ദേശീയഗാനാലാപനം എതിര്‍ക്കപ്പെടുമ്പോള്‍

Sunday 14 January 2018 2:30 am IST

രാജ്യത്തെ സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ കോടതി വിധിയില്‍ രാജ്യത്തെ കുറച്ചധികം ആളുകള്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉള്ളിലിരിപ്പ് അപകടകരമാം വിധം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതേപോലെയുള്ള നീതിന്യായ സംവിധാനമാണ് സിനിമാശാലകളില്‍ ദേശീയഗാനാലാപനം നിര്‍ബ്ബന്ധിതമാക്കിയതെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചുകൊണ്ടാണ് ഇപ്പോഴുള്ളവരുടെ അത്യാഹ്‌ളാദകരമായ പ്രകടനങ്ങള്‍. ആ വിധി പുറത്തുവന്നപ്പോള്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ ശക്തിയുക്തം ദേശീയഗാനാലാപനം ശൗചാലയത്തിലും വേണമോ എന്നാക്രോശിച്ചവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും മുന്‍ ഉത്തരവിനെതിരെ രംഗത്തുള്ളത്. 

എന്താണ് ദേശീയഗാനം? ആരുടേതാണ് ഈ ദേശീയഗാനം? എന്തിനാണ് ദേശീയഗാനം? ഇതേക്കുറിച്ച് അറിയാത്തവരോ അറിയാന്‍ ശ്രമിക്കാത്തവരോ ഒക്കെയാണ് ദേശീയഗാനാലാപനത്തെ എതിര്‍ക്കുന്നവരില്‍ ഏറെയും. പിന്നെ ദേശീയതയെ എതിര്‍ക്കുന്നത് ഒരു ഫാഷനാക്കിയവരും.

എതിര്‍ക്കുന്നവരുള്‍പ്പെടെയുള്ളവരുടേതുകൂടിയാണ് ഈ ദേശീയഗാനം എന്ന കാര്യം ഇക്കൂട്ടര്‍ മറക്കുകയോ ബോധപൂര്‍വ്വം വിസ്മരിക്കുകയോ ചെയ്യുന്നു. വെറും 52 സെക്കന്റ് ദൈര്‍ഘ്യമാണ് നമ്മുടെ ദേശീയഗാനമായ 'ജനഗണമന'യുടെ ആലാപനത്തിന് വേണ്ടത്. ഇതിനെ വെറും ഗാനമായി മാത്രം കരുതുന്നവര്‍ക്കേ എതിര്‍ക്കാന്‍ കഴിയുകയുള്ളൂ. ദേശീയ ഗാനാലാപന സമയത്ത് നമുക്കു വേണ്ടി, നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി (ദേശീയഗാനാലാപനത്തെ തെരുവില്‍ എതിര്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ചതിന് വേണ്ടിക്കൂടി), അതിര്‍ത്തിയില്‍ രാജ്യരക്ഷയ്ക്കായി മഞ്ഞിനോടും ശത്രുരാജ്യത്തോടും പടപൊരുതുന്ന ധീരജവാന്മാരുടെ ത്യാഗത്തെക്കുറിച്ച് ഓര്‍മ്മിക്കാനാണ് നാം ശ്രമിക്കേണ്ടത്. അങ്ങനെ നമ്മുടെ രാജ്യത്തെക്കുറിച്ച് ഓര്‍മ്മിക്കാനുള്ള അവസരമാക്കാന്‍ ശ്രമിച്ചാല്‍ ആര്‍ക്ക് നമ്മുടെ ദേശീയഗാനാലാപനത്തെ എതിര്‍ക്കാനാവും?

തിയേറ്ററില്‍ 52 സെക്കന്റ് എണീറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള പലര്‍ക്കും 24 മണിക്കൂറോ 48 മണിക്കൂറോ ദൈര്‍ഘ്യമുള്ള ഹര്‍ത്താലും പണിമുടക്കും നടത്തുന്നതിനോ പങ്കെടുക്കുന്നതിനോ തടസ്സമില്ല. മിനിറ്റുകളോളം ക്യൂവില്‍ നിന്ന് സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നതില്‍ മടുപ്പില്ല. മിനിറ്റുകളോളം തിയേറ്ററിനുള്ളില്‍ കാട്ടുന്ന പരസ്യം കാണുവാനും ബുദ്ധിമുട്ടില്ല. ഈ പറയുന്ന സിനിമാക്കാര്‍ക്ക് നാടുനീളെ സിനിമാ പരസ്യം ഒട്ടിച്ചു വികൃതമാക്കുന്നതിനു ഉളുപ്പില്ല. തങ്ങളുടെ ധനസമ്പാദന മാര്‍ഗ്ഗത്തിന്റെ ഭാഗമായി സിനിമ പിടിക്കുമ്പോള്‍ അതില്‍ ദേശീയഗാനം,ദേശീയപതാക, ദേശീയചിഹ്നങ്ങളായ അശോകസ്തംഭം, അശോകചക്രം ഇവയൊക്കെ ഉപയോഗിക്കുന്നതിനു യാതൊരു മടിയുമില്ല. 

