കശ്മീരിലെ സമാധാനം: രാഷ്ട്രീയ-സൈനിക സമീപനം ആവശ്യമെന്ന് കരസേനാ മേധാവി

Sunday 14 January 2018 6:42 pm IST

ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ രാഷ്ട്രീയ-സൈനിക തലങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ കരസേനാ മേധാവി ആവശ്യപ്പെട്ടു.

ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍നിന്നു സൈന്യത്തിന്റെ നേതൃത്വം ഞാന്‍ ഏറ്റെടുത്തശേഷം സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. ചെറിയ മാറ്റമാണെങ്കിലും അതിനെ മികവായാണ് ഞാന്‍ വീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ കൈയിലായി എന്നു പറയാനുള്ള തരത്തില്‍ ഞാന്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല. കാരണം, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ഇനിയും തുടരും- ബിപിന്‍ റാവത്ത് പറഞ്ഞു.

ജമ്മു കശ്മീരില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു രാഷ്ട്രീയ-സൈനിക സമീപനം സ്വീകരിക്കാന്‍ കഴിയും. ഇതിനായി രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക നടപടികളും ഒന്നിച്ചുപോകേണ്ടതുണ്ടെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേര്‍ത്തു. 

അമേരിക്ക വര്‍ഷാവര്‍ഷം പാക്കിസ്ഥാനു നല്‍കിയിരുന്ന സാന്പത്തിക സഹായം മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന. 200 കോടി ഡോളറിന്റെ സഹായമാണ് അമേരിക്ക മരവിപ്പിച്ചത്. തങ്ങളില്‍ നിന്നു സഹായം കൈപ്പറ്റിയശേഷം ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കി പാക്കിസ്ഥാന്‍ ചതിക്കുകയായിരുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.