കോപ്റ്റര്‍ മുഖ്യന്‍

Sunday 14 January 2018 2:45 am IST

കോടിയേരി ബാലേഷ്ണന്‍ ശത്രുസംഹാരപൂജ നടത്തിയതില്‍ പിന്നെ സിപിഎമ്മുകാരുടെ മുഴുവന്‍ നിലതെറ്റിയ മട്ടാണ്. സംസ്ഥാന സ്‌കൂള്‍കലോത്സവവും ശിവഗിരി തീര്‍ത്ഥാടനവുമൊക്കെ ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് വെടക്കാക്കിയ പാര്‍ട്ടി സമ്മേളനങ്ങള്‍ മുതല്‍ ബാലേഷ്ണന്റെ എതിരാളി പി. ജയരാജന്റെ മകന്‍ ആശിഷിന്റെ മലമൂത്രശങ്കവരെ എല്ലാം പാര്‍ട്ടിയെ വലച്ച നാളുകള്‍. ശൈലജമന്ത്രിയുടെ കണ്ണാടിയും മണ്‍മറഞ്ഞ പഴയ ഗോപാലസേനാത്തലവന്റെ ഒളിവുജീവിതകഥകളും എല്ലാം വരിക്കുവരി പൊന്തിവരികയാണ്. പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയും ആര്‍എസ്എസുമാണെന്ന് പ്രഖ്യാപനമൊക്കെയുണ്ടെങ്കിലും ബാലേഷ്ണന്റെ ശത്രു ആരാണെന്ന് ഇപ്പഴാണ് മാലോകര്‍ക്ക് മനസ്സിലായത്.

അധ്വാനിക്കുന്നവന്റെ ആവേശമായി വടിവാളുകള്‍ക്കിടയിലൂടെ നെഞ്ചുംവിരിച്ച് നടന്ന ബ്രണ്ണന്‍ വിജയന്‍ ഇപ്പോള്‍ ഓഖിയുടെ പണമെടുത്ത് ഓസിന് ഹെലികോപ്റ്റര്‍ യാത്ര നടത്തിയതാണ് പുതിയവിവാദം. കൂപ്പര്‍ സെക്രട്ടറിക്ക് കോപ്റ്റര്‍ മുഖ്യന്‍ എന്ന നാടന്‍ചൊല്ല് വരെ ഇതേത്തുടര്‍ന്ന് പ്രചാരത്തിലായിരിക്കുന്നു. പാര്‍ട്ടിയുടെ സൈദ്ധാന്തിക സെല്‍ വിശാരദന്മാര്‍ പറയുന്നത് പ്രകാരം ഒന്നായ വിജയനെ പലനേരത്തില്‍, പല ഭാവത്തില്‍ കണ്ടുകൊള്ളണമെന്നാണ്. എവിടെ കണ്ടാലും വിജയനെ മുഖ്യമന്ത്രിയെന്ന് കരുതരുത് എന്നു സാരം. 

മംഗലാപുരത്ത് സിദ്ധരാമയ്യയുടെ പോലീസിനു നടുവില്‍ നില്‍ക്കുമ്പോള്‍ ബ്രണ്ണന്‍ വിജയനെന്നാണ് പേര്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഓഖിപ്പണം കൊണ്ട് ഓസിന് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയപ്പോള്‍ കോപ്റ്റര്‍ വിജയന്‍. കടപ്പുറത്ത് ദുരന്തബാധിതരുടെ പങ്കായം കണ്ട് കണ്ടം വഴി ഓടിയപ്പോള്‍ പേര് പങ്കായം വിജയന്‍, കോടതിവരാന്തയില്‍ കയറിയാല്‍ ലാവ്‌ലിന്‍ വിജയന്‍, പിണറായിയില്‍ പത്ത് പാര്‍ട്ടിക്കാരെ ഒരുമിച്ചുകണ്ടാല്‍ നെഞ്ചും വിരിച്ച് കക്ഷി ഇരട്ടച്ചങ്കന്‍ വിജയനാകും. പാപ്പാത്തിച്ചോലയില്‍ കുരിശ് വിജയന്‍, കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ ഹൗസ്‌ബോട്ടില്‍ കയറുമ്പോള്‍ കായല്‍ വിജയന്‍..... അങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പല നേരങ്ങളില്‍, പല ഭാവങ്ങളില്‍.

വിവാദം കനപ്പിച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖത്തുനോക്കി പിണറായിക്കമ്പനി ഒരേ സ്വരത്തില്‍ ആക്രോശിച്ചത് മുഖ്യമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പോകുമ്പോള്‍ മുഖ്യമന്ത്രിയായിരിക്കണമെന്നില്ല എന്നാണ്. അപ്പറഞ്ഞതിന്റെ പൊരുള്‍ ഇതുവരെയും വ്യക്തമായിട്ടില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമ്പോള്‍ അത് ഉദ്ഘാടിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ലെന്നതായിരുന്നു ഒരു പ്രശ്‌നം. മുഖ്യമന്ത്രിതന്നെ ഉദ്ഘാടിക്കണം എന്നതാണത്രെ കീഴ്‌വഴക്കം. ആ സമയത്ത് അദ്ദേഹം മുഖ്യമന്ത്രിയല്ല, പാര്‍ട്ടി നേതാവ് മാത്രമാണെന്ന് മനസ്സിലാക്കാത്തതുകൊണ്ടാണ് ഇമ്മാതിരി കുതര്‍ക്കങ്ങള്‍ ഉയരുന്നത്.

