ജയം തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സ്

Sunday 14 January 2018 2:30 am IST

മുംബൈ: കോച്ച് മാറിയതിനെതുടര്‍ന്ന് വിജയത്തിലേക്ക് പിടിച്ചുകയറിവരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കരുത്തരായ മുംബൈ എഫ് സിയെ നേരിടും. രാത്രി എട്ടിനാണ് മത്സരം.

പാതിവഴിയില്‍ പണി ഉപേക്ഷിച്ചുപോയ റെനെ മ്യൂളന്‍സ്റ്റീന് പകരമെത്തിയ ഡേവിഡ് ജെയിംസിന്റെ ശിക്ഷണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മുന്‍ മത്സരത്തില്‍ അവര്‍ ദല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ 3-0 ന് മുക്കി.

ദല്‍ഹിയെക്കാള്‍ ശക്തമാണ് മുംബൈ സിറ്റി എഫ് സി. അവരെ തോല്‍പ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഠിനപ്രയത്‌നം തന്നെ വേണ്ടിവരും. ജെര്‍സണ്‍ വിയേറ, ലൂസിയന്‍ ഗോയിന്‍ എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധം ശക്തമാണ്. 

ദല്‍ഹിക്കെതിരായ മത്സരത്തിില്‍ പരിക്കേറ്റ ബെര്‍ബറ്റോവ് ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. വിനീതും ഇയാന്‍ ഹ്യൂമും സിഫ്‌നിയോസുമൊക്കെ ഇന്ന് കളിക്കാനിറങ്ങിയേക്കും.

ഇന്ന് വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് 14 പോയിന്റുമായി മുംബൈയ്‌ക്കൊപ്പം എത്താനാകും. ഒമ്പത് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് 11 പോയിന്റുണ്ട്. അതേസമയം മുംബൈയ്ക്ക് ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റുണ്ട്്.

ജനുവരി അഞ്ചിന് നടന്ന മത്സരത്തില്‍ മുംബൈ ജാംഷഡ്പൂരിനെ സമനിലയില്‍ (2-2 ) തളച്ചു. അവസാന ഹോം മാച്ചില്‍ അവര്‍ ദല്‍ഹിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.