തികച്ചും അനുചിതം, കോടതിയലക്ഷ്യം

Monday 15 January 2018 2:45 am IST

ജനുവരി 12 വെള്ളിയാഴ്ച 12 മണിക്കുശേഷം ദല്‍ഹി തുഗ്ലക് റോഡിലെ നാലാം നമ്പര്‍ ബംഗ്ലാവില്‍ സുപ്രീംകോടതി കൊളീജിയത്തിലെ നാല് ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ച് പത്രക്കാരെ ക്ഷണിച്ചുവരുത്തി ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെതിരായി സ്വഭാവദൂഷ്യമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും, അതോടൊപ്പം അനുചിതവും അനഭിലഷണീയവുമാണ്. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന നിഷ്പക്ഷമതികളായ അറ്റോര്‍ണി ജനറല്‍ മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, മുന്‍ സുപ്രീംകോടതി ജഡ്ജി സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ ഈ നാലു ജഡ്ജിമാര്‍ ഇങ്ങനെ ഒരിക്കലും പെരുമാറരുതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകഴിഞ്ഞു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ജഡ്ജിമാരുടെ നടപടിയെ വിമര്‍ശിച്ച് പ്രസ്താവനകളിറക്കി. സ്വാര്‍ത്ഥതാല്‍പര്യക്കാരായ, വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ വ്യഗ്രതകൊള്ളുന്ന ചില രാഷ്ട്രീയ കക്ഷികളൊഴിച്ച് മറ്റെല്ലാവരെയും ഈ അസാധാരണ നടപടി വ്യാകുലരാക്കിയിരിക്കുകയാണ്.

വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലും സുപ്രീംകോടതി പലവക (മിസലെനിയസ്) ഹര്‍ജികള്‍ കേള്‍ക്കുന്ന ദിവസമാണ്. അഭൂതപൂര്‍വമായ തിരക്കായിരിക്കും കോടതി വരാന്തയില്‍പ്പോലും. ആ ദിവസങ്ങളിലാണ് പുതിയതായി കേസുകള്‍ ഫയലില്‍ എടുക്കുകയും, ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നത്. ആ നടപടികള്‍ തടസ്സപ്പെടുത്തിയാണ് ബഹുമാന്യരായ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരണം നടത്തി, മാധ്യമ സമ്മേളനം വിളിച്ചുകൂട്ടിയത്. അഭിഭാഷകര്‍ കോടതി ബഹിഷ്‌കരണം നടത്തിയാല്‍ അത് തൊഴില്‍പരമായ സ്വഭാവദൂഷ്യത്തിന്റെ മേഖലയില്‍ വരുമെന്ന് വിധി പ്രസ്താവിച്ച കോടതിയിലെ ജഡ്ജിമാരാണ് ഈ നാലുപേരും!

ആ അധികാരം ചീഫ് ജസ്റ്റിസിന്

എന്താണ് അവര്‍ക്ക് മാധ്യമങ്ങളോട് പറയാനുണ്ടായിരുന്നത്? രാജ്യം മുഴുവന്‍ കാതോര്‍ത്ത് കാത്തിരുന്നു. ടെലിവിഷന്‍ സെറ്റുകള്‍ക്ക് മുന്നില്‍ കൂട്ടംകൂടിനിന്നു. പക്ഷേ വ്യക്തമായ ഒരു ഉത്തരവും ജനങ്ങള്‍ക്ക് കിട്ടിയില്ല. ഭരണനിര്‍വഹണത്തില്‍ ചീഫ് ജസ്റ്റിസ് കാര്യമായ ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്നും, കേസുകള്‍ റോസ്റ്റര്‍ വഴി പ്രത്യേക ബെഞ്ചുകളെ ഏല്‍പ്പിക്കുന്നതില്‍ ഇഷ്ടാനിഷ്ടങ്ങള്‍ കലര്‍ത്തുന്നു എന്നുമാണ് ആരോപണം. അതേസമയം, നാലു ജഡ്ജിമാര്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്ത് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് തുല്യരില്‍ ഒന്നാമനാണെന്ന് പരാമര്‍ശിക്കുന്നുമുണ്ട്.

സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്നയിന്ന ജഡ്ജിമാര്‍ കേള്‍ക്കണമെന്ന് നിര്‍ണയിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നുള്ളത് അവിതര്‍ക്കിതമാണ്. പതിനഞ്ചിലധികം വരുന്ന ബെഞ്ചുകളിലെ കേസ് ലിസ്റ്റ് എന്നറിയപ്പെടുന്നത് തയ്യാറാക്കുന്നത് സുപ്രീംകോടതിയിലെ ഉയര്‍ന്ന സ്റ്റാഫ് അംഗങ്ങള്‍ കൂടി അറിഞ്ഞുകൊണ്ടും, അവരും കൂടിച്ചേര്‍ന്നുള്ള നടപടിക്രമമാണ്. ഇന്ന് കേരള ഹൈക്കോടതി ജഡ്ജിമാരായിരിക്കുന്ന ജസ്റ്റിസ് സുനില്‍ തോമസ്, ജസ്റ്റിസ് സുധീന്ദ്ര കുമാര്‍, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ ഈ പ്രക്രിയയില്‍ പങ്കാളികളായിരുന്നവരാണ്. ഇത് ഭരണപരമായി ഭാരിച്ച ചുമതലയാണ്. ചുരുങ്ങിയത് ആയിരം കേസുകളെങ്കിലും പലവക കേസുകള്‍ കേട്ട് തീരുമാനിക്കുന്ന ദിവസം സുപ്രീംകോടതിയുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. ഇത് പക്ഷപാതപരമായി ചെയ്യുന്നുവെന്നും, സ്വന്തം ഇഷ്ടക്കാരായ ജഡ്ജിമാര്‍ക്കു മാത്രം ചില കേസുകള്‍ തെരഞ്ഞെടുത്ത് നല്‍കുന്നുവെന്നുള്ള ആരോപണം പ്രഥമദൃഷ്ട്യാ അടിസ്ഥാനരഹിതവും, പ്രകടമായ കോടതിയലക്ഷ്യവുമാണ്. കോടതികളുടെ ഭരണവിഭാഗത്തെ വിമര്‍ശിക്കുന്നതും കോടതിയലക്ഷ്യനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഒറീസയില്‍ നിന്നുമുള്ള ഭരതകാന്ത മിശ്ര കേസില്‍ വിധി പ്രസ്താവിച്ച് ചൂണ്ടിക്കാണിച്ചത് സാക്ഷാല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആണ്. ആ തത്വം സാധാരണക്കാര്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂ എന്നുണ്ടോ?

ജഡ്ജിമാര്‍ ഇതിന് അതീതരാണോ? അല്ലെന്ന ഉത്തരം ആ വിധി വായിച്ചുനോക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാകും. അറ്റോര്‍ണി ജനറലിനോ, ഹര്‍ജിയുമായി അദ്ദേഹത്തെ സമീപിക്കുന്ന ഏതെങ്കിലും ഇന്ത്യന്‍ പൗരനോ ഈ നാല് ജഡ്ജിമാര്‍ക്കും എതിരായി കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. അതിനുപുറമെ ചീഫ് ജസ്റ്റിസിന്റെ ഇഷ്ടക്കാരാണ് തങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍, അതുകൊണ്ടാണ് ചില പ്രത്യേക കേസുകള്‍ അവരുടെ ബെഞ്ചിലേക്ക് നിയോഗിക്കപ്പെടുന്നത് എന്ന ആരോപണം ആ ജഡ്ജിമാരെ തരംതാഴ്ത്തലും, അവരുടെ സ്വഭാവശുദ്ധിയുടെമേല്‍ സംശയത്തിന്റെ നിഴല്‍ പരത്തുകയും ചെയ്യുന്നതിന് തുല്യമല്ലെ? ചുരുക്കത്തില്‍ നാല് ജഡ്ജിമാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവരുടെതന്നെ മറ്റ് സഹപ്രവര്‍ത്തകരെയും ആരോപണ വിധേയരാക്കുന്നു. ഇതില്‍പ്പരം നഗ്നമായ കോടതിയലക്ഷ്യവും അനൗചിത്യവും മറ്റെന്താണ്?

തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചില പ്രത്യേക കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചീഫ് ജസ്റ്റിസ് അനുവദിക്കുന്നില്ലെന്ന് ഒരു ജഡ്ജി പരസ്യമായി പറയുമ്പോള്‍ നിഷ്പക്ഷമായും, സ്‌നേഹമോ വിദ്വേഷമോ കൂടാതെയും നീതി നടപ്പാക്കിക്കൊള്ളാമെന്ന് നിയമന സമയത്ത് എടുത്ത സത്യപ്രതിജ്ഞയുടെ ലംഘനമല്ലെ? അങ്ങനെ ആവശ്യപ്പെടാന്‍ ഏതെങ്കിലും നിയമത്തിന്റെയോ കീഴ്‌വഴക്കങ്ങളുടെയോ നിബന്ധന ചൂണ്ടിക്കാണിക്കാന്‍ ഈ ജഡ്ജിമാര്‍ക്ക് ആകുമോ? മറിച്ച് 'ചീഫ് ജസ്റ്റിസ് ഈസ് ദി മാസ്റ്റര്‍ ഓഫ് ദി റോസ്റ്റര്‍' എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ വര്‍ഷങ്ങളായി അംഗീകരിച്ചുപോരുന്ന തത്വമാണ്.

രാഷ്ട്രീയ പശ്ചാത്തലം

എന്നിട്ടും ഇങ്ങനെയൊരു അസാധാരണ നടപടിക്ക് ഈ നാലു ജഡ്ജിമാര്‍ എന്തിന് തുനിഞ്ഞു? അവര്‍ നാലുപേരും സത്യസന്ധതയ്ക്കും നിഷ്പക്ഷതയ്ക്കും പേര് കേട്ടവരാണെന്നതില്‍ ആരും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ അവരില്‍ നാലുപേര്‍ക്കും ചില രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ ഉണ്ടായിരുന്നു. ജസ്റ്റിസ് ചെലമേശ്വര്‍ മുന്‍ ആന്ധ്രാ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ രഥയാത്രയില്‍ വാഹനംവരെ ഓടിച്ച ആളാണ്. ചന്ദ്രബാബു നായിഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ്. തനിക്ക് അര്‍ഹതപ്പെട്ട സീനിയോറിറ്റി മറികടന്നുകൊണ്ടാണ് തന്നെക്കാള്‍ പ്രായം കുറഞ്ഞ ജസ്റ്റിസ് ദീപക് മിശ്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചതെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ആകുകയെന്ന ചെലമേശ്വറിന്റെ സ്വപ്‌നമാണ് പൊലിഞ്ഞത്. സുപ്രീംകോടതി കോളീജിയം എടുക്കേണ്ട പല തീരുമാനങ്ങളും വൈകുന്നുവെന്നും, വിവാദമാവുന്നുവെന്നും സുപ്രീംകോടതി അഭിഭാഷകര്‍ക്ക് അഭിപ്രായമുണ്ട്. റോസ്റ്റര്‍ തയ്യാറാക്കുന്ന രീതി ലംഘിച്ച് ചില കേസുകള്‍ സ്വന്തം ബെഞ്ചില്‍ പോസ്റ്റ് ചെയ്യിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തിരുത്തുകയുണ്ടായി. 

ജസ്റ്റിസ് നിരഞ്ജന്‍ ഗോഗോയ് ആസ്സാമിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് അനുഭാവകുടുംബത്തിലെ അംഗമാണ്. ജസ്റ്റിസ് മദന്‍ ലോകൂര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച ആളാണ്. ജസ്റ്റിസ് കുര്യന്‍ ജോസഫ് ജഡ്ജി പദം ഏറ്റെടുക്കുന്നതിന് മുന്‍പ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ അനുഭാവിയും പ്രവര്‍ത്തകനുമായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലം ഈ വിവാദത്തില്‍ ചൂണ്ടിക്കാണിക്കുന്നതില്‍ അനൗചിത്യമില്ല. കാരണം ഏത് കേസുകളുടെ കാര്യത്തിലാണ് തങ്ങള്‍ക്ക് പരാതിയെന്ന് വ്യക്തമാക്കാന്‍ തയ്യാറാകാത്ത ജഡ്ജിമാരോട് സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളില്‍ ചിലത് 'ലോയ കേസ്സാണോ' തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോഴാണ് 'അതെ' എന്ന മറുപടി ജസ്റ്റിസ് ഗോഗോയ് നല്‍കിയത്. അവിടന്നങ്ങോട്ടാണ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത്. കിട്ടിയ അവസരം മുതലാക്കി ചില രാഷ്ട്രീയ കക്ഷികള്‍ ലോയ കേസിലെ സംഭവങ്ങള്‍ വളച്ചൊടിച്ച് പ്രസ്താവനകള്‍ നടത്തുകയുണ്ടായി.