കേരള കാസ്‌ട്രോ  വിഎസിന്റെ അനുയായികള്‍ ഇനിയും അവശേഷിക്കുന്ന ഇടമെന്ന നിലയില്‍ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നേരിട്ട് നടപ്പാക്കാന്‍ കൊല്ലത്ത് അട്ടിപ്പേറ് കിടക്കുന്നതിനിടയില്‍ ധീരസഖാവിന് എന്ത് കലോത്സവം. സഖാവിന്റെ കലാവാസന നേരിട്ടറിയാവുന്നവര്‍ക്ക് അതേ നന്നായുള്ളൂ എന്നാണ് അഭിപ്രായം. സംഭവം വിവാദമായപ്പോഴാണ് നീണ്ട 21 ദിവസം വിജയന്‍ സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നില്ലെന്ന് തിരിയുന്നത്. ഏഴ് ജില്ലകളിലെ പാര്‍ട്ടി സമ്മേളനത്തിന്റെ കൊടിമരജാഥ മുതല്‍ അടിയന്തരംവരെ നടത്തിയിട്ടാണ് സഖാവ് നാട് ഭരിക്കാനിറങ്ങിയത്. സമ്മേളനങ്ങളില്‍ കണ്ണുരുട്ടലും വിരട്ടലുമായി പിണറായി കലോത്സവം കൊണ്ടാടുന്ന സമയത്താണ് ഓഖിയുടെ ദുരന്തത്തിന്റെ ആഴം പഠിക്കാന്‍ കേന്ദ്രസംഘം തിരുവനന്തപുരത്ത് എത്തിയത്. നാട്ടികയില്‍ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ ഇരുന്ന സഖാവിന് ആ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകേണ്ടി വന്നതാണ് ഇപ്പോള്‍ പൊല്ലാപ്പായത്. നാട്ടികയില്‍ നിന്ന് വിജയന്‍ കോപ്റ്റര്‍ വരുത്തി പറന്നു. കേന്ദ്രസംഘത്തെ കണ്ടു ചര്‍ച്ച നടത്തി. നാട്ടികയ്ക്ക് തിരിച്ചുപറന്നു. ഒറ്റദിവസംകൊണ്ട് വിജയന്‍ പൊടിച്ചത് എട്ട് ലക്ഷം. വിജയന് കോപ്റ്റര്‍ ഒപ്പിച്ചു കൊടുത്തത് ഡിജിപി ലോക് നാഥ് ബെഹ്‌റ. കോപ്റ്ററിന്റെ പണം ഓഖി ദുരിതാശ്വാസഫണ്ടില്‍നിന്ന് അടിച്ചുമാറ്റാമെന്ന് കണ്ടെത്തി നിര്‍ദേശം നല്‍കിയത് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍. കുര്യന്റെ പിഎച്ച് മൂല്യം കൊട്ടക്കാമ്പൂരു മുതല്‍ കുറിഞ്ഞി ഉദ്യാനം വരെ വെളിവായിട്ടും പാവം മന്ത്രി ചന്ദ്രശേഖരന്‍ പുള്ളിയെ പിന്നെയും ചുമക്കുകയാണ്. 

ഓഖിയില്‍പ്പെട്ട് മരിച്ചവരുടെ, കാണാതായവരുടെ, വള്ളവും വലയും നഷ്ടമായവരുടെ, എല്ലാം തകര്‍ന്നവരുടെ ആശ്രിതര്‍ക്ക് ആശ്വാസമായി കേന്ദ്രം നല്‍കിയ ഫണ്ടെടുത്താണ് വിജയന്‍ മുഖ്യമന്ത്രിയായും പാര്‍ട്ടി നേതാവായും മിനിട്ടിനുമിനിട്ടിന് ഫാന്‍സിഡ്രസ് കളിക്കുന്നത്. ഓഖി ഫണ്ടില്‍നിന്ന് പണം ഓസി എന്ന വാര്‍ത്ത വന്നയുടനെ തിരുത്തി. ഓര്‍ഡര്‍ പിന്‍വലിച്ചു. കൂപ്പര്‍ ബാലേഷ്ണന്‍ ഒരിക്കല്‍ പയറ്റിയ അതേ 'ജാഗ്രതക്കുറവ്' എടുത്ത് പിന്നെയും വീശി. 

