മകരവിളക്ക് ഇന്ന് സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം

Sunday 14 January 2018 8:30 am IST

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനം ഒരുങ്ങി. ഇന്ന് വൈകിട്ട് അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. പൊന്നമ്പലമേട്ടില്‍ മിന്നിമറയുന്ന മകരജ്യോതിയും മാനത്ത് തെളിയുന്ന മകരനക്ഷത്രവും കാണാന്‍ ഭക്തലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തും വിരിവച്ച് കാത്തിരിക്കുന്നത്.  തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് പൂങ്കാവനം. 

വെള്ളിയാഴ്ച പന്തളത്തു നിന്ന് പുറപ്പെട്ട  തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് നാലരയോടെ ശരംകുത്തിയിലെത്തും. വാദ്യമേളങ്ങളുടേയും കര്‍പ്പൂരാഴിയുടേയും ശരണാരവങ്ങളുടേയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാം പടികടന്ന് കൊടിമരച്ചുവച്ചില്‍ എത്തുന്ന തിരുവാഭരണഘോഷയാത്രയെ എതിരേല്‍ക്കും.

ഇവിടെ നിന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ശ്രീകോവിലിനുളളിലേക്ക് കൊണ്ടുപോയി തിരുനട അടയ്ക്കും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന. ഈസമയം കിഴക്കേചക്രവാളത്തില്‍ മകര നക്ഷത്രവും. പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ദൃശ്യമാകും. 

മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായി. ചതുര്‍ശുദ്ധി, ധാര, പഞ്ചകം, ഗവ്യം എന്നിവ നടന്നു. ഇന്ന് രാവിലെ 10വരെ നെയ്യഭിഷേകമുള്ളൂ. അതിനു ശേഷം ശ്രീകോവിലും തിരുമുറ്റവും കഴുകി വൃത്തിയാക്കും. ഉച്ചയ്ക്ക് 12ന് പൂജകള്‍ ആരംഭിക്കും. ആദ്യം 25 കലശാഭിഷേകത്തോടെ ഉച്ചപൂജ, ഉച്ചയ്ക്ക് 1.47നാണ് മകരസംക്രമ പൂജ. സംക്രമപൂജയ്ക്ക് കവടിയാര്‍ കൊട്ടാരത്തില്‍നിന്നു പ്രത്യേക ദൂതന്‍ വശം കൊണ്ടുവരുന്ന നെയ്യുപയോഗിച്ചാണ് അഭിഷേകം. ഉച്ചപ്പൂജ കഴിഞ്ഞു നട അടച്ചാല്‍ തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കുന്നതുവരെ ആരെയും പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.