍ വിളിച്ചുനടന്ന മുദ്രാവാക്യമാണിത്. ഇത് ഇ. പി. ജയരാജന്‍ മറന്നാലും മലയാളികള്‍ മറക്കില്ല. ക്ഷേത്ര പുനരുദ്ധാരണത്തിലൂടെ വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ കേളപ്പന്‍ ശ്രമിക്കുന്നു എന്നായിരുന്നു സിപിഎമ്മിന്റെ കണ്ടെത്തല്‍.

''ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും'' എന്ന പ്രസ്താവന സി. കേശവനില്‍ക്കൂടിയാണ് മലയാളികള്‍ ആദ്യം കേട്ടതെങ്കിലും അത് കേരളം മുഴുവന്‍ ഏറ്റുപാടി നടന്നത് സിപിഎം നേതാക്കളായിരുന്നു. കെപിഎസിയുടെ നാടകത്തിലൂടെയും വി.സാംബശിവന്റെ കഥാപ്രസംഗത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളം മുഴുവന്‍ പ്രചരിപ്പിച്ചതും ക്ഷേത്ര വിശ്വാസം അശാസ്ത്രീയമാണെന്നായിരുന്നു. ഗുരുവായൂരില്‍ തൊഴുത കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിച്ചതും ഹിന്ദു സഖാക്കള്‍ വീട്ടില്‍ ഗണപതിഹോമം നടത്തരുതെന്ന് പാലക്കാട്ട് പ്ലീനം ചേര്‍ന്ന് തീരുമാനിച്ചതും ഇതിന്റെ തുടര്‍ച്ചയായിരുന്നില്ലേ? 

ക്ഷേത്ര ദര്‍ശനം നടത്തിയതിന് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയരായ പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ചിട്ട് വേണമായിരുന്നു ജയരാജന്‍ ഈ നിലപാട് സ്വീകരിക്കാന്‍. ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത ഐഷാ പോറ്റി, എം.എം. മോനായി എന്നീ പാര്‍ട്ടി എംഎല്‍എമാരോട് സ്വീകരിച്ച നിലപാടും കേരളം കണ്ടതാണ്.

എന്തിനാണ് ജയരാജാ ഈ ഇരട്ടത്താപ്പും വഞ്ചനയും? ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്ന് പറയുന്ന ജയരാജന്‍, ഇവയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും മുന്‍കൈ എടുക്കുമോ? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ക്ഷേത്രാചാരങ്ങളെപ്പറ്റി ശാസ്ത്രലോകം ഇന്ന് നീരീക്ഷണ പരീക്ഷണങ്ങള്‍ നടത്തുന്നു എന്ന് പറയുന്ന ജയരാജന്‍ ഇത്രനാളും സ്വീകരിച്ച നിലപാടുകള്‍ക്കും കള്ളപ്രചാരണത്തിനും ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം. വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തട്ടിപ്പ് ഉപേക്ഷിച്ച് സിപിഎം ആദ്ധ്യാത്മിക വാദത്തിലേക്ക് മാറണം. ആത്യന്തികമായി ആദ്ധ്യാത്മികത മാത്രമാണ് മോചനം എന്ന് തിരിച്ചറിയണം. വര്‍ഗ്ഗസംഘര്‍ഷമല്ല, ഏകാത്മ മാനവ ദര്‍ശനമാണ് പരിഹാരം. ഇത് തിരിച്ചറിഞ്ഞ് ആദ്ധ്യാത്മികതയെ അംഗീകരിക്കാന്‍ തയ്യാറാകണം. ക്ഷേത്ര ദര്‍ശനം പിന്‍വാതിലില്‍ക്കൂടിയല്ല നടത്തേണ്ടത്. ഗോപുര വാതില്‍ കടന്നുവരണം. കമ്മ്യൂണിസം എന്ന മാറാപ്പ് ഉപേക്ഷിച്ച് ആദ്ധ്യാത്മികതയെ പുണരാന്‍ അണികളെ അനുവദിക്കുകയും വേണം. അതിനുള്ള ആര്‍ജ്ജവം ജയരാജനും സിപിഎം നേതൃത്വത്തിനുമുണ്ടോ?

കുമ്മനം രാജശേഖരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.