ജനതാദള്‍ (യു) പിളര്‍പ്പിലേക്ക്

Sunday 14 January 2018 2:30 am IST

കൊച്ചി: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു കേരള ഘടകം എല്‍ഡിഎഫിലേക്ക് മടങ്ങുന്നതില്‍ ഒരുവിഭാഗത്തിന് കടുത്ത എതിര്‍പ്പ്. ഇതോടെ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി.

വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റും മകന്‍ ശ്രേയാംസ് കുമാറിന് കോഴിക്കോട് ലോക്‌സഭാ സീറ്റും നേടാനാണ് ഇടതുമുന്നണിയിലേക്ക് പോകുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. മുന്നണിമാറ്റം അജണ്ടയില്‍ ഉള്‍പ്പെടുത്താതെയാണ് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗണ്‍സിലും വിളിച്ച് ചേര്‍ത്തതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജനതാദള്‍ (യു) മുന്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ ആരോപിച്ചു. സെക്രട്ടറിയേറ്റ് യോഗത്തിലും ഈ വിഷയം അജണ്ടയില്ലായിരുന്നു. 

14 ജില്ലാ പ്രസിഡന്റുമാരും തീരുമാനത്തെ അനുകൂലിച്ചെന്ന് പറയുന്നത് ശരിയല്ല. സംസ്ഥാന കമ്മിറ്റിയിലും കൗണ്‍സിലിലും അഭിപ്രായം പറയാനുള്ള അവസരം പോലും നിഷേധിച്ചായിരുന്നു നടപടി. 

സ്വാര്‍ത്ഥ താത്പര്യങ്ങളെ സംരക്ഷിക്കാനാണ് ഇത്തരത്തിലൊരു നീക്കം. മുന്നണിമാറ്റം പോലുള്ള തീരുമാനങ്ങള്‍ എടുക്കും  മുന്‍പ് ജില്ലാ കൗണ്‍സിലുകള്‍ വിളിക്കണമെന്ന് ഭൂരിപക്ഷം മണ്ഡലം കമ്മറ്റികളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീരേന്ദ്രകുമാര്‍ അത് തള്ളി. തങ്ങള്‍ യുഡിഎഫുമായി സഹകരിച്ച് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് ജോണ്‍ ജോണ്‍ അറിയിച്ചു. 

യുഡിഎഫ് നേതാക്കളുമായി ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ട്. 25ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ തീരുമാനമാകുമെന്നും ജോണ്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.