പ്രധാനമന്ത്രി റിപ്പോർട്ട് തേടി

Saturday 13 January 2018 2:45 am IST

ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ സംഭവ വികാസങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദാംശങ്ങള്‍ തേടി. കോടതികള്‍ ഉപേക്ഷിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ച് ചീഫ് ജസ്റ്റിസിനെതിരെ രംഗത്തെത്തിയ സംഭവത്തെപ്പറ്റി അടിയന്തരമായി വിശദീകരിക്കാനായിരുന്നു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ലഭിച്ച നിര്‍ദ്ദേശം. പ്രശ്‌ന പരിഹാരം കാണേണ്ടത് ജുഡീഷ്യറി തന്നെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പൊതു നിലപാട്. 

കോടതിയിലെ സ്ഥിതിഗതികള്‍ ദല്‍ഹിക്ക് സമീപമുള്ള ഗൗതംബുദ്ധ നഗറില്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന പ്രധാനമന്ത്രിയെ നിയമമന്ത്രി ധരിപ്പിച്ചു. ദല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രിയുമായി രവിശങ്കര്‍ പ്രസാദ് നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ഉപദേശവും പ്രധാനമന്ത്രിയില്‍ നിന്ന് നിയമമന്ത്രി തേടി. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ജഡ്ജിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രനിയമ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. 

എന്നാല്‍ വിഷയത്തില്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജുഡീഷ്യറിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണം എന്ന നിലപാടാണ് പ്രധാനമന്ത്രിയും മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും പ്രകടിപ്പിച്ചിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചുകൊണ്ട് എത്രയും വേഗം പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.