അയ്യപ്പഭക്തനെ പോലീസ് തല്ലിച്ചതച്ചു

Sunday 14 January 2018 2:30 am IST

ആര്‍പ്പൂക്കര (കോട്ടയം): തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മനംനൊന്ത് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭക്തനെ മാനസികരോഗിയെന്ന് മുദ്രകുത്തി പോലീസ് ആശുപത്രിയിലാക്കി. കഴിഞ്ഞ എട്ടിന് പമ്പ പോലീസിന്റേതാണ്  നടപടി. ചെന്നൈ 44, മക്രാംപേട്ട്, പെരിയാര്‍ നഗറില്‍ സ്ട്രീറ്റ് നമ്പര്‍ 11/58ല്‍ താമസക്കാരനായ മണിവര്‍ണ്ണന് (42) ആണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റത്. 

 35 അംഗ സംഘത്തോടൊപ്പമാണ് മണിവര്‍ണ്ണന്‍ ദര്‍ശനത്തിനെത്തിയത്. പമ്പയില്‍ വച്ച് സംഘം മലകയറിപ്പോയപ്പോള്‍ മണിവര്‍ണ്ണന് കൂട്ടം തെറ്റി. പമ്പയിലെ മൈക്ക് അനൗണ്‍സ്‌മെന്റ് സെന്ററില്‍ ചെന്ന് തന്നോടൊപ്പം വന്നവരെക്കുറിച്ച് അറിയിച്ചു. ഇക്കാര്യം അനൗണ്‍സ് ചെയ്തു. പമ്പ പോലീസ് സ്‌റ്റേഷനിലെത്തി പരാതിയും നല്‍കി. 

കൂട്ടം തെറ്റിയതിലുള്ള വിഷമത്തില്‍ പമ്പയില്‍ നിന്നിരുന്ന മണിവര്‍ണ്ണനെ മോഷ്ടാവ് എന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മോഷ്ടാവല്ലെന്നും കൂട്ടംതെറ്റിയ വിവരം പരാതിപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞെങ്കിലും പത്തോളം പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഷര്‍ട്ട് വലിച്ചുകീറി, 9500 രൂപ കൊള്ളയടിച്ചു. 12,000 രൂപ വിലവരുന്ന വെള്ളികെട്ടിയ രുദ്രാക്ഷമാല വലിച്ചുപൊട്ടിച്ചു. മനംനൊന്ത മണിവര്‍ണ്ണന്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് മൂര്‍ച്ചയേറിയ ബ്ലേഡ്‌പോലുള്ള വസ്തുകൊണ്ട് കഴുത്തറത്തു. 

ഇതോടെ  മാനസ്സിക രോഗിയെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. 65,000 രൂപ കെട്ടിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോലീസുകാര്‍ സ്ഥലം വിട്ടു. ഓപ്പറേഷന് വിധേയനാക്കിയ ഇയാള്‍ക്ക് കഴുത്തില്‍ 47 തുന്നല്‍ ആവശ്യമായി വന്നു. മണിവര്‍ണ്ണന് ഇപ്പോള്‍ തുണയായിട്ടുള്ളത് സേവാഭാരതിയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.