വീട്ടമ്മയുടെ മരണം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം

Saturday 13 January 2018 3:18 pm IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയത് കാരണം സാധുവായ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കടംകയറി നില്‍ക്കക്കള്ളിയില്ലാതെയാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരില്‍ മിക്കവരുടെയും അവസ്ഥ ഇത് തന്നെയാണ്. വൃദ്ധരും അവശരുമായവര്‍ക്ക് മരുന്ന് വാങ്ങുന്നതിനു പോലും കാശില്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെങ്കിലും ഹെലികോപ്ടറില്‍ പാര്‍ട്ടി സമ്മേളനത്തിന് പറക്കാനും ധൂര്‍ത്തടിക്കാനും സര്‍ക്കാരിന് പണമുണ്ട്. ഇനിയെങ്കിലും ഇതൊരു മാനുഷിക പ്രശ്നമായി കണ്ട് നിരാലംബരായ കെഎസ്ആര്‍ടിസിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് വീണ്ടും കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സമരം ചെയ്യുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.