ശ്രീജിത്തിന്റെ സമരം സമൂഹം ഏറ്റെടുക്കുന്നു

Sunday 14 January 2018 2:30 am IST

തിരുവനന്തപുരം: ‘ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഒരു യുവാവിന്റെ സമരം രണ്ട് വര്‍ഷം പിന്നിടുന്നു. മാറി മാറി വന്ന ഇടതു വലത് സര്‍ക്കാരുകള്‍ നീതി തേടിയുള്ള ഈ യുവാവിന്റെ ഒറ്റയാള്‍ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 762 ദിവസം പിന്നിട്ട സമരത്തിന് പിന്‍തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മയും വിവിധ രാഷ്ട്രീയ സംഘടനകളും രംഗത്ത് വന്നു കഴിഞ്ഞു. ഇതോടെ സമരം സമൂഹം ഏറ്റെടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. സമരം നടത്തുന്ന ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സത്യാഗ്രഹത്തിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതി മോശമായിട്ടും അധികൃതര്‍ ആരും തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് സോഷ്യല്‍മീഡിയ  ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

 2014 മാര്‍ച്ച് 21നാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് മരണമടഞ്ഞത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചു പോലീസ് ‘ഭാഷ്യം. എന്നാല്‍ ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് പിന്നീട് നല്‍കിയ വിശദീകരണം. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലെയ്ന്റ് സെല്‍ അതോറിറ്റി ലോക്കപ്പ് മരണമാണെന്ന് സ്ഥിരീകരിച്ചു. വിഷം  പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായി. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിന്റെ ‘ഭാഗത്തുനിന്നും നടപടിയൊന്നുമുണ്ടാകാതെ വന്നതോടെയാണ് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്.തുടര്‍ച്ചയായ നിരാഹാര സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു. സിബിഐ അന്വേഷണം ആരംഭിക്കും വരെയും സമരം തുടരുമെന്നാണ് ശ്രീജിത്ത് പറയുന്നത്. 

നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സമരം കൈവിട്ട് പോകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങമുണ്ടെന്നും പുരോഗമിക്കുന്നതായും സൂചനകളുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.