പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ഒഴിച്ചിടാന്‍ കേന്ദ്ര തീരുമാനം

Saturday 13 January 2018 9:50 pm IST

ന്യൂദല്‍ഹി: പാസ്‌പോര്‍ട്ടിന്റെ അവസാന പേജ് ഒഴിച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നംഗ പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. അമ്മ മാത്രമുള്ളവര്‍ക്ക് അച്ഛന്റെ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന അപേക്ഷയെ തുടര്‍ന്നാണ് ഈ തീരുമാനം. 

അച്ഛന്‍, നിയമപരമായ രക്ഷകര്‍ത്താവ്, അമ്മ, ജീവിത പങ്കാളി. വിലാസം എന്നിവയാണ് പാസ്‌പോര്‍ട്ടിന്റെ ആവസാന പേജിലുള്ളത്. എമിഗ്രേഷന്‍ ചെക്ക് റിക്വയേര്‍ഡ് (ഇസിആര്‍) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുക. ഇത് ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും മേല്‍വിലാസം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. 

ഓറഞ്ച് നിറത്തിലാണ് ഇസിആര്‍ പാസ്‌പോര്‍ട്ട് പുറത്തിറക്കുകയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം  അറിയിച്ചു. ഒറ്റ രക്ഷകര്‍ത്താവ് മാത്രമുള്ളവര്‍ക്കും ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്കും അച്ഛന്റെ പേര് നല്‍കാനാവാത്തതിനെ തുടര്‍ന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക സമിതിയാണ് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. 

പാസ്‌പോര്‍ട്ട് ആക്ട് 1967, പാസ്‌പോര്‍ട്ട് നിയമം 1980 എന്നിവ പ്രകാരം രക്ഷകര്‍ത്താവിന്റെ പേര് അച്ചടിക്കുന്നത് നിര്‍ത്തിവെയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.