ചില അന്തര്‍നാടകങ്ങള്‍

എന്താണ് ലോയ കേസ്? ജസ്റ്റിസ് ലോയ ഒരു സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കവെ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിന്റെ അശ്രാന്തപരിശ്രമം ഉണ്ടായിട്ടും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഗുജറാത്തിലെ സൊറാബുദ്ദീന്‍ വധക്കേസ് കൈകാര്യം ചെയ്തിരുന്നു എന്ന ഏകകാരണത്താല്‍ ഈ സ്വഭാവിക മരണം ചില രാഷ്ട്രീയ വൃത്തങ്ങള്‍ വിവാദമാക്കി, വാര്‍ത്തയാക്കി. മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായ ബെഞ്ചിലേക്ക് വിട്ടു എന്നതാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം. സുപ്രീംകോടതിയിലെ ഏത് ജഡ്ജി കേട്ടാലും എതിര്‍കക്ഷികളായ മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുവരുത്തി വാദം കേള്‍ക്കുകയല്ലാതെ മറ്റെന്ത് നടപടിക്രമമാണ് ഉണ്ടാവുക? ഇതാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ചെയ്തത്. 

പക്ഷേ അതിനിടയ്ക്ക് അത് സംബന്ധിച്ച ചില അന്തര്‍നാടകങ്ങള്‍ നടന്നുവെന്ന് ഹര്‍ജിക്കാര്‍ മാധ്യമങ്ങളോട് തുറന്നുപറയുകയുണ്ടായി. തന്റെ ഹര്‍ജി ഏത് ജഡ്ജി കേട്ടാലും തനിക്ക് വിരോധമില്ലെന്നും, എന്നാല്‍ തന്റെ അഭിഭാഷകന്‍, ജസ്റ്റിസ് അരുണ്‍ മിശ്ര കോപമുള്ള ആളാണെന്നും, ആ ബെഞ്ചില്‍ വാദം കേള്‍ക്കുന്നത് തടയാന്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആക്രോശിച്ചതായും ഹര്‍ജിക്കാരന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാരിനെയും നരേന്ദ്ര മോദിയേയും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന ദുഷ്യന്ത് ദവെ എന്ന ഗുജറാത്തില്‍നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി പിന്‍വലിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും ഹര്‍ജിക്കാരന്‍ പറയുകയുണ്ടായി.

ഇതിനുപുറമെ യുപിഎ സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഇന്ദിര ജെയ്‌സിങ് ഒരു കക്ഷിയുടെ നിര്‍ദ്ദേശംപോലും ഇല്ലാതെ ഈ കേസില്‍ ഹാജരാവുകയും സുപ്രീംകോടതി പ്രസ്തുത ഹര്‍ജി കേള്‍ക്കരുതെന്നും, മുംബൈ  ഹൈക്കോടതിയില്‍ കേള്‍ക്കണമെന്നും വാദിക്കുകയുണ്ടായി.

ജസ്റ്റിസ് ലോയ കേസ് രാഷ്ട്രീയവല്‍ക്കരിച്ച് നാലു ജഡ്ജിമാരുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെടുത്തുന്നതിന്റെ പിന്നിലെ കറുത്ത കരങ്ങള്‍ ഈ രാജ്യത്തെ ജനങ്ങള്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഗതികിട്ടാപ്രേതങ്ങളെപ്പോലെ നടക്കുന്ന ചിലര്‍ സംഭവം മുതലെടുക്കാന്‍ ശ്രമിച്ചത് അവര്‍ക്കുതന്നെ തിരിച്ചടിയായി. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഈ കഥയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ക്കുമുന്നില്‍ വരച്ചുകാണിച്ചുകഴിഞ്ഞു.

ആത്യന്തികമായി ജനങ്ങള്‍ ഇന്നും വിശ്വാസമര്‍പ്പിക്കുന്ന മഹത് സ്ഥാപനത്തിന്റെ സദ്‌പേരിനും വിശ്വാസ്യതയ്ക്കും അതിനകത്തുനിന്നുകൊണ്ടുതന്നെ പോറലേല്‍പ്പിച്ചു എന്നതല്ലാതെ കോടതി ബിഷ്‌കരണം നടത്തിയ നമ്മുടെ ബഹുമാന്യരായ നാലു ജഡ്ജിമാര്‍ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?

അഡ്വ. കെ. രാംകുമാര്‍

(പ്രമുഖ നിയമജ്ഞനും കേരള 

ഹൈക്കോടതിയിലെ മുതിര്‍ന്ന 

അഭിഭാഷകനുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.