ഓഖിയടിക്കുമ്പോള്‍ മുഖ്യമന്ത്രി വിജയന്‍ ക്ലിഫ് ഹൗസിലുണ്ടായിരുന്നു. വേഷം മുഖ്യമന്ത്രിയുടേത് തന്നെയാവാനാണ് സാധ്യത. നാടും നാട്ടുകാരും അലമുറയിട്ട് നിലവിളിച്ചിട്ടും വിജയന്‍ അനങ്ങിയില്ല. നാല് ദിവസം പിന്നിട്ട് ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് പോയെന്ന് അറിഞ്ഞതിനുശേഷമാണ് ധീരവിപ്ലവകാരി അരമന വിട്ട് പുറത്തിറങ്ങിയത്. കടപ്പുറം കാണാനെത്തിയ മുഖ്യന്‍ മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിപ്പിടിച്ച പങ്കായങ്ങള്‍ക്ക് നടുവിലൂടെ ഓടിത്തള്ളിയത് കേരളം മറന്നിട്ടില്ല. 

കടല്‍ കാണാന്‍ കടകംപള്ളി കോപ്റ്ററില്‍ കയറിയതിലും വല്യ പബ്ലിസിറ്റിയാണ് പാര്‍ട്ടി സമ്മേളനത്തില്‍ നിന്നുള്ള വിജയന്റെ യാത്രയ്ക്ക് കിട്ടിയത്. ബാലേഷ്ണന്റെ കൂപ്പര്‍ യാത്രയ്ക്കും ഈ ഇമേജ് കിട്ടിക്കാണില്ല. ഓഖിയടിച്ചാണ് വിജയന്‍ കോപ്റ്ററില്‍ കയറിയതെന്ന് കേട്ടപ്പോള്‍ കടകംപള്ളി പറഞ്ഞത് ആ പണം തൊട്ടിപ്പിരിവില്‍ നിന്ന് എടുത്ത് കൊടുക്കുമെന്നാണ്. ഓഖിയുടെ പേരിലും ഉളുപ്പില്ലാതെ ബാലേഷ്ണനും സംഘവും തൊട്ടിയുമായി നാട്ടില്‍ കയറിയിറങ്ങിയതും ഇതിനുവേണ്ടിയാണെന്ന് സാരം. ഓരോ തൊട്ടി തുട്ടില്‍ നിന്നും ഒരായിരം തൊട്ടിയുടെ കണക്കാണ് വെളുക്കുന്നത്. 

കള്ളപ്പണം എന്താണെന്ന് പോലും അറിയാത്ത കിഫ്ബി ഇടപാടുകാരന്റെ സാമ്പത്തികവിനിമയ ശാസ്ത്രത്തിനുമപ്പുറമാണ് വിജയനും ബാലേഷ്ണനുമൊക്കെക്കൂടി നടത്തുന്ന തൊട്ടിപ്പിരിവ്. ഇത്ര ആദായകരമായ ഒരു സംവിധാനം വേറെയില്ല. സ്വകാര്യസ്വത്ത് പാടില്ല എന്നാണ് നയം. സ്വത്തെല്ലാം പാര്‍ട്ടിക്ക്. പാര്‍ട്ടിയെ സ്വകാര്യസ്വത്തായി കാണുന്നതില്‍ തെറ്റില്ല താനും. പാര്‍ട്ടി സര്‍ക്കാരാവുമ്പോള്‍ പിന്നെ അതും സ്വകാര്യസ്വത്താകും. അതുകൊണ്ടാണല്ലോ ജില്ലാ സെക്രട്ടറിയുടെ മോന് പോലീസ് സ്റ്റേഷനിലെ കക്കൂസ് തന്നെ വേണമെന്ന് തോന്നുന്നതും, കാര്യം നടന്നില്ലെങ്കില്‍ പോലീസുകാരന്റെ മെക്കിട്ടുകയറുന്നതും. അമ്മാതിരി ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ന്യായമാണ്. 

കോപ്റ്റര്‍ യാത്രയ്ക്ക് എത് ഫണ്ടില്‍ നിന്നും പണമെടുക്കാമെന്ന ഒടുക്കത്തെ ന്യായം വിജയന്‍ ഇടുക്കിയില്‍ പോയിനിന്ന് വിളമ്പുന്നത് അവിടെയെങ്ങും കടലും പങ്കായവുമില്ലെന്ന് ഉറപ്പാക്കിയിട്ടാണെന്ന് മനസ്സിലാക്കണം. കത്തനാര്‍ മൂത്ത് കര്‍ദിനാളായാലും കുടുംബപ്പേര് തലച്ചുമടാക്കി കൊണ്ടുനടക്കുന്ന റിയല്‍ എസ്റ്റേറ്റ് സഭകള്‍ക്ക് പിടിപാടുള്ള ഇടത്തേക്ക് പണ്ടേ വിജയന് ഒരു ചായ്‌വുണ്ട്. അത് പാപ്പാത്തിച്ചോലയായാലും ബോണക്കാഡായാലും വിജയന് ഒരു പോലെയാണ്. ഫണ്ട് ഏതുമാകട്ടെ, അത് പിണറായി വിജയന് സ്വന്തമാണെന്നതാണ് ഓഖിയടിച്ച് കോപ്റ്ററില്‍ കയറിയതിന്റെ ഗുണപാഠം. അക്കാര്യത്തില്‍ വിജയന്‍ സഖാവ് മുഖ്യമന്ത്രിയാണ്. 

 

എം. സതീശന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.