പരസ്യം പാടില്ലെന്നു പറയുന്നിടത്തുതന്നെ പരസ്യം പതിക്കുകയും നോ പാര്‍ക്കിങ് ഏരിയായില്‍ പാര്‍ക്കു ചെയ്യുകയും ചെയ്യുന്നവരും കുറവൊന്നുമല്ല. സീബ്രാക്രോസിങ് കാല്‍നടക്കാര്‍ക്ക് വേണ്ടിയുള്ളതാണെങ്കിലും പോലീസ് നിന്ന് കൈകാണിച്ച് വണ്ടിനിര്‍ത്തി ആളെ കടത്തിവിടേണ്ട അവസ്ഥയുള്ള നാടാണ് നമ്മുടേത്. 

വഴിയിലൂടെ നടക്കുമ്പോള്‍ നമുക്കു നേരെ വണ്ടി പാഞ്ഞുവന്നാല്‍ ഓടി മാറാന്‍ നമുക്ക് അറിയാം. മരം വെട്ടുന്നത് നോക്കി നില്‍ക്കുമ്പോള്‍ മരക്കമ്പ് നമുക്ക് നേരെ വന്നാല്‍ ഒഴിഞ്ഞു മാറാനും അറിയാം. അങ്ങനെ എല്ലാം നാം നമുക്ക് വേണ്ടി  ചെയ്യും. എന്നാല്‍ 52 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള നമ്മുടെ ദേശീയഗാനം കേട്ടാല്‍ എണീറ്റുനിന്ന് ആദരിക്കാന്‍ നമുക്കാവുന്നില്ല. എന്നിട്ട് മണിക്കൂറുകള്‍ ദേശീയഗാനത്തിനെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ അധരവ്യായാമം നടത്തിക്കൊണ്ടിരിക്കും.

ദേശീയഗാനം നമോരോരുത്തരുടേതുമാണെന്ന ചിന്ത നമ്മളില്‍ ഉണ്ടാവണം. ദേശീയഗാനവും ദേശീയപതാകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതും സംഘടനയുടേതുമല്ല, ഓരോ ഇന്ത്യാക്കാരന്റേതുമാണ്. ഇതു സംരക്ഷിക്കാനും, ഇതിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനും ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്. നമ്മുടെ പൂര്‍വികര്‍ ദീര്‍ഘവീക്ഷണമുള്ളവരായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. കാരണം ഭരണഘടനയില്‍ത്തന്നെ ഇക്കാര്യം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഭരണഘടന ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം ഓരോ ഇന്ത്യന്‍ പൗരന്റെയും ഭരണഘടനാപരമായ കടമയാണ് ദേശീയപതാകയേയും ദേശീയഗാനത്തെയും ആദരിക്കുക എന്നത്. ഇതൊന്നും മനസ്സിലാക്കാതെ ദേശീയഗാനത്തെ എതിര്‍ക്കുകയാണ് കുറെയാളുകള്‍. ദേശീയഗാനം നാം ഓരോരുത്തരുടേതുമാണെന്ന് ഇവര്‍ എന്നു മനസ്സിലാക്കും?

പിന്‍കുറി: ചലച്ചിത്രമേളകളില്‍ അഞ്ച് തവണ എഴുന്നേറ്റ് നില്‍ക്കേണ്ടിവരുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാമെന്നാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്കു വേണ്ടി അഡ്വ. പി.വി.ദിനേശ് പറയുന്നത്. കോടതിയില്‍ കേസിനു ചെല്ലുമ്പോള്‍ മാത്രം കേസ് മാറ്റി വച്ചത് അറിയുന്നതു മൂലം കക്ഷികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഇദ്ദേഹത്തിന് ചിന്തിക്കാവുന്നതാണ്.

(പാലാ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.