വിവേകം മനുഷ്യന് മാത്രമോ?

Monday 15 January 2018 2:30 am IST

ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മുഖമൊന്നു നിവര്‍ത്തിയപ്പോഴാണ് ഏതോ ഒരു ടെലിവിഷന്‍ ചാനലില്‍ ആ രംഗം കണ്ടത്; തിരക്കുപിടിച്ച രാജവീഥിയില്‍ ഏതോ വാഹനത്തിന്റെ അലസമായ വേഗതയില്‍ ഒരു നായയ്ക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു.

ലീടസ് എന്ന പട്ടണത്തില്‍ ഒരു ഭിഷഗ്വരന്‍ തന്റെ കണ്‍മുന്നിലകപ്പെട്ട നൊണ്ടിയായ നായയെ വിളിച്ചുവരുത്തി വേണ്ടുന്ന ചികിത്‌സ നടത്തി അല്‍പം ഭേദപ്പെട്ടപ്പോള്‍ പറഞ്ഞുവിട്ടു. പൂര്‍ണമായും തന്റെ അസുഖം ഭേദമാവുന്നതുവരെ ദിവസവും രാവിലെ അദ്ദേഹത്തെ സമീപിച്ച്  ആ നായ ചികിത്‌സ തേടി.  അതിനുശേഷം മറ്റൊരിക്കല്‍ തന്റെ സുഹൃത്തും നൊണ്ടിയുമായ മറ്റൊരു നായയേയുംകൂടി പ്രസ്തുത ഭിഷഗ്വരനെ സമീപിച്ച് ചികിത്‌സിക്കണമെന്ന് തന്റേതായ ഭാഷയില്‍ ആദരവോടുകൂടി അപേക്ഷിച്ചത് സ്വാമി ഹൃദയസ്പൃക്കായി അവതരിപ്പിക്കുകയുണ്ടായി. മേല്‍പ്രസ്താവനകളില്‍നിന്ന് ബോധ്യമാവുന്നത് മനുഷ്യന് മാത്രമല്ല; ഇതര ജീവികള്‍ക്കും ബുദ്ധിയും സഹജീവിസ്‌നേഹവും വിവരവുമുണ്ടെന്നതാണ്.

വാഹനമിടിച്ച്, രക്തം ഛര്‍ദ്ദിച്ച് പാതയില്‍ കിടന്ന നായയുടെ സമീപം വേറെ രണ്ട് ആണ്‍-പെണ്‍ നായ്ക്കള്‍ ചെന്ന്, വീണുകിടന്ന ശരീരത്തില്‍ മണത്തുനോക്കിയശേഷം മരണം സംഭവിച്ചു എന്ന് ഉറപ്പുവരുത്തി, നിരത്തരികിലേക്ക് അല്‍പം മാറിനിന്ന് സങ്കടത്തോടുകൂടി വിലപിക്കുന്നത് (ഓരിയിടുന്ന) ഹൃദയഭേദകമായിരുന്നു. തിരക്കുപിടിച്ച ഇക്കാലത്ത് സഹജീവികള്‍ക്ക് ഒരപകടം പിണഞ്ഞ് വീണുകിടന്നാലോ, മറ്റൊരത്യാവശ്യം വന്നുഭവിച്ചാലോ തിരിഞ്ഞുനോക്കാനോ, ഒരുകൈ സഹായിക്കാനോ സമയം കണ്ടെത്താത്ത മനുഷ്യന് ആ പട്ടികളുടെ ദുഃഖപ്രകടനം ഒരു മാതൃകാപാഠംതന്നെയല്ലേ?

അഡ്വ. പി. ബാലകൃഷ്ണന്‍,  കോഴിക്കോട്

ഭയപ്പാടകറ്റി ജുഡീഷ്യറി

ക്രിമിനല്‍ കേസുകളില്‍ മേലില്‍ ഇരയേയും സാക്ഷികളേയും വിസ്തരിക്കാന്‍ കോടതികളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവനുസരിച്ച് ഹൈക്കോടതി ജില്ലാ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്രെ. അനുമോദനാര്‍ഹമായ നടപടിയെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഇമ്മിണി സ്വാധീനവും സമ്പത്തും കുമിഞ്ഞുകൂടിയ പ്രതികളുടെ മുന്നില്‍ 'സത്യം മാത്രമേ പറയൂ' എന്ന് എത്രവട്ടം കോടതിക്ക് മുന്നില്‍ ആണയിട്ടാലും സത്യം തുറന്നടിച്ച് പറയാന്‍ ചിലര്‍ക്കെങ്കിലും കഴിഞ്ഞെന്നുവരില്ല. അത് സ്വാഭാവികം. എന്തായാലും ക്രിമിനല്‍ ജുഡീഷ്യല്‍ സംവിധാനത്തിന് ശക്തിയും വ്യക്തതയും കൈവരുന്ന ഈ മാറ്റം തികച്ചും സ്വാഗതാര്‍ഹംതന്നെ. സംശയമില്ല.

