ജഡ്ജ് ലോയയുടെ മരണം: കേസ് ആദ്യം ഫയല്‍ ചെയ്തത് ബോംബെ ഹൈക്കോടതിയില്‍

Sunday 14 January 2018 2:14 pm IST

മുംബൈ: സിബിഐക്കോടതി ജഡ്ജ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി നാലിന് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, കേസ് നമ്പര്‍ കിട്ടിയത് ജനുവര 12 ന്. അസോസിയേഷന്‍ കേസ് ഫയല്‍ ചെയ്ത വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയശേഷമാണ് മുംബൈയില്‍ പത്രപ്രവര്‍ത്തയകനായ ബി.എസ്. ലോണ്‍ സുപ്രീം കോടതിയില്‍ കേസുമായെത്തിയത്. ഇത് ''ചില പ്രത്യേക ലക്ഷ്യംവെച്ചാണെ''ന്ന് ബോംബെ ലോലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ആബ്ദി പറയുന്നു. 

ഇതോടെ, സുപ്രീം കോടതിയിലെ നാല് ജസ്റ്റീസുമാരുടെ പത്ര സമ്മേളനവും അനുബന്ധ വാര്‍ത്തകളും പ്രചാരണങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ ഗൂഢാലോചനകളുണ്ടെന്ന സംശയം പലര്‍ക്കും ഉയരുന്നു. ജഡ്ജിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യംതന്നെ ദുരൂഹമാണെന്ന് അസോസിയേഷന്‍ പറയുന്നു.

ലോയ 2014 ലാണ് മരണപ്പെട്ടത്. ഈ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ജനുവരി നാലിന് ഹര്‍ജി നല്‍കി. എന്നാല്‍ ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ കേസ് നമ്പര്‍ കൊടുത്തത് ജനുവരി 12 ന് ഉച്ചയ്ക്കു ശേഷമാണ്. അന്ന് കാലത്താണ് സുപ്രീം കോടതി ജസ്റ്റീസുമാര്‍ ചീഫ് ജസ്റ്റീസിനെതിരേ പത്രസമ്മേളനം നടത്തിയത്. 

കാര്യങ്ങള്‍ വിശദീകരിച്ച്, ലോയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് ആബ്ദി പറയുന്നു: ''ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തത് ജനുവരി നാലിനാണ്. ദല്‍ഹിയിലെ പരാതി പ്രത്യേക ലക്ഷ്യം വെച്ചാണ്. ബോംബെ ഹൈക്കോടതിയില്‍നിന്ന് കേസ് മാറ്റി പകരം സുപ്രീം കോടതിയില്‍ കേള്‍ക്കാനാണ് ഈ പരാതി,'' ആബ്ദി വിവരിക്കുന്നു. 

മുംബൈക്കാരനായ പത്രപ്രവര്‍ത്തകന്‍ ബി.എസ്. ലോണ്‍ സുപ്രീം കോടതിയില്‍ കേസുമായെത്തിയത്, ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത് വലിയ വാര്‍ത്തയായ ശേഷമാണ്. ഇതിനു പിന്നില്‍ 'ഇഷ്ട വിധികിട്ടാനുള്ള നിക്ഷിപ്തലക്ഷ്യ'മാണെന്ന് ആബ്ദി പറയുന്നു. 

''ഈ കേസ് ബോംബെ ഹൈക്കോടതിയില്‍ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്യും. ലോയ ജഡ്ജായിരുന്ന കോടതി മഹാരാഷ്ട്രയുടെ നീതി നിര്‍വഹണ പരിധിയിലായിരുന്നയാളാണ്,'' ആബ്ദി വിശദീകരിച്ചു. 

നാലാം തീയതി ഫയല്‍ ചെയ്ത കേസിന് നമ്പര്‍ അനുവദിക്കാന്‍ എന്തുകൊണ്ട് 12 ന് ഉച്ചവരെ വൈകിയെന്നതിന,് ''സമയം കിട്ടാഞ്ഞാണെന്ന'' ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ വിശദീകരണത്തില്‍ ആബ്ദി അതൃപ്തി പ്രകടിപ്പിച്ചു: '' അഭിഭാഷക സംഘടനയ്ക്ക് ഈ പരിഗണനയാണ് കിട്ടുന്നതെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കും? റോഡിലെ കുഴിക്കും മറ്റു പ്രശ്നങ്ങള്‍ക്കും സ്വയമേവ കേസെടുക്കുന്ന ഹൈക്കോടതിക്ക് ജഡ്ജിന്റെ മരണത്തില്‍ സ്വയം കേസെടുക്കാനാകാത്തതെന്താണ്. ഞാനാവശ്യപ്പെടുന്നത് തുറന്ന അന്വേഷണമാണ്,'' ആബ്ദി പറഞ്ഞു. 

കേസ് ജനുവരി 16 ന് കേള്‍ക്കാന്‍ സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.