ലോക പാഴ്സഭ

Monday 15 January 2018 2:30 am IST

നല്ല ഒരാശയം നടപ്പിലാക്കുമ്പോള്‍ എങ്ങനെ കുളമാക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലോക കേരളസഭ. കേരളത്തിലും വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യുക. ആശയം മോശമെന്നു പറയാനാവില്ല. പക്ഷേ ആശയത്തെ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിലാണ് പ്രധാന്യം. വ്യക്തമായ ആസൂത്രണമോ  കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാതെ തട്ടിക്കൂട്ടല്‍ മാത്രമായിരുന്നു രണ്ടുദിവസത്തെ ലോക കേരള സഭ. പേരില്‍ തന്നെയുണ്ട് പ്രശ്‌നം. ലോക, കേരള എന്നീ വാക്കുകള്‍ മലയാളത്തിലില്ല. ലോക കേരളം എന്നാല്‍ ലോകം മുഴുവനുമുള്ള കേരളം എന്നര്‍ത്ഥം. കേരളം എന്ന പദത്തിന്റെ മുന്നില്‍ ലോക എന്നെഴുതിയാല്‍ കേരളത്തിനെയാണ് ലോക വിശേഷിപ്പിക്കുന്നത്. ലോകകേരളസഭ എന്നാല്‍ ലോകം മുഴുവനുമുള്ള കേരളസഭ എന്നാണോ അര്‍ത്ഥം. ലോകം മുഴുവന്‍ കേരളമുണ്ടെങ്കില്‍ ലോകകേരളം എന്നെഴുതാം. ലോകം മുഴുവന്‍ മലയാളികളുള്ളതിനാല്‍ ലോകമലയാളിസമ്മേളനം നടത്താം. പ്രവാസി മലയാളിയെക്കുറിച്ച് കൃത്യമായ കണക്കില്ലയിരുന്നു. പ്രവാസികളെക്കുറിച്ച് ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറായില്ല.

സഭയിലെ അംഗങ്ങള്‍ ആരൊക്കെ, പരിപാടികള്‍ എന്തൊക്കെ എന്ന് സമ്മേളനത്തലേന്നുപോലും വ്യക്തതയില്ലായിരുന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചത് സഭ ചേരുന്നതിന്റെ തലേന്ന്. സഭയില്‍ അംഗമാക്കി എന്ന അറിയിപ്പു ലഭിച്ച പലര്‍ക്കും പട്ടിക വന്നപ്പോള്‍ സ്ഥാനമില്ലാതായി. അപ്രശസ്തരായ ചിലര്‍ അംഗത്വം നേടുകയും ചെയ്തു. പേരുകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപിച്ചപ്പോള്‍ ആകെ പത്തില്‍ താഴെ വനിതകള്‍.അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടും നിയമിക്കപ്പെട്ടവരില്‍ 28 പേര്‍ വിദേശ പൗരന്മാരായിരുന്നു. അമേരിക്ക, മലേഷ്യ, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭൂരിഭാഗംപേരും അതത് രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിദേശപൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇങ്ങനെ പൗരത്വം നഷ്ടപ്പെട്ടവരെ കേരള സഭയില്‍ എടുത്തത് പുലിവാലായി. ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ. അവസാനം അവരെയെല്ലാം പ്രത്യേക ക്ഷണിതാക്കളാക്കി. അംഗമായാലും ക്ഷണിതാവായാലും കാര്യമൊന്നുമില്ല എന്ന്  പലരും തിരിച്ചറിഞ്ഞത് സഭയിലെത്തിക്കഴിഞ്ഞ്്.

ലോകകേരള സഭയ്ക്കുവേണ്ടി  ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഏകദേശം 250 മുറികളാണ് സര്‍ക്കാര്‍ ബുക്ക് ചെയ്തിരുന്നത്. അഞ്ചു കോടി രൂപയാണ്  നടത്തിപ്പ് ചെലവ്. താജ് , ലീല തുടങ്ങിയ മുന്തിയ ഹോട്ടലുകളിലാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യസഭയും ലോക്‌സഭയും പോലെ ഗൗരവമുള്ള ഒന്ന് എന്നുവരുത്താന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല.  എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് വീണ്ടും ഒരു സത്യപ്രതിജ്ഞ പാടില്ലെന്ന കാര്യം അറിയുന്നത് സഭ ചേര്‍ന്ന ദിവസമാണെന്ന വിശദീകരണം മാത്രം മതി എത്ര അലസമായിട്ടാണ് സംഘാടനം എന്നു തിരിച്ചറിയാന്‍.  വിഷയം തിരിച്ചു ചര്‍ച്ച, വിലയിരുത്തല്‍ തുടങ്ങിയവയും കാര്യ പട്ടികയിലുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം  അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല.  ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപാരിപാടികള്‍ക്ക് ഗ്രന്ഥശാല വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള സ്‌നേഹപ്രകടങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും മാത്രം. മുണ്ടുമുറുക്കാന്‍ ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്ത് അവസാനിച്ചത് 'ലോക പാഴ്‌സഭ'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.