ഇതുപോലെ രാജ്യത്ത് വിധി കാത്ത്, വിചാരണ കാത്ത് കഴിയുന്ന പതിനായിരക്കണക്കിന് കേസുകള്‍ക്ക് പരിഹാരം കാണാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതിക്ക് രൂപംകൊടുക്കുകയാവണം സര്‍ക്കാരിന്റെയും കോടതികളുടേയും ലക്ഷ്യം. ''വൈകി ലഭിക്കുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെന്ന്'' പുരപ്പുറത്ത് കയറിനിന്ന് പ്രസംഗിച്ചതുകൊണ്ടൊന്നും പ്രയോജനമില്ല. അതിനുള്ള മാര്‍ഗ്ഗരേഖകള്‍ സുപ്രീംകോടതിയില്‍നിന്നും സര്‍ക്കാരില്‍നിന്നും ഹൈക്കോടതികളില്‍നിന്നും ഉടനെ പ്രതീക്ഷിക്കുന്നു.

സി.പി. ഭാസ്‌കരന്‍, നിര്‍മലഗിരി, കണ്ണൂര്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് കേട്ടു. ഡീസല്‍ വിലയും ജീവനക്കാരുടെ വേതനവും വര്‍ധിച്ചതിനാല്‍ നിരക്കുകൂട്ടണമെന്നുള്ള ബസ്സുടമകളുടെ ആവശ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. എന്നാല്‍ ഇതുപോലുള്ള ആവശ്യം ഉന്നയിച്ച് സമരം നടത്തിയാണ് മിനിമം ചാര്‍ജ് ഏഴുരൂപവരെ എത്തിയത്. അപ്പോഴൊക്കെ ബസുടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാറേയില്ല. അതുകൊണ്ട് ഇക്കുറി ചാര്‍ജ് വര്‍ധിപ്പിക്കുമ്പോഴെങ്കിലും താഴെപ്പറയുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക.

ഒന്ന്: ബസ്സുകളില്‍ സീറ്റുകള്‍ തമ്മിലുള്ള അകലം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള 75 സെന്റീമീറ്റര്‍ നിര്‍ബന്ധമായും നടപ്പാക്കുക. രണ്ട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിഷ്പ്രയാസം കയറാനും ഇറങ്ങാനും തക്കരീതിയില്‍ ഫുട്‌ബോര്‍ഡിന്റെ ഉയരം ഒന്‍പത് ഇഞ്ചായി കുറയ്ക്കുക. മൂന്ന്: ബസ്സുകളില്‍ പിടിച്ചുകയറാനും ഇറങ്ങാനും പാകത്തില്‍ വാതിലുകളുടെ രണ്ടുവശത്തും ബാറുകള്‍ സ്ഥാപിക്കുക. നാല്: വാതിലുകളുടെ തുറക്കലും അടയ്ക്കലും ഡ്രൈവറുടെ നിയന്ത്രണത്തിലാക്കുക. അഞ്ച്: ക്ലീനര്‍മാരുടെ ഫുട്‌ബോര്‍ഡിലെ ചരിഞ്ഞുനില്‍ക്കല്‍ അവസാനിപ്പിക്കുക. ആറ്: ബസ്സുകളിലെ ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ വേണ്ട സാധനങ്ങള്‍ ഉറപ്പാക്കുകയും ബസ്ജീവനക്കാര്‍ക്ക് പ്രഥമശുശ്രൂഷാപരിശീലനം നല്‍കുകയും ചെയ്യുക. ഏഴ്: ബസ്സുകള്‍ എത്തേണ്ട സ്ഥലനാമവും വഴിയും വാതിലിനടുത്ത് പ്രദര്‍ശിപ്പിക്കുക. എട്ട്: സ്‌കൂള്‍കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും ബാഗുകള്‍ വയ്ക്കാന്‍ രണ്ടുവശത്തും റാക്കുകള്‍ നിര്‍ബന്ധമാക്കുക.

 

കണ്ണോളി സുനില്‍, മാടായികോണം, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.