ദുഃഖനിവൃത്തിയുടെ മാര്‍ഗ്ഗം

Saturday 13 January 2018 9:18 pm IST

മക്കളേ, 

ഇന്ന് അനേക വിഷയങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും അഗാധമായ അറിവുണ്ട്. പുതിയ പുതിയ വിഷയങ്ങളെ അറിയാനും, നമ്മുടെ അറിവിന്റെ പരിധി ഉയര്‍ത്താനും നാം നിരന്തരം ശ്രമിക്കുന്നു. അതിന്റെ ഫലമായി ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വളരെയധികം മുന്നേറുവാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. ഭൗതിക സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടതെല്ലാം ഇന്നു ചുറ്റുമുണ്ട്. അതിനുള്ള പുതിയ പുതിയ  മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതുകൊണ്ടൊക്കെ നമ്മുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നുണ്ടോ? പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുപകരം പ്രശ്‌നങ്ങളെത്തന്നെ വര്‍ദ്ധിപ്പിക്കുകയാണ്  ഇപ്പോള്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതു പറയുമ്പോള്‍ അമ്മ ഒരു സംഭവം ഓര്‍ക്കുകയാണ്. ഒരിക്കലൊരു ഇന്ത്യക്കാരനെ അമേരിക്കയിലേക്കു ക്ഷണിച്ചു. അദ്ദേഹം അവിടെയെത്തിയപ്പോള്‍ വേണ്ട സൗകര്യങ്ങളെല്ലാം ക്ഷണിച്ചവര്‍ ഒരുക്കിയിരുന്നു.  അദ്ദേഹം താമസസ്ഥലത്ത് എത്തിയ ഉടനെ സ്വീകരിക്കാന്‍ വന്ന സ്ത്രീ ചോദിച്ചു ''അങ്ങേയ്ക്ക് എന്താണ് കുടിക്കാന്‍ വേണ്ടത്?'' വളരെ ഭവ്യതയോടുള്ള ചോദ്യം കേട്ട് അദ്ദേഹം  സന്തോഷത്തോടെ പറഞ്ഞു, ''എനിക്ക് ചായ മതി.'' ''ഏതുതരം ചായയാണ് അങ്ങേയ്ക്കുവേണ്ടത്. കഫീനുള്ള ചായയാണോ, അതോ കഫീനില്ലാത്ത ചായയാണോ? അതോ നാരങ്ങാചായ വേണോ, ഇഞ്ചി ചേര്‍ത്ത ചായ മതിയോ?'' ഇങ്ങനെ അനേകം ചായകളുടെ പേരു ചോദിക്കുവാന്‍ തുടങ്ങി. പുതുതായി വന്നയാളാകട്ടെ ഇങ്ങനെയുള്ള പേരുകള്‍ ഒന്നും കേട്ടിട്ടേയില്ല. അദ്ദേഹം ജീവിതത്തില്‍ ഇതുവരെ കേട്ടിട്ടും രുചിച്ചിട്ടുമുള്ളത്, വെറും ചായ മാത്രം. അദ്ദേഹത്തിന് ആകെ ആശയക്കുഴപ്പമായി, എന്തേ ഇവരിങ്ങനെ ചോദിക്കുന്നത്? ''എനിക്ക് സാധാരണ ചായ മതി.''  ആ സ്ത്രീ പോയിട്ട് വീണ്ടും തിരികെവന്നു പറഞ്ഞു, ''ക്ഷമിക്കണം, അങ്ങേയ്ക്ക് പഞ്ചസാരയുള്ള ചായ വേണോ പഞ്ചസാരയില്ലാത്ത ചായവേണോ? പാല്‍ചേര്‍ത്ത ചായ വേണോ, പാലില്ലാത്ത ചായ വേണോ? അതോ ഹെര്‍ബല്‍ ചായ വേണോ?'' അയാള്‍ക്ക് ക്ഷമ ഏതാണ്ട്  നഷ്ടമായിത്തുടങ്ങി.

അയാള്‍ പറഞ്ഞു, ''എനിക്ക് ചായമാത്രം മതി.'' ആ സ്ത്രീ വീണ്ടും ചോദിച്ചു, ''ക്ഷമിക്കണം, അങ്ങേക്കു നൂറുശതമാനം കൊഴുപ്പുള്ള ചായ വേണോ, കൊഴുപ്പൊട്ടുമില്ലാത്ത ചായ വേണോ! അതോ കൊഴുപ്പ് എണ്‍പതു ശതമാനം വേണമോ, അതോ അമ്പതുശതമാനം മതിയോ.''  അദ്ദേഹം വല്ലാതായി,  ''അയ്യോ എനിക്ക് ഒരു ഗ്ലാസ് വെള്ളം മാത്രം മതിയേ'' എന്നുപറഞ്ഞു. ഉടനെ ആ സ്ത്രീ വീണ്ടും ചോദിച്ചു. ''അങ്ങേയ്ക്ക് ഫില്‍റ്റര്‍ വാട്ടര്‍ വേണോ. അതോ സ്പ്രിംഗ് വാട്ടര്‍ വേണോ, അതുമല്ലെങ്കില്‍ മിനറല്‍ വാട്ടര്‍ വേണോ!'' ഇങ്ങനെ ചോദ്യം തുടര്‍ന്നു. അദ്ദേഹത്തിന്റെ ക്ഷമ പൂര്‍ണ്ണമായും നശിച്ചു. അദ്ദേഹം വേഗം അകത്തുചെന്ന് അവിടെനിന്നും ഒരു ഗ്ലാസ്‌വെള്ളം എടുത്തുകുടിച്ചു. കാര്യം അത്രയേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുവേണ്ടി എത്രമാത്രം ചോദ്യങ്ങളാണ് ചോദിച്ചുകൊണ്ടിരുന്നത്.

ഇന്ന,് നമ്മുടെ ആഗ്രഹങ്ങളുടേയും അതിനുള്ള താല്‍ക്കാലിക പരിഹാരങ്ങളുടേയും എണ്ണം വര്‍ദ്ധിപ്പിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഈ സൗകര്യങ്ങള്‍ എല്ലാം നമുക്കുണ്ടെങ്കിലും കഷ്ടതകളോ പ്രതിസന്ധികളോ വരുമ്പോള്‍ വിഷമിക്കാനും ദുഃഖിക്കാനും മാത്രമേ കഴിയുന്നുള്ളൂ. മറ്റൊരു വഴിയും നമ്മുടെ മുമ്പില്‍ തെളിയുന്നില്ല. പക്ഷേ, നമ്മള്‍ ശ്രമിച്ചാല്‍ ഈ ദുഃഖങ്ങളില്‍ നിന്നും മോചിതരാകാന്‍ വഴിയുണ്ട്. എന്തുകൊണ്ട് നമുക്ക് വിഷമം വരുന്നു? എന്താണ് വിഷമിക്കാന്‍ കാരണം?  പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം മനസ്സിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം. അതുമനസ്സിലായാല്‍ പരിഹാരവും എളുപ്പമാണ്. മിക്കപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ തന്നെയാണ് നമ്മുടെ ദുഃഖത്തിന്റെ പ്രധാന കാരണം. അതു നമ്മള്‍ തിരിച്ചറിയണം.

    ആത്മീയത ദുഃഖനിവാരണ മാര്‍ഗ്ഗമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ സ്വഭാവം അറിഞ്ഞു ജീവിക്കാന്‍ ആത്മീയത സഹായിക്കും. നല്ലവണ്ണം നീന്താന്‍ അറിയാവുന്നവര്‍ക്ക് കടലിലെ തിരമാലകള്‍ക്കൊപ്പം നീന്തിത്തുടിക്കുന്നത് ആഹ്ലാദകരമായ ഒരനുഭവമാണ്. എന്നാല്‍, നീന്തല്‍ അറിയാത്തവര്‍ കടലില്‍ ഇറങ്ങിയാല്‍ അത് സുഖകരമായ അനുഭവമായിരിക്കില്ല. എന്നു മാത്രമല്ല, ചിലപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങിമരിക്കാനും സാദ്ധ്യതയുണ്ട്. ചെറുതും വലുതും ഭീമാകാരവുമായ തിരമാലകള്‍ നിരന്തരം അലയടിക്കുന്ന ഒരു മഹാസമുദ്രംപോലെയാണ് ഈ ലോകം. ഇവിടെ ആദ്ധ്യാത്മിക തത്ത്വം അറിഞ്ഞ് ജീവതം നയിച്ചാല്‍, പ്രതിബന്ധങ്ങളെപ്പോലും സുഖകരമായ അനുഭവങ്ങളാക്കി മാറ്റാന്‍ കഴിയും. തളരാതെ, അവയെ അഭിമുഖീകരിക്കാനും അതിജീവിച്ച് മുന്നേറാനും സാധിക്കും.

ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതിന്റെ പ്രവര്‍ത്തനരീതിയും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ഒരു  കൈപ്പുസ്തകം അതിനോടൊപ്പം തരും. മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് അത് വായിച്ച് മനസ്സിലാക്കണം. വേണ്ടവണ്ണം മനസ്സിലാക്കാതെ മെഷീന്‍ ഉപയോഗിച്ചാല്‍, ചിലപ്പോള്‍ അത് കത്തിപ്പോകാം. അല്ലെങ്കില്‍, അധികനാള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാം. അതുപോലെ മനസ്സിന്റെ പ്രകൃതവും ലോകത്തിന്റെ സ്വഭാവവും നല്ലവണ്ണം മനസ്സിലാക്കി എങ്ങനെ സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കാം, പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നു പഠിപ്പിക്കുന്ന ജീവിതത്തിന്റെ വഴികാട്ടിയാണ് ആദ്ധ്യാത്മികം. അത് മനസ്സിന്റെ ശാസ്ത്രമാണ്. അത് പഠിക്കേണ്ടതും ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും പരമപ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ അതാണ് ജീവിതത്തില്‍ ആദ്യം പഠിക്കേണ്ട വിദ്